എച്ച്ബിഎല്ലുമായി കൈകോര്‍ത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഹരിത സാങ്കേതികവിദ്യയില്‍ പുതിയ ചുവടുവെപ്പ്, നേട്ടത്തില്‍ ഓഹരികള്‍

മരിടൈം മേഖലയിലെ ഇലക്ട്രിക് മൊബിലിറ്റി ലക്ഷ്യമിട്ട് രൂപീകരിച്ച ജോയിന്റ് വെഞ്ച്വര്‍ കമ്പനിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 40 ശതമാനം ഓഹരി പങ്കാളിത്തം
Cochin Shipyard
image:@https://cochinshipyard.in/
Published on

പരിസ്ഥിതി സൗഹൃദ ഷിപ്പിംഗ് സാങ്കേതികവിദ്യകളിലേക്ക് ആഗോള വിപണി ചുവടുമാറ്റുന്ന പശ്ചാത്തലത്തില്‍ പുതിയ പങ്കാളിത്തവുമായി കേരളത്തിന്റെ സ്വന്തം പൊതുമേഖലാ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (CSL). പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനമായ എച്ച്ബിഎല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡുമായി (HBL) ചേര്‍ന്ന് പുതിയ ജോയിന്റ് വെഞ്ച്വര്‍ (JV) കമ്പനി രൂപീകരിച്ചു. മാരിടൈം മേഖലയിലെ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതികവിദ്യയും എനര്‍ജി സ്റ്റോറേജ് സൊല്യൂഷനുകളും വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്പനി നിലവില്‍ വന്നിരിക്കുന്നത്.

'ഗ്രീന്‍ മാരിടൈം പ്രൊപ്പല്‍ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ കമ്പനി 2026 ജൂണ്‍ 11-നാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.

ഒന്‍പത് കോടി രൂപ പ്രാരംഭ മൂലധനം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 40% ഓഹരി

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ കമ്പനിയുടെ പ്രാരംഭ ഓഹരി മൂലധനം ഒന്‍പത് കോടി രൂപയാണ്. ഇതില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 40 ശതമാനവും എച്ച്ബിഎല്ലിന് 60 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. 10 രൂപ മുഖവിലയുള്ള 90 ലക്ഷം ഇക്വിറ്റി ഓഹരികളാണ് കമ്പനിക്കുള്ളത്.

ഇതില്‍ 3.60 കോടി രൂപ നിക്ഷേപത്തോടെ 36 ലക്ഷം ഓഹരികള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സ്വന്തമാക്കും. പങ്കാളികളായ എച്ച്ബിഎല്‍ എഞ്ചിനീയറിംഗ് 5.40 കോടി രൂപ നിക്ഷേപത്തോടെ 54 ലക്ഷം ഓഹരികളും (60%) കൈവശം വെക്കും. ഈ തുക പൂര്‍ണമായും പണമായാണ് (Cash Consideration) നിക്ഷേപിക്കുന്നത്. കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയത്തിന്റെയും (MoPSW) ദീപത്തിന്റെയും (DIPAM) ആവശ്യമായ എല്ലാ അനുമതികളും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇതിനായി നേടിയിട്ടുണ്ട്.

ലക്ഷ്യമിടുന്നത് തദ്ദേശീയ വികസനവും ആഗോള വിപണിയും

കേന്ദ്ര സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ പുതിയ നീക്കം. മരിടൈം മേഖലയില്‍ തദ്ദേശീയമായി പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കാന്‍ ഇരു കമ്പനികളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. 2026 മാര്‍ച്ച് 25-ന് ഒപ്പുവെച്ച സംയുക്ത സംരംഭ കരാറിന്റെ തുടര്‍ച്ചയായാണ് ഈ കമ്പനി ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും സുസ്ഥിര മരിടൈം സാങ്കേതികവിദ്യകള്‍ക്കും ഇലക്ട്രിക്/ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റങ്ങള്‍ക്കും വലിയ രീതിയിലുള്ള വളര്‍ച്ചയാണ് പ്രകടമാകുന്നത്. ഈ പുതിയ പങ്കാളിത്തം വഴി വിപണിയിലെ വലിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കമ്പനികള്‍ക്കും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ ഇന്ന് രണ്ടര ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള കാല.യളവില്‍ 12 ശതമാനത്തിലധികം ഇടിവാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവെടുത്താല്‍ ഓഹരിയുടെ നേട്ടം 588 ശതമാനമാണ്.

Cochin Shipyard and HBL Engineering incorporate 'Green Maritime Propulsion Private Limited' with a Rs 9 crore initial capital to develop electric mobility solutions for the maritime sector.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

കാത്തിരിപ്പിനൊടുവില്‍ വിപണി പിടിക്കാന്‍ റിതേഷ് അഗര്‍വാള്‍; ₹6,650 കോടിയുടെ 'ഓയോ' ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി
container cargo freight ship with working crane bridge in shipyard
Cochin ship yard
കൊച്ചിന്‍ ഷിപ്‌യാര്‍ഡ്
₹920 കോടി മുടക്കും, ഗുജറാത്തിലെ വഡിനാറില്‍ 
കപ്പല്‍ അറ്റകുറ്റപണി കേന്ദ്രം, 
പദ്ധതിക്ക് കേന്ദ്രാനുമതി, ഓഹരിക്ക് മുന്നേറ്റം
logo
DhanamOnline
dhanamonline.com