കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹22,000 കോടിയുടെ ഓര്‍ഡറുകള്‍; കരുത്തായി വന്‍ പദ്ധതികളും വരുന്നൂ

കൊച്ചി നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ (Cochin Shipyard) കൈവശമുള്ളത് 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍.

ആഭ്യന്തരതലത്തിലേക്കും യൂറോപ്പിലേക്കുമുള്ള വാണിജ്യ ഓര്‍ഡറുകള്‍ക്ക് പുറമേ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഓര്‍ഡറുകളും ഇതിലുള്‍പ്പെടുന്നുവെന്ന് നടപ്പുവര്‍ഷത്തെ (2023-24) ജൂലൈ-സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധമായി കൊച്ചി കപ്പല്‍ശാല പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.
പുറമേ 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുമുണ്ട്. മറ്റൊരു 84,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി സ്വന്തമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉടന്‍ പ്രതീക്ഷിക്കുന്ന 13,000 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 10,000 കോടി രൂപയുടേതും യൂറോപ്പിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളാണെന്നതാണ് ഏറെ ശ്രദ്ധേയം.
മിസൈല്‍ യാനങ്ങളും പാസഞ്ചര്‍ വെസലുകളും
നിലവിലെ 22,000 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 16,685 കോടി രൂപയുടേത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ളതാണ്. ഇതില്‍ 9,803 കോടി രൂപയുടേത് നേവിക്കായി നിര്‍മ്മിക്കുന്ന വരുംതലമുറ മിസൈല്‍ വെസലുകള്‍ക്കുള്ളതുമാണ് (NGMV). തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ 1,300 കോടി രൂപയുടെ തുടര്‍പ്രവൃത്തികളും (Post Commission works) നേവിക്കായി ആന്റി-സബ്മറീന്‍ വാര്‍ഫെയര്‍ കപ്പല്‍ നിര്‍മ്മാണവും ഓര്‍ഡര്‍ ബുക്കിലുണ്ട്. ഇതില്‍ ആന്റി-സബ്മറീന്‍ വാര്‍ഫെയര്‍ കപ്പല്‍ നിര്‍മ്മാണ ഓര്‍ഡര്‍ 5,542 കോടി രൂപയുടേതാണ്.
കെ.എം.ആര്‍.എല്ലിന് (KMRL) വേണ്ടിയാണ് ഹൈബ്രിഡ് ഇലക്ട്രിക് കറ്റാമരന്‍ ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. 1,308 കോടി രൂപയുടേതാണ് ഓര്‍ഡര്‍.
ലോകത്തെ ആദ്യ സീറോ എമിഷന്‍ കണ്ടെയ്‌നര്‍ വെസല്‍ നിര്‍മ്മിക്കാനുള്‍പ്പെടെ യൂറോപ്പില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചു; 2,316 കോടി രൂപയുടേതാണ് ഈ കയറ്റുമതി ഓര്‍ഡറുകള്‍. പുറമേ ഉപസ്ഥാപനങ്ങളായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹൂഗ്ലി കൊച്ചി ഷിപ്പ്‌യാര്‍ഡ് എന്നിവയുടെ പക്കല്‍ 734 കോടി രൂപയുടെ ഓര്‍ഡറുകളുമുണ്ട്.
കരുത്താകാന്‍ രണ്ട് പുതിയ വമ്പന്‍ പദ്ധതികള്‍
കൊച്ചി കപ്പല്‍ശാലയുടെ പ്രവര്‍ത്തന മികവിന് കൂടുതല്‍ കരുത്തേകാനായി രണ്ട് പുതിയ പദ്ധതികളാണ് സജ്ജമാവുന്നത്. കൊച്ചി തേവരയില്‍ 1,800 കോടി രൂപ ചെലവില്‍ ഒരുക്കുന്ന പുതിയ ഡ്രൈഡോക്കിന്റെ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും. 2024 ജൂണോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ പുത്തന്‍ ഡോക്കില്‍ എല്‍.എന്‍.ജി എയര്‍ക്രാഫ്റ്റ് കാരിയര്‍ കപ്പലുകളും വലിയ ടാങ്കര്‍ വെസലുകളും കൈകാര്യം ചെയ്യാനാകും.
970 കോടി രൂപ ചെലവിട്ട് കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയാണ് (ISRF) മറ്റൊരു പദ്ധതി. ഈ പദ്ധതിയും അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയാകും. 2024 ജൂണോടെ പ്രവര്‍ത്തനവും ആരംഭിക്കും. ഇരു പദ്ധതികളും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഓര്‍ഡറുകളിലും വരുമാനത്തിലും വലിയ കുതിച്ചുചാട്ടമാണ് കൊച്ചി കപ്പല്‍ശാല പ്രതീക്ഷിക്കുന്നത്.
ലാഭത്തിന്റെ തീരത്ത്
കൊച്ചി കപ്പല്‍ശാല നടപ്പുവര്‍ഷം സെപ്റ്റംബര്‍പാദത്തില്‍ 60.95 ശതമാനം വളര്‍ച്ചയോടെ 181.53 കോടി രൂപയുടെ സംയോജിത ലാഭം നേടിയിരുന്നു. സംയോജിത വരുമാനം 48 ശതമാനം ഉയര്‍ന്ന് 1,100.40 കോടി രൂപയുമായിരുന്നു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 197 കോടി രൂപയില്‍ നിന്ന് 280 കോടി രൂപയിലേക്കും മെച്ചപ്പെട്ടു. ലാഭമാര്‍ജിന്‍ 18 ശതമാനത്തില്‍ നിന്ന് 20 ശതമാനവുമായി.
10 രൂപ മുഖവിലയുള്ള ഓഹരികള്‍ രണ്ടായി വിഭജിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. 2023-24ലെ ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് 8 രൂപ വീതവും പ്രഖ്യാപിച്ചിരുന്നു. ഇന്ന് (നവംബര്‍ 21) വ്യാപാരാന്ത്യത്തില്‍ ഓഹരി വിലയുള്ളത് 0.25 ശതമാനം നേട്ടവുമായി 1,091.70 രൂപയിലാണ്.
കഴിഞ്ഞ 6 മാസത്തിനിടെ 101 ശതമാനവും ഒരുവര്‍ഷത്തിനിടെ 78 ശതമാനവും നേട്ടം (Return) നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് കൊച്ചി കപ്പല്‍ശാലയുടെ ഓഹരി. 14,360 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം (Market Cap).
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it