Begin typing your search above and press return to search.
മുഖംമിനുക്കാന്‍ കേരളത്തിന്റെ കയര്‍; ഇനിവരും പുത്തന്‍ ഡിസൈനുകള്‍
ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബ്ബിലും മെറ്റ്ഗാല പോലുള്ള ആഗോള ഫാഷന്‍ ഇവന്റുകളിലും വൈറ്റ് ഹൗസ്, ബക്കിങ്ങ് ഹാം പാലസ് പോലുള്ള സുപ്രധാന കേന്ദ്രങ്ങളിലും വരെ പെരുമ നേടിയ കേരളത്തിന്റെ കയര്‍, ടെക്‌സ്‌റ്റൈല്‍ ഉത്‌പന്നങ്ങൾക്ക് മാറ്റ് കൂട്ടാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കയര്‍ മേഖലയില്‍ ഏറ്റവും ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ ഡിസൈനുകള്‍ ഒരുക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി (NID) കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ധാരണാപത്രം ഒപ്പിട്ടു.
കയര്‍ രംഗത്ത് ആവശ്യമായ വൈവിധ്യവത്കരണം കൊണ്ടു വരുന്നതിനും പുതിയ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും കയറും മറ്റ് അനുബന്ധ വസ്തുക്കളുമായി ചേര്‍ത്തുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനും ആവശ്യമായ സാങ്കേതികമായുള്ള എല്ലാ സഹായവും നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഡിസൈന്‍ ഭോപ്പാലില്‍ നിന്ന് ലഭ്യമാകും. ഇത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് വലിയ സഹായകരമാകും. അതോടൊപ്പം കയര്‍ കോര്‍പ്പറേഷന്‍ നടത്തി വരുന്ന ട്രെയ്‌നിംഗ് പ്രോഗ്രാമിന്റെ കരിക്കുലവുമായി ബന്ധപ്പെട്ടുള്ള മാറ്റങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സഹകരണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.
കയര്‍ രംഗത്ത് മെച്ചപ്പെട്ട സേവനം
എന്‍.ഐ.ഡി ഭോപ്പാലില്‍ നിന്നും രണ്ട് ഡിസൈനര്‍മാര്‍ മുഴുവന്‍ സമയവും കയര്‍ കോര്‍പ്പറേഷനില്‍ ലഭ്യമാക്കും. ഇവര്‍ ഡിസൈനുമായും പുതിയ പ്രൊഡക്ടുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികള്‍ക്കും അതുപോലെതന്നെ സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കും ആവശ്യമായ സഹായം നല്‍കുന്നതിന് ഈ സംവിധാനം പ്രയോജനകരമാകും.കയര്‍ രംഗത്ത് നൂതനമായ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും കയര്‍ അനുബന്ധ വസ്തുക്കള്‍ ചേര്‍ത്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രം സഹായകരമാകും. ഇതുവഴി കയര്‍ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story