'മാസപ്പടി' വിവാദത്തില്‍പെട്ട സി.എം.ആര്‍.എല്ലിന്റെ സെപ്റ്റംബര്‍ പാദ ലാഭത്തില്‍ വന്‍ ഇടിവ്

എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ- സെപ്റ്റംബറില്‍ 3.16 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 18.18 കോടി രൂപയേക്കാള്‍ 82.6 ശതമാനം കുറവാണിത്. അതേ സമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 2.26 കോടി രൂപയായിരുന്നു ലാഭം.

അവലോകന പാദത്തിൽ മൊത്ത വരുമാനം 117.99 കോടി രൂപയില്‍ നിന്ന് 57 ശതമാനം കുറഞ്ഞ്‌
50.99 കോടി രൂപ
യുമായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ച കമ്പനി ഇത് തുടര്‍ച്ചയായ രണ്ടാം പാദമാണ് നിരാശപ്പെടുത്തുന്നത്.

ഓഹരി ഇടിവിൽ

ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കവേയാണ് കമ്പനി പ്രവര്‍ത്തന ഫലം പുറത്തു വിട്ടത്. വ്യാപാരാന്ത്യത്തില്‍ 5.74 ശതമാനം ഇടിഞ്ഞ് 251.40 രൂപയിലാണ് ഓഹരി വിലയുളളത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ കമ്പനി എക്‌സലോജിക്കിനും 'മാസപ്പടി' നല്‍കിയെന്ന വിവാദത്തിലകപ്പെട്ട സി.എം.ആര്‍.എല്‍ ഓഹരി ഈ വര്‍ഷം ഇതു വരെ 10.21 ശതമാനം നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 5.54 ശതമാനം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്.
1989ല്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയും മാത്യു എം ചെറിയാനും ചേര്‍ന്നാണ് 'കരിമണല്‍' കമ്പനി എന്ന് അറിയപ്പെടുന്ന സി.എം.ആര്‍.എല്ലിന് തുടക്കമിട്ടത്. സിന്തറ്റിക് റൂട്ടൈല്‍, ഫെറിക് ക്ലോറേഡ്, ടൈറ്റാനിയം ഡൈ-ഓക്‌സൈഡ് എന്നിവയാണ് കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.

Related Articles

Next Story

Videos

Share it