സ്ഥാപിക്കുന്നത് 4,000 ക്യാമറകള്‍, സുരക്ഷ പരിശോധനയ്ക്കായി ഫുള്‍ ബോഡി സ്‌കാനറുകള്‍, ബാഗേജ് നീക്കവും ഇനി അതിവേഗത്തില്‍; സിയാല്‍ 2.0 യാഥാര്‍ത്ഥ്യമാകുന്നു

200 കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പാക്കുന്ന സിയാല്‍ 2.0 പദ്ധതിയുടെ ഉദ്ഘാടനം മേയ് 19ന്
cial cyber security and 2.o logo
cial
Published on

സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്ക്കരണമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാവുന്നു. നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, പഴുതടച്ച സൈബര്‍ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാനുമാകും. 200 കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പാകുന്ന പദ്ധതി മേയ് 19 തിങ്കളാഴ്ച വൈകുന്നേരം 5 ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

'വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുക, യാത്രക്കാരിലേക്ക് കൂടുതല്‍ കൃത്യതയോടെ സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് സിയാല്‍ 2.0 യിലൂടെ ലക്ഷ്യമിടുന്നത്. സൈബര്‍ സ്‌പെയ്‌സിലെ പുതിയ വെല്ലുവിളികള്‍ നേരിടുക, യാത്ര സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന വിവര സാങ്കേതികവിദ്യ അനുബന്ധ പദ്ധതികളാണ് സിയാല്‍ 2.0 യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്‌ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

സിയാല്‍ 2.0 യുടെ ഭാഗമായി നാല് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ (സി-ഡോക്)

നിര്‍മാണം പൂര്‍ത്തീകരിച്ച സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സെര്‍വറുകളും സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും. സൈബര്‍ ഭീഷണികളെ നിരന്തരം നിരീക്ഷിക്കുകയും കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. ഇതോടെ വിദേശത്ത് നിന്ന് നിരന്തരമുണ്ടാകുന്ന വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ അക്രമങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിയും.

ഫുള്‍ ബോഡി സ്‌കാനറുകള്‍

യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലും സുരക്ഷാ ഭടന്‍മാരുടെ ഇടപെടല്‍ ഇല്ലാതെയും പൂര്‍ത്തിയാക്കാന്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിച്ചുവരുന്നു. കൂടാതെ സുരക്ഷാ പരിശോധന സമയത്ത് ക്യാബിന്‍ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റവും (ATRS) സ്ഥാപിക്കുന്നുണ്ട്.

എ. ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം

വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയിലേയും പരിസര പ്രദേശങ്ങളിലേയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 4,000 ക്യാമറകള്‍ സ്ഥാപിച്ചുവരുന്നു. തത്സമയ നിരീക്ഷണം, വിശകലനം, അതിവേഗ ഇടപെടല്‍ എന്നിവ ഇതിലൂടെ സാധ്യമാകുന്നു.

സ്മാര്‍ട്ട് സെക്യൂരിറ്റി

സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനുള്ള ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സിസ്റ്റം (BDDS) ആധുനികവത്കരിക്കുന്നു. ഒപ്പം ലിക്വിഡ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടര്‍, ത്രെറ്റ് കണ്ടെയ്ന്‍മെന്റ് വെസ്സല്‍ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

നിലവിലെ സംവിധാനങ്ങളുടെ ആധുനികവത്ക്കരണം

എയര്‍പോര്‍ട്ട് ഓപ്പറേഷണല്‍ ഡാറ്റാബേസ്, ഫ്‌ളൈറ്റ്ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം, ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റ് സിസ്റ്റം, കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിംഗ് സിസ്റ്റം, ഡാറ്റ സെന്റര്‍, നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവ ആധുനികവത്ക്കരിക്കുന്നു.

എ.ഐ അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ബാഗേജ് ട്രാക്കിങ്, ഫേഷ്യല്‍ ചെക്, പ്രീ പെയ്ഡ് ടാക്‌സി ബുക്കിങ് കിയോസ്‌ക്, ലോസ്റ്റ് ഐറ്റം ട്രാക്കര്‍, ഡിജി യാത്ര സംവിധാനം എന്നിവയും ആധുനികവത്കരിക്കുന്നുണ്ട്.

ഏറോ ഡിജിറ്റല്‍ സമ്മിറ്റ്

സിയാല്‍ 2.0 യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറോ ഡിജിറ്റല്‍ സമിറ്റ് ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പുതിയ ഐ. ടി ഇന്‍ഫ്രാ സ്ട്രക്ച്ചറുകളുടെ പ്രദര്‍ശനം, റോബോട്ടിക്‌സ് പ്രദര്‍ശനം, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ് എക്‌സ്പീരിയന്‍സ്, ഹാര്‍ട്ട് സ്റ്റെപ്പര്‍ ആക്ടിവിറ്റി, ഓട്ടോമേറ്റഡ് ഇന്‍ഡസ്ട്രിയല്‍ അസെംബ്ലി ലൈന്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ടാകും. ഫ്യൂച്ചര്‍ ഓഫ് ടെക്‌നോളജി & ഇന്നൊവേഷന്‍ ഇന്‍ എയര്‍പോര്‍ട്ട്‌സ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com