കൊച്ചി കപ്പല്‍ശാലയ്ക്ക് ഡെന്‍മാര്‍ക്കില്‍ നിന്ന് വമ്പന്‍ ഓര്‍ഡര്‍, നിര്‍മിക്കുക നാല് അത്യാധുനിക ഇലക്ട്രിക് ടഗ്ഗുകള്‍, കൂടുതല്‍ കപ്പലുകള്‍ നിര്‍മിക്കാനും അവസരം

70 ടണ്‍ ബൊല്ലാര്‍ഡ് പുള്ളുള്ള, 26 മീറ്റര്‍ നീളമുള്ള, നാല് പൂര്‍ണ്ണ ഇലക്ട്രിക് ട്രാന്‍സ്‌വേഴ്‌സ് ടഗ്ഗുകളാണ് നിര്‍മ്മിക്കുക.
Cochin Shipyard
image:@https://cochinshipyard.in/
Published on

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് (Cochin Shipyard/CSL) യൂറോപ്യന്‍ കമ്പനിയായ സ്വിറ്റ്സറില്‍ (Svitzer, Denmark) നിന്ന് സുപ്രധാനമായ (Significant) ഓര്‍ഡര്‍ ലഭിച്ചു. അത്യാധുനികമായ ഇലക്ട്രിക് ട്രാന്‍സ്‌വേഴ്‌സ് (TRAnsverse) ടഗ്ഗുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ളതാണ് കരാര്‍.

ഡിസംബര്‍ അഞ്ചിനാണ് ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള സ്വിറ്റ്സറുമായി കൊച്ചി കപ്പല്‍ശാല കരാര്‍ ഒപ്പുവെച്ചത്. 70 ടണ്‍ ബൊല്ലാര്‍ഡ് പുള്ളുള്ള, 26 മീറ്റര്‍ നീളമുള്ള, നാല് പൂര്‍ണ്ണ ഇലക്ട്രിക് ട്രാന്‍സ്‌വേഴ്‌സ് ടഗ്ഗുകളാണ് നിര്‍മ്മിക്കുക. കൂടാതെ, നാല് അധിക കപ്പലുകള്‍ കൂടി നിര്‍മ്മിക്കാനുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു.

കപ്പല്‍ശാലയുടെ ഓര്‍ഡര്‍ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് 'സിഗ്‌നിഫിക്കന്റ്' വിഭാഗത്തില്‍ പെടുന്നതാണ് കരാര്‍. ഏകദേശം 250-500 കോടി രൂപ മൂല്യമുള്ള കരാറുകളാണ് സിഗ്നിഫിക്കന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 2027 അവസാനത്തോടെ കപ്പലുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന് അഭിമാനമാകുന്ന കരാറുകള്‍

സ്വിറ്റ്‌സറിന്റെ ആഗോള കപ്പല്‍ നവീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇലക്ട്രിക് ടഗ്ഗുകള്‍ നിര്‍മ്മിക്കുന്നത്. ഇലക്ട്രിക് ടഗ്ഗുകളുടെ നിര്‍മ്മാണത്തിനായുള്ള ഈ പങ്കാളിത്തം, കപ്പല്‍ നിര്‍മ്മാണത്തില്‍ കൊച്ചി കപ്പല്‍ശാലയ്ക്കുള്ള നൂതനവും സുസ്ഥിരവുമായ കഴിവ് ആഗോളതലത്തില്‍ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതാണ്.

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി, മാരിടൈം ഇന്ത്യ വിഷന്‍ 2030, മാരിടൈം അമൃത കാലം വിഷന്‍ 2047 എന്നിവയുടെ ഭാഗമായി ഇന്ത്യയെ ഒരു ആഗോള മാരിടൈം നിര്‍മ്മാണ കേന്ദ്രമായി മാറ്റാനുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ഈ കരാര്‍ കരുത്ത് പകരും. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കൈവശം ഏകദേശം 20,000 കോടി രൂപയുടെ ഓര്‍ഡറുകളാണുള്ളത്.

Cochin Shipyard signs major deal with Denmark’s Svitzer to build four fully electric TRAnsverse tugs.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com