കൊച്ചിയില്‍ വമ്പന്‍ ക്യാമ്പസുമായി ഐ.ബി.എസ്; 3,000 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാം

പ്രമുഖ ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍ സംസ്ഥാനത്തെ രണ്ടാമത്തെ ക്യാംപസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ 4.2 ഏക്കറില്‍ 3.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 14 നിലകളാണുള്ളത്. 3,000 പ്രൊഫഷണലുകള്‍ക്ക് ഒരേ സമയം ഇവിടെ ജോലിയെടുക്കാനാകും. 2005 മുതല്‍ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ബി.എസ് ഇതുവരെ ലീസിനെടുത്ത ഓഫീസുകളിലാണ് പ്രവര്‍ത്തിച്ചു വന്നത്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ സ്വന്തമായി ഓഫീസ് കെട്ടിടമുണ്ട്.

ഹൈബ്രിഡ് മോഡലിലുള്ള വര്‍ക്കിംഗ് കള്‍ച്ചറിലേക്കാണ് ഐ.ടി രംഗം മാറുന്നതെന്നും പുതിയ ക്യാമ്പസിന്റെ വരവോടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാകുമെന്നും ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നതാണ് പുതിയ സൗകര്യങ്ങള്‍. കൊവിഡ് കാലത്തിനു ശേഷം വ്യവസായങ്ങളുടെ വിജയത്തിന് മുമ്പെങ്ങുമില്ലാത്ത വിധം സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമായിരിക്കുകയാണെന്നും ട്രാവല്‍ വ്യവസായത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണത്തില്‍ കൂടുതല്‍ നിക്ഷേപം

ആയിരക്കണക്കിന് ട്രാവല്‍ സേവനദാതാക്കളും കോടിക്കണക്കിന് ഉപയോക്താക്കളുമുള്ള സാഹചര്യത്തില്‍ ഡിമാന്‍ഡ് ഏറെ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐ.ബി.എസിനെ സംബന്ധിച്ച് മികച്ചതായിരുന്നു. ഇനി മുന്നോട്ടും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപം കൂട്ടാനും മികച്ച പ്രൊഫഷണലുകളെ നിയമിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനും ഐ.ബി.എസ് ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏവിയേഷന്‍, ഹോസ്പിറ്റാലിലിറ്റി, ക്രൂസ് മേഖല എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഐ.ബി.എസ് കരസ്ഥമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഐ.ബി.എസി
ന്റെ
വരുമാനം ഇരട്ടിയായി. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇത് വീണ്ടും ഇരട്ടിയായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ലോകത്താകമാനം ഐ.ടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോള്‍ ഒറ്റ ജീവനക്കാരനെ പോലും പിരിച്ചു വിടാതെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഐ.ബി.എസ്. 35 രാജ്യങ്ങളിലായി 32 വ്യത്യസ്ത പൗരത്വമുള്ള 5,000ലധികം പ്രൊഫഷണലുകള്‍ നിലവില്‍ ഐ.ബി.എസില്‍ ജോലി ചെയ്യുന്നു. മൊത്തം ജീവനക്കാരിൽ 35 ശതമാനവും സ്ത്രീകളാണ്.
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധയൂന്നിയത്. കൊവിഡ് കാലത്ത് ഇന്‍ഡസ്ട്രിയില്‍ മൊത്തത്തില്‍ 70 ശതമാനത്തോളം ഇടിവുണ്ടായപ്പോള്‍ ഐ.ബി.എസിന്റെ വളര്‍ച്ചയില്‍ 16 ശതമാനം മാത്രമാണ് കുറവ് വന്നതെന്നും വി.കെ മാത്യൂസ് പറഞ്ഞു.
ഏറ്റെടുക്കലുകളുടെ വര്‍ഷം
ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതല്‍ മികച്ച ഇടപെടല്‍ നടത്തുന്നതിന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബൗ പ്രോപ്പര്‍ട്ടി സര്‍വീസസ് എന്ന കമ്പനിയെ ഈ വര്‍ഷമാദ്യം ഐ.ബി.എസ് ഏറ്റെടുത്തിരുന്നു. 750 കോടി രൂപയുടേതായിരുന്നു ഈ ഏറ്റെടുക്കല്‍. സെന്‍ട്രല്‍ റിസര്‍വേഷന്‍ സിസ്റ്റം, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം, റവന്യു മാനേജ്‌മെന്റ് സിസ്റ്റം എന്നിവയിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ലോകത്തെ ഏറ്റവും വലുതും ആഡംബരപൂര്‍ണവുമായതുള്‍പ്പെടെ 36,000 ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതോടെ ഐ.ബി.എസിന്റെ സേവനമെത്തുന്നുണ്ട്. 26 വര്‍ഷത്തെ യാത്രയില്‍ ഐ.ബി.ഐന്റെ ഒമ്പാമത് വാണിജ്യ ഏറ്റെടുക്കലാണിത്
2023 നവംബറില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ് കമ്പനിയായ റോയല്‍ കരീബിയനുമായി ഐ.ബി.എസ് കരാറിലേര്‍പ്പെട്ടിരുന്നു. ആഗോള ക്രൂസ് വ്യവസായത്തില്‍ 40 ശതമാനം ഐ.ടി സേവന പങ്കാളിത്തം ഐ.ബി.എസിനുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആക്‌സഞ്ചറിന്റെ ഫ്രൈറ്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് സോഫ്റ്റ്‌വെയര്‍ ബിസിനസ് ഐ.ബി.എസ് ഏറ്റെടുത്തിരുന്നു, ഇതോടെ ചെന്നൈയില്‍ ഐ.ബി.എസിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം ആരംഭിച്ചു.
നിലവില്‍ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ഐ.ബി.എസിന് ഓഫീസുണ്ട്. വിദേശത്ത് അമേരിക്ക, കാനഡ, ബ്രസീല്‍, യു.കെ, ജര്‍മ്മനി, യു.എ.ഇ, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഓഫീസുകളുള്ളത്. 2023 മേയില്‍ യു.കെയിലെ അപക്‌സ് പാർട്ണേഴ്സ് 3,800 കോടി രൂപയുടെ ഐ.ബി.എസ് ഓഹരി കരസ്ഥമാക്കിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it