അവകാശ ഓഹരി: സിയാല്‍ സമാഹരിച്ചത് 478 കോടി രൂപ

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) അവകാശ ഓഹരി പദ്ധതിക്ക് മികച്ച പ്രതികരണം. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാല്‍ 478.21 കോടി രൂപ സമാഹരിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്.

ലഭിച്ചത് 564 കോടി രൂപ
ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികള്‍ അധികമായി നേടി. ഇതോടെ സര്‍ക്കാരിന്റെ മൊത്തം ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയര്‍ന്നു.
നിക്ഷേപകരില്‍ നിന്ന് മൊത്തം 564 കോടി രൂപ സിയാലിന് ലഭിച്ചു. ഇതില്‍ നിയമാനുസൃതമായി സമാഹരിക്കാന്‍ സാധിക്കുന്നത് 478.21 കോടി രൂപയായിരുന്നു. ബാക്കിയുള്ള 86 കോടി രൂപ ഓഹരിയുടമകള്‍ക്ക് തിരികെ നല്‍കി. ഡി മാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമേ അവകാശ ഓഹരികള്‍ക്ക് അര്‍ഹതയുള്ളൂ എന്നതിനാല്‍ 10.79 ശതമാനം ഓഹരികള്‍' അണ്‍ സബ്സ്‌ക്രൈബ്ഡ്' വിഭാഗത്തിലായി. നേരത്തേ തന്നെ പ്രഖ്യാപിച്ച വ്യവസ്ഥയനുസരിച്ച് ഇത്തരം ഓഹരികള്‍, നിലവിലുള്ള അര്‍ഹരായ ഓഹരിയുടമകള്‍ക്ക് (അവരുടെ കൈവശമുള്ള ഓഹരിയുടെ അനുപാതം അനുസരിച്ച്) വീണ്ടും വീതിച്ചു നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 23 കോടി രൂപ അധികമായി നല്‍കി (ഈ തുകയും ചേര്‍ത്താണ് നേരത്തേ സൂചിപ്പിച്ച 178.09 കോടി രൂപ).
മൊത്തം 38 കോടി ഓഹരികള്‍
ഇരുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നായി 22,000ല്‍ അധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യം 10 രൂപ. പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനി നിയമം 62(1) സെക്ഷന്‍ പ്രകാരം അവകാശ ഓഹരി നല്‍കാം. നാല് ഓഹരിയുള്ളവര്‍ക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് ഇത്തവണ അവകാശ ഓഹരി പദ്ധതി നടപ്പിലാക്കിയത്. 50 രൂപയായിരുന്നു അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്.
കമ്പനി നിയമപ്രകാരം എല്ലാ ഓഹരികളും ഡിമെറ്റീരിയലൈസ് ചെയ്യണമെന്നുള്ള അറിയിപ്പ് 2019 മുതല്‍ തന്നെ നിക്ഷേപകരെ സിയാല്‍ അറിയിച്ചുവന്നിരുന്നു. അവകാശ ഓഹരി ലഭ്യമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള സിയാലിന്റെ എല്ലാ നിക്ഷേപകരുടേയും ഓഹരികളുടെ എണ്ണവും ശതമാനവും ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്.
ബൃഹത് പദ്ധതികള്‍
കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സിയാല്‍ മൂന്ന് വന്‍കിട പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍, അരിപ്പാറ വൈദ്യുത പദ്ധതികളും ബിസിനസ് ജെറ്റ് ടെര്‍മിനലുമാണ് ഇവ. ഉടന്‍ നടപ്പിലാക്കുന്ന മറ്റ് പദ്ധതികള്‍ക്കായി അവകാശ ഓഹരി ഫണ്ട് വിനിയോഗിക്കുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
'തുടര്‍വര്‍ഷങ്ങളില്‍ അഞ്ച് ബൃഹദ് പദ്ധതികളാണ് സിയാലിന് മുന്നിലുള്ളത്. രാജ്യാന്തര ടെര്‍മിനല്‍ ടി-3 യുടെ വികസനമാണ് അതില്‍ പ്രധാനം. എക്സപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സിറ്റ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. ഈ പദ്ധതികള്‍ക്കായുള്ള വ്യക്തമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.' സുഹാസ് പറഞ്ഞു.

Related Articles

Next Story

Videos

Share it