സൈബര്‍ സുരക്ഷക്ക് പുതിയ മാനം നല്‍കിയ ക്ലൗഡ്‌സെകിന് ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം; സിഇഒ രാഹുല്‍ ശശി അംഗീകാരം ഏറ്റുവാങ്ങി

കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭകനാകാനെടുത്ത തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ശശിയുടെ വിജയഗാഥ
ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം ക്ലൗഡ്‌സെക് സിഇഒ രാഹുല്‍ ശശിക്ക്  ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ്  ഗുനീത് മോംഗ കപൂര്‍ സമ്മാനിക്കുന്നു.
ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം ക്ലൗഡ്‌സെക് സിഇഒ രാഹുല്‍ ശശിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ഗുനീത് മോംഗ കപൂര്‍ സമ്മാനിക്കുന്നു.
Published on

സൈബര്‍ സുരക്ഷയുടെ വര്‍ധിക്കുന്ന ആവശ്യകത തിരിച്ചറിഞ്ഞ് ടെക്‌നോളജി സേവന രംഗത്ത് മുന്നേറ്റം നടത്തുന്ന ക്ലൗഡ്‌സെക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിന് ധനം സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം സമ്മാനിച്ചു. കൊച്ചിയില്‍ ധനം ബിസിനസ് സമിറ്റില്‍ ക്ലൗഡ്‌സെക് സി.ഇ.ഒയും സഹസ്ഥാപകനുമായ രാഹുല്‍ ശശി പുരസ്‌കാരം ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും ചടങ്ങിലെ മുഖ്യാതിഥിയുമായ ഗുനീത് മോംഗ കപൂറില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ധനം ബിസിനസ് മീഡിയ ചെയര്‍മാന്‍ കുര്യന്‍ എബ്രഹാം, ഡോ.മുരളി തുമ്മാരുകുടി, ഇക്വിറ്റി ഇന്റലിജന്‍സ് സിഇഒ പൊറിഞ്ചു വെളിയത്ത്, കേരള വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, ധനം ബിസിനസ് മീഡിയ ഡി.ജി.എം മനോജ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പാളിപ്പോകാത്ത തീരുമാനം

കോളേജ് പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ്പ് സംരംഭകനാകാനെടുത്ത തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് രാഹുല്‍ ശശിയുടെ വിജയഗാഥ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകള്‍ ഉപയോഗിച്ച് സൈബര്‍ സുരക്ഷ മേഖലയെ മാറ്റിവരക്കുകയാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ കൂടിയായ രാഹുല്‍ ശശി ചെയ്യുന്നത്. സൈബര്‍ ഭീഷണി വരുന്നതിന് ഏറെ മുമ്പേ അത് പ്രവചിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ്സെക് വികസിപ്പിക്കുന്നത്. പുറമേ നിന്നുള്ള സൈബര്‍ ഭീഷണികളെ തടയാന്‍ പ്രാപ്തമായ സമഗ്ര സംവിധാനങ്ങള്‍ ഇല്ലെന്ന് കണ്ടതോടെയാണ് രാഹുല്‍ 2015ല്‍ ക്ലൗഡ്സെക് ആരംഭിക്കുന്നത്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സംഭവം ഉടലെടുക്കും മുമ്പേ അത് തിരിച്ചറിഞ്ഞ്, മനുഷ്യര്‍ ബുദ്ധിപൂര്‍വ്വം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിന് സമാനമായ വിധത്തില്‍, പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് മെഷീനാണ് രാഹുല്‍ ശശി സൃഷ്ടിച്ചത്.

പഠന കാലത്ത് പരീക്ഷണം

2006ല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍മാരുടെ ഓണ്‍ലൈന്‍ കമ്യൂണിറ്റിയായ Garage4Hackers നൊപ്പം ചേര്‍ന്നാണ് രാഹുല്‍ തന്റെ സൈബര്‍ സെക്യൂരിറ്റി യാത്ര തുടങ്ങുന്നത്. കോളേജ് കാലം മുഴുവന്‍ ഈ ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ ഗവേഷണത്തിനും പ്രോഗ്രാമിനും സമയം ചെലവിട്ടു. പിന്നീട് പഠനം പാതിവഴിയില്‍ നിര്‍ത്തി iSIGHT പാര്‍ട്ണേഴ്സില്‍ സൈബര്‍ സെക്യൂരിറ്റി ടീമില്‍ ചേര്‍ന്നു. ഈ കമ്പനിയെ പിന്നീട് ഗൂഗിള്‍ ഏറ്റെടുത്തു. പിന്നീട് Citrix ലേക്ക് ചുവടുമാറി. ആ കമ്പനി നിയമിച്ച എന്‍ജിനീയറിംഗ് ബിരുദമില്ലാത്ത ആദ്യ ടീമംഗമായിരുന്നു രാഹുല്‍ ശശി. 2025ല്‍ ക്ലൗഡ്സെക്കുമായി രാഹുല്‍ ശശി തന്റെ യാത്ര ആരംഭിച്ചു.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറുകളുടെ പ്രചാരകന്‍ കൂടിയായ രാഹുല്‍ ശശി ഈ വിഷയം സംബന്ധിച്ച് ലോകത്തെ 22ഓളം രാജ്യങ്ങളിലെ വേദികളില്‍ പ്രഭാഷണങ്ങളും നിര്‍വഹിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വര്‍ക്കിംഗ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം കൂടിയാണ് രാഹുല്‍ ശശി. സിംഗപ്പൂര്‍ ആസ്ഥാനമായാണ് ക്ലൗഡ്സെക്കിന്റെ പ്രവര്‍ത്തനം. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സീരിസ് അ2, സീരിസ് ആ1 റൗണ്ടുകളിലായി 19 മില്യണ്‍ ഡോളര്‍ ക്ലൗഡ്സെക് സമാഹരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com