ഇവിടെ ഒരു ജോലികിട്ടിയെങ്കിലെന്ന് ആരും ആഗ്രഹിക്കും, ഇന്ത്യയില്‍ തന്നെ കാണില്ല ഇത്തരമൊരു ഓഫീസ് സ്‌പേസ്! 30,000 ഭാഗ്യവാന്‍മാരെ വരവേല്‍ക്കാന്‍ ലുലുവിന്റെ 1,500 കോടിയുടെ ഐ.ടി സമുച്ചയം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ലുലു ഐ.ടി ട്വിന്‍ ടവറില്‍ 2,000 പേര്‍ക്ക് തൊഴില്‍ അവസരമൊരുക്കി നാല് കമ്പനികള്‍ ഇതിനകം തന്നെ സ്‌പേസ് ഏറ്റെടുത്തിട്ടുണ്ട്
Chief minister inagurating lulu IT twin tower
കൊച്ചി സ്മാർട് സിറ്റിയിൽ ആരംഭിച്ച ലുലു ട്വിൻ ടവറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ പി.രാജീവ് , ജി.ആർ അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‌ അഷറഫ് അലി എം.എ, ഉമ തോമസ് എം.എൽ.എ , ഹൈബി ഈഡൻ എം.പി എന്നിവർ സമീപം.
Published on

കേരളത്തിന്റെ ഐ.ടി ഭൂപടത്തില്‍ പുതിയ ലാന്‍ഡ് മാര്‍ക്ക് സൃഷ്ടിച്ച് ലുലുവിന്റെ ട്വിന്‍ ഐ.ടി ടവറുകള്‍ മിഴിതുറന്നു. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു ഐ.ടി ട്വിന്‍ ടവറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ പി.രാജീവ്, പി.ആര്‍.അനില്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍, ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എം.എല്‍.എ, തൃക്കാക്കര ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, കൗണ്‍സിലര്‍ അബ്ദു ഷാന തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ലോകോത്തര മികവോടെ

30,000 പോര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐ.ടി ടവര്‍ സംസ്ഥാനത്തിന് തന്നെ അഭിമാനകരമായ ഒന്നാണെന്നും എ.എ യൂസഫലി പ്രത്യേക അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ വ്യവസായങ്ങളെയും സംരംഭങ്ങളെയും സ്വീകരിക്കുന്ന സംസ്ഥാനത്തിനും സര്‍ക്കാരിനും ഇത്തരമൊരു സംരംഭം ഇവിടെ വന്നതില്‍ അതിയായ സന്തോഷമാണ്. വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങളാണ് മറ്റ് പല സംരംഭങ്ങളില്‍ നിന്നും യൂസഫലിയെ വ്യത്യസ്തനാക്കുന്നത്. ചില്ലറ വില്‍പ്പനകേന്ദ്രങ്ങളുടെ ആഗോള വ്യവസായ ശൃഖലയാണ് ലുലു ഗ്രൂപ്പ് കെട്ടിപ്പടുത്തിരിക്കുന്നത്. അര ലക്ഷത്തോളം ആളുകള്‍ ലുലുഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. കേരളയീരായ തൊഴില്‍ അന്വേഷകര്‍ക്ക് വലിയ പിന്തുണയാണ് ലുലുവില്‍ നിന്നു അനുബന്ധസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍ക്ക് ഫേസ് ടുവില്‍ 500 കോടിയുടെ നിക്ഷേപത്തിന് എം.എ യൂസഫലി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നര ഏക്കര്‍ സ്ഥലത്ത് അമ്പതര ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ പണിയുന്ന ഐ.ടി ടവറില്‍ 7,000ത്തോളം പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരമൊരുങ്ങും. സര്‍ക്കാര്‍ ഇതിനായി ഭൂമി ഏറ്റെടുത്തുന്നു നല്‍കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഉറപ്പാക്കും. നാട്ടില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉയരുന്നതിന് ഇതെല്ലാം വഴിവയ്ക്കട്ടെയെന്നും മുഖ്യമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു.

Also Read: ₹500 കോടിയുടെ പുതിയ നിക്ഷേപവുമായി യൂസഫലി

കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ മൂന്നാമത്തെ ഐ.ടി പ്രോജക്ടാണിതെന്നും യുവജനങ്ങള്‍ക്ക് ഇവിടെ തന്നെ തൊഴിലവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് കൂടുതല്‍ പ്രോജക്ടുകള്‍ ഇവിടെ നടപ്പാക്കുന്നതെന്നും എം.എ യൂസഫലി പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് മികച്ച അവസരങ്ങളുണ്ട്. പലപ്പോഴും ആവശ്യമില്ലാത്ത കേസുകളുമായി ചില ആളുകള്‍ വരുന്നത് മാത്രമാണ് പ്രശ്‌നമാകുന്നത്. തിരുവനന്തപുരം ഷോപ്പിംഗ് മാള്‍ തുറക്കാന്‍ തയാറെടുക്കുമ്പോള്‍ സുപ്രീം കോടതയില്‍ വരെ പോകേണ്ടി വന്നു. നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയസമൂഹം സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2,000 തൊഴിലവസരങ്ങളുമായി നാല് കമ്പനികള്‍

ലുലു ഐ.ടി ട്വിന്‍ ടവറില്‍ ഇഎക്‌സ്എല്‍, ഒപിഐ, ഡൈനാമെറ്റ്, സെല്ലീസ് എന്നീ കമ്പനികളാണ് നിലവില്‍ ഓഫീസ് സ്‌പേസ് ലഭ്യമാക്കിയിട്ടുള്ളത്. രണ്ടര ലക്ഷത്തോളം ചതുരശ്ര അടിയിലാണ് ഈ നാല് കമ്പനികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇതുവഴി അടുത്ത രണ്ട് മാസത്തിനുള്ളില്‍ 2,500 ഓളം പേര്‍ക്ക് ജോലി ലഭിക്കും. ഇതിലൊരു കമ്പനി സോഫ്റ്റ് ലോഞ്ച് ചെയ്തിരുന്നു. 1,000ത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം തൊഴിലവസരങ്ങളുടെ 80-90 ശതമാനം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു ഐ.ടി പാര്‍ക്‌സ്.

ലുലു ട്വിന്‍ ടവറിന്റെ സവിശേഷതകള്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിന്‍ ടവറുകള്‍. 12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ലുലു ട്വിന്‍ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിന്‍ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്‌പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് - റോബോട്ടിക് പാര്‍ക്കിങ് സൗകര്യം, ഓണ്‍സൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്. 3200 കാറുകള്‍ക്കുള്ള റോബോര്‍ട്ടിക് പാര്‍ക്കിങ്ങ്, 1300 കണ്‍വെന്‍ഷണല്‍ പാര്‍ക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.

ഗ്രീന്‍ ബില്‍ഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സര്‍ട്ടിഫൈഡ് ബില്‍ഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിന്‍ ടവറുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വര്‍ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 2500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഫുഡ് കോര്‍ട്ട്, 600 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങള്‍ കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ജിംനേഷ്യം, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, ക്രെഷ്, ഓപ്പണ്‍ സീറ്റിങ്ങ് സ്‌പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com