കാലാവസ്ഥാ വ്യതിയാനവും വളം വിലവർദ്ധനവും തിരിച്ചടിയായി; ഏലം ഉൽപ്പാദനത്തിൽ ഇടിവ്, കർഷകർ പ്രതിസന്ധിയില്‍

അമിതമായ ചൂടും അൾട്രാവയലറ്റ് (UV) രശ്മികളുടെ കാഠിന്യവും ചെടികളെ വല്ലാതെ ക്ഷീണിപ്പിച്ചു, ഇടവിട്ട് വേനല്‍മഴ ലഭിച്ചിട്ടും പകല്‍ച്ചൂടിന് ശമനമില്ലാത്തതിനാല്‍ ചെടികളില്‍ കായ പിടിച്ചില്ല
cardamom farmimg
Image courtesy: Canva
Published on

കേരളത്തിന് മികച്ച വരുമാനം നല്‍കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലക്ക. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ചെറു ഏലക്കയുടെ (Small Cardamom) മാത്രം കയറ്റുമതി മൂല്യം 413 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 3,450 കോടിയിലധികം രൂപ). ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ചെറു ഏലക്കയുടെ 70 ശതമാനത്തിലധികം വിഹിതവും കേരളത്തിലെ (പ്രത്യേകിച്ച് ഇടുക്കി ജില്ല) തോട്ടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ഇടുക്കിയിലെ ഏലക്കാ കൃഷി ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

വിപണിയില്‍ ഏലക്കയ്ക്ക് മികച്ച വില ലഭ്യമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധനവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ലോകത്തിലെ പ്രധാന ഏലക്ക ഉൽപ്പാദക രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ കടുത്ത വിളനാശം ഇന്ത്യൻ ഏലക്കയ്ക്ക് വലിയ വിപണി സാധ്യതയും ഉയർന്ന വിലയും നല്‍കുന്നുണ്ടെങ്കിലും, അവ വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍.

പ്രതിസന്ധികള്‍

ഇത്തവണത്തെ ഏപ്രില്‍-മെയ് മാസത്തിലെ കടുത്ത ഉഷ്ണതരംഗമാണ് ഏലക്കാ ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചത്. ഏപ്രിൽ മാസത്തിൽ പലയിടങ്ങളിലും താപനില 37 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നു. അമിതമായ ചൂടും അൾട്രാവയലറ്റ് (UV) രശ്മികളുടെ കാഠിന്യവും ചെടികളെ വല്ലാതെ ക്ഷീണിപ്പിച്ചു. ഇടവിട്ട് വേനല്‍മഴ ലഭിച്ചിട്ടും പകല്‍ച്ചൂടിന് ശമനമില്ലാത്തതിനാല്‍ ചെടികളില്‍ കായ പിടിക്കാത്ത അവസ്ഥയിലായിരുന്നുവെന്ന് ഇടുക്കി നെടുംങ്കണ്ടത്തെ ഏലം കര്‍ഷകനായ ജോജി തോമസ് പറയുന്നു. ഉണ്ടാകുന്ന പൂവുകള്‍ കരിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. ഇതിനാല്‍ അടുത്ത സീസണിലെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവുണ്ടാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. സാധാരണയായി നടക്കേണ്ട വിളവെടുപ്പ് വൈകാനും ഇത് കാരണമാകും.

അടുത്ത സീസണ്‍ ജൂലൈ പകുതിയോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലോ മാത്രമേ ആരംഭിക്കാന്‍ സാധ്യതയുള്ളൂ.

വളം-കീടനാശിനി വിലക്കയറ്റം

കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി വളത്തിന്റെയും കീടനാശിനിയുടെയും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. യു.എസ്-ഇസ്രയേല്‍ യുദ്ധം മൂലം വളങ്ങളുടെ ഇറക്കുമതി തടസപ്പെട്ടതും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം. മഗ്നീഷ്യം പോലുള്ള വളങ്ങള്‍ക്ക് ചാക്കിന് 700 രൂപയില്‍ നിന്ന് 1200 രൂപ വരെയായി വില ഉയര്‍ന്നു. വിവിധ വളങ്ങള്‍ക്ക് ചാക്കിന് 200 മുതല്‍ 700 രൂപ വരെ വര്‍ദ്ധനവുണ്ടായതോടെ കൃഷി ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. ഇതിനു പുറമെ, വോട്ട് ചെയ്യാന്‍ പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ പൂര്‍ണമായി തിരിച്ചെത്താത്തതിനാല്‍ കടുത്ത തൊഴിലാളി ക്ഷാമവും ഈ മേഖല നേരിടുന്നതായി 20 വര്‍ഷത്തിലേറെയായി ഏലം കൃഷി ചെയ്യുന്ന ഉപ്പൂട്ടില്‍ തങ്കച്ചന്‍ പറയുന്നു.

വിപണി നിലവാരം

നിലവില്‍ ഏലക്കയ്ക്ക് കിലോയ്ക്ക് 2500 മുതല്‍ 2600 രൂപ വരെ മികച്ച വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പ്പാദനം ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഈ വിലയുടെ പ്രയോജനം ലഭിക്കുന്നില്ല. ചെറുകിട കര്‍ഷകരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്ക് ഇതിനകം തന്നെ വിറ്റുതീര്‍ന്നു. പുതിയ സ്റ്റോക്ക് വരാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. കാലാവസ്ഥാ വ്യതിയാനവും ഉയര്‍ന്ന ഉല്‍പ്പാദന ചെലവും മൂലം ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ജൂൺ വരെ വിളവെടുപ്പ് വളരെ കുറവായിരിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ ലഭിക്കുന്നതോടെ ചെടികള്‍ക്ക് മികച്ച രീതിയില്‍ വളരാനാകുമെന്നാണ് പ്രതീക്ഷ. ഇത് ഏലക്ക ഉല്‍പ്പാദനത്തിലും പ്രതിഫലിക്കും.

കേരളത്തിലെ മൊത്തം ഏലം ഉൽപാദനത്തിന്റെ 93 ശതമാനത്തോളം ഇടുക്കി ജില്ലയിൽ നിന്നാണ് ലഭിക്കുന്നത്. കുമളി (തേക്കടി), ഉടുമ്പൻചോല, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കൃഷിസ്ഥലങ്ങൾ ഉളളത്. പശ്ചിമഘട്ട മലനിരകളിലെ തണുപ്പും ചൂടും ഇടകലർന്ന കാലാവസ്ഥയും (18 മുതൽ 23 ഡിഗ്രി വരെ), നല്ല മഴയും, ജൈവാംശമുള്ള മണ്ണുമാണ് ഈ പ്രദേശങ്ങളെ ഏലം കൃഷിക്ക് ഏറ്റവും അനുയോജ്യമാക്കുന്നത്. ഇടുക്കി കൂടാതെ വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലും ഏലം കൃഷി ചെയ്യുന്നുണ്ട്.

Climate change, rising input costs, and labour shortages are reducing cardamom production in Kerala, despite strong market prices and export demand.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com