

വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാനം കൂടാന്‍ കാരണം. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും ലഭിച്ചു. 489.84 കോടി രൂപയാണ് ഇക്കുറി ലാഭം. 2023-24 കാലയളവില്‍ ലഭിച്ച 412.57 കോടി രൂപയുടെ ലാഭക്കണക്കാണ് തിരുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) 70,204 വിമാനങ്ങളാണ് ഇവിടെ എത്തിയത്. 8.36 ശതമാനം വര്‍ധന.
യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവില്‍ വര്‍ധനയുണ്ടായി. 1,11,95,965 യാത്രക്കാരാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 7.28 ശതമാനം വര്‍ധന. ആഭ്യന്തര സെക്ടറില്‍ 59.26 ലക്ഷം പേരും രാജ്യാന്തര സെക്ടറില്‍ 52.69 ലക്ഷം പേരും കൊച്ചിയിലെത്തിയെന്നും കണക്കുകള്‍ പറയുന്നു. അന്താരാഷ്ട്ര കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നിന്നും തായ്‌ലാന്‍ഡിലെ ഫുക്കറ്റിലേക്ക് എയര്‍ ഏഷ്യ വിമാന സര്‍വീസ് തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഓഹരി ഉടമകള്‍ക്ക് 50 ശതമാനം ലാഭവിഹിതവും ലഭിക്കും. 239.11 കോടി രൂപ ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം 27ന് ഓണ്‍ലൈനായി ചേരുന്ന വാര്‍ഷിക പൊതുയോഗത്തിലുണ്ടാകും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിച്ച 33,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് പാര്‍ക്ക് ഇക്കൊല്ലം ഡിസംബറില്‍ പൂര്‍ത്തിയാകും. 300 പേര്‍ക്കുള്ള കോ വര്‍ക്കിംഗ് സ്‌പേസ്, ഏവിയേഷന്‍ അക്കാഡമിക് കോഴ്‌സുകള്‍ നടത്താനുള്ള ക്ലാസ് റൂമുകള്‍, സെമിനാര്‍ ഹാള്‍, റെസ്‌റ്റോറന്റ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള പഠനങ്ങളും നടക്കുന്നുണ്ട്.
Cochin International Airport (CIAL) sets new records in FY 2024-25 with ₹1,142.17 crore revenue and ₹489.84 crore profit. Passenger traffic crosses 1.12 crore; shareholders to receive ₹239 crore dividend.
Read DhanamOnline in English
Subscribe to Dhanam Magazine