കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പുതിയൊരു പൊന്‍തൂവല്‍ കൂടി, മൂന്ന് അന്തര്‍വാഹിനി പ്രതിരോധകപ്പലുകള്‍ നീറ്റിലിറക്കി

രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റിപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (Cochin Shipyard) നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന മൂന്ന് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ (Anti-Submarine Warfare Shallow Water Crafts) നീറ്റിലിറക്കി. നാവികസേന വൈസ് അഡ്മിറല്‍മാരായ സഞ്ജയ് ജെ.സിംഗ്, സൂരജ് ബെറി, പുനീത് ബാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കൊച്ചിന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രവര്‍ത്തന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. 2019ല്‍ ഏപ്രില്‍ 30നാണ് എട്ട് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാര്‍ ഒപ്പു വയ്ക്കുന്നത്. 5,542 കോടി രൂപയുടേതായിരുന്നു ഓര്‍ഡര്‍. ഈ സീരീസിലെ ആദ്യ മൂന്ന് കപ്പലുകളാണ് ഇപ്പോള്‍ നീറ്റിലിറക്കിയത്.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അന്തര്‍വാഹിനി പ്രതിരോധ കപ്പലിന് 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുണ്ട്. 896 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇവയുടെ വേഗത പരമാവധി 25 നോട്ട്‌സ് (Knots) ആണ്. 1,800 നോട്ടിക്കല്‍ മൈല്‍ വരെ ഇവയ്ക്ക് സഞ്ചരിക്കാനാകും.

വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളോടെയാണ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാവികസേനയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് യാനങ്ങള്‍ ഒന്നിച്ച് നീറ്റിലിറക്കുന്നത്.

മാഹീ ക്ലാസ്

മാഹീ ക്ലാസില്‍ വരുന്ന ഈ യാനങ്ങള്‍ നിലവില്‍ നാവികസേനയ്ക്കായി സര്‍വീസ് നടത്തുന്ന എ.എസ്.ഡബ്ല്യു യുദ്ധകപ്പലുകള്‍ക്ക് പകരമായാണ് എത്തുന്നത്. തീരകടലിനടുത്തുള്ള അന്തര്‍വാഹിനി ആവശ്യങ്ങള്‍ക്കും ഉപരിതല നിരീക്ഷണമടക്കമുള്ള മൈന്‍ ലെയിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും ലോ ഇന്റെന്‍സിറ്റി മാരിറ്റൈം ഓപ്പറേഷന്‍സിനുമുതകും വിധമാണ് മാഹീ ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഐ.എന്‍.എസ് മാഹി, ഐ.എന്‍.എസ് മാവ്‌ലന്‍, ഐ.എന്‍.എസ് മോഗ്രോല്‍ എന്നീ പേരുകളിലായിരിക്കും ഇന്ത്യന്‍ നേവിക്ക് കമ്മീഷന്‍ ചെയ്ത ശേഷം ഇവ അറിയപ്പെടുക. ഈ പദ്ധതിയിലെ ആദ്യ കപ്പല്‍ 2024 നവംബറില്‍ കൈമാറും.

വന്‍ ഓര്‍ഡറുകളുടെ കരുത്തില്‍

ജൂലൈ-സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധമായി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 22,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചി കപ്പല്‍ശാലയ്ക്കുള്ളത്. ആഭ്യന്തരതലത്തിലേക്കും യൂറോപ്പിലേക്കുമുള്ള വാണിജ്യ ഓര്‍ഡറുകള്‍ക്ക് പുറമേ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ഓര്‍ഡറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി ഉടന്‍ ലഭിച്ചേക്കും. 84,000 കോടിയുടെ മറ്റൊരു ഓര്‍ഡര്‍കൂടി സ്വന്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

നിലവിലെ 22,000 കോടി രൂപയുടെ ഓര്‍ഡറുകളില്‍ 16,685 കോടി രൂപയുടേതും കേന്ദ്ര പ്രതിരോധമന്ത്രാലയത്തില്‍ നിന്നുള്ളതാണ്. ഇതില്‍ 9,803 കോടി രൂപ നേവിക്കായി പുതുതലമുറ മിസൈന്‍ വെസല്‍ (NGMV) നിര്‍മാണത്തിലുള്ളത്. ഇതുകൂടാതെ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ 1,300 കോടി രൂപയുടെ തുടര്‍പ്രവൃത്തികളും (Post Commission works) ഓര്‍ഡര്‍ ബുക്കിലുണ്ട്.

Related Articles
Next Story
Videos
Share it