കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ₹920 കോടി മുടക്കും, ഗുജറാത്തിലെ വഡിനാറില്‍ കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം, പദ്ധതിക്ക് കേന്ദ്രാനുമതി, ഓഹരിക്ക് മുന്നേറ്റം

ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്
കൊച്ചിന്‍ ഷിപ്‌യാര്‍ഡ്
₹920 കോടി മുടക്കും, ഗുജറാത്തിലെ വഡിനാറില്‍ 
കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം, 
പദ്ധതിക്ക് കേന്ദ്രാനുമതി, ഓഹരിക്ക് മുന്നേറ്റം
Published on

കപ്പല്‍ നിര്‍മ്മാണ-അറ്റകുറ്റപ്പണി രംഗത്തെ ഇന്ത്യയുടെ അഭിമാനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലിമിറ്റഡ് ഗുജറാത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഗുജറാത്തിലെ വഡിനാറില്‍ അത്യാധുനിക കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കി. ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റിയുമായി (DPA) ചേര്‍ന്നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നിക്ഷേപം 1,570 കോടി രൂപ

വാഡിനാറിലെ ഈ പദ്ധതിക്കായി ആകെ 1,570 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ജെട്ടികള്‍ ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണത്തിനായി ദീന്‍ദയാല്‍ പോര്‍ട്ട് അതോറിറ്റി 650 കോടി രൂപ ചെലവിടും. കപ്പല്‍ അറ്റകുറ്റപ്പണിക്കാവശ്യമായ രണ്ട് വലിയ ഫ്‌ളോട്ടിംഗ്‌ ഡോക്കുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഏകദേശം 920 കോടി രൂപ നിക്ഷേപിക്കും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനായിരിക്കും.

36 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

അടുത്ത 36 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 650 മീറ്റര്‍ നീളമുള്ള ജെട്ടി, വര്‍ക്ക്ഷോപ്പുകള്‍, മറ്റ് സമുദ്ര ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ എന്നിവ ഈ കേന്ദ്രത്തിന്റെ ഭാഗമായിരിക്കും. ആഭ്യന്തര സ്രോതസുകളില്‍ നിന്നും കടപ്പത്രങ്ങളിലൂടെയും ആവശ്യമായ തുക കണ്ടെത്താനാണ് ഷിപ്പ്‌യാര്‍ഡ്‌ ഉദ്ദേശിക്കുന്നത്.

ലക്ഷ്യം ആഗോള കപ്പല്‍ വിപണി

നിലവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 250 മീറ്റര്‍ വരെ നീളമുള്ള വിവിധ തരം കപ്പലുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. വാഡിനാറിലെ പുതിയ കേന്ദ്രം വരുന്നതോടെ 300 മീറ്റര്‍ വരെ നീളമുള്ള കൂറ്റന്‍ കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കും.

ഇന്ത്യയില്‍ നിലവില്‍ വലിയ കപ്പലുകള്‍ (230 മീറ്ററില്‍ കൂടുതല്‍ നീളമുള്ളവ) അറ്റകുറ്റപ്പണി ചെയ്യാനുള്ള സൗകര്യം പരിമിതമാണ്. പുതിയ സംവിധാനം വരുന്നതോടെ വിദേശ ഷിപ്പ്‌യാര്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യ ചോര്‍ച്ച തടയാനും സാധിക്കും.

ഈ പദ്ധതിയിലൂടെ ഏകദേശം 290 നേരിട്ടുള്ള തൊഴിലവസരങ്ങളും 1,100 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്ദ്ര, കണ്ട്ല എന്നീ പ്രധാന തുറമുഖങ്ങളുമായുള്ള അടുപ്പവും ആഗോള ഷിപ്പിംഗ് റൂട്ടുകളുമായുള്ള കണക്റ്റിവിറ്റിയും വാഡിനാറിലെ ഈ പദ്ധതിക്ക് വലിയ വാണിജ്യ സാധ്യതകളാണ് നല്‍കുന്നത്. 'മാരിടൈം ഇന്ത്യ വിഷന്‍ 2030', 'മാരിടൈം അമൃത് കാല്‍ വിഷന്‍ 2047' എന്നിവയുടെ ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഓഹരിക്ക് മുന്നേറ്റം

പുതിയ നിക്ഷേപവാര്‍ത്തകള്‍ക്ക് പിന്നാലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന്റെ ഓഹരി വിലയില്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 1,765 രൂപയിലെത്തി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയിലുണ്ടായ ആകെ വര്‍ധ് 31.40 ശതമാനമായി. കഴി ഞ്ഞ ഒരു വര്‍ഷക്കാലത്ത് 17 ശതമാനവും ഈ വര്‍ഷം ഇതുവരെ 7 ശതമാനവും നേട്ടമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്.

Cochin Shipyard is expanding to Gujarat with a ₹1,570 crore mega ship repair facility at Vadinar, aimed at strengthening India’s global maritime capabilities.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com