ഒഡീഷയിലെ ഖനികളെ കാക്കാന്‍ കേരളത്തിന്റെ കയര്‍ഭൂവസ്ത്രം

ഖനികളുടെ സുരക്ഷയ്ക്ക് കയര്‍ഭൂവസ്ത്രം ലഭ്യമാക്കാനുള്ള ഓര്‍ഡര്‍ സ്വന്തമാക്കി കയര്‍ കോര്‍പ്പറേഷന്‍ (Kerala State Coir Corporation). കയര്‍ മേഖലയ്ക്ക് പുതിയ വിപണി സാദ്ധ്യതകള്‍ തുറക്കുന്നതാണ് ഈ കരാര്‍ നേട്ടം. ഒഡീഷയിലെ ഇരുമ്പയിര് (Iron ore) ഖനിക്കമ്പനിയായ ഗീതാറാണി മൊഹന്തി റായ്‌കേല അയണ്‍ ഓര്‍ മൈന്‍സില്‍ (Geetarani Mohanty Raikela Iron Ore Mines) നിന്നാണ് ഓര്‍ഡര്‍.

10 ലക്ഷം രൂപയുടെ ആദ്യ ഓര്‍ഡര്‍ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ ജയകൃഷ്ണനില്‍ നിന്ന് മന്ത്രി പി. രാജീവ് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം കണിച്ചുകുളങ്ങരയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. 100 ഏക്കറോളം വരുന്ന ഇരുമ്പയിര് ഖനിയുടെ പാര്‍ശ്വഭിത്തികളാണ് കയര്‍ഭൂവസ്ത്രം (coir geotextiles) വിരിച്ച് സംരക്ഷിക്കുക.
കയര്‍ മേഖലയ്ക്ക് പുത്തനുണര്‍വാകും
പുതിയ വരുമാന മാര്‍ഗമായതിനാല്‍ കയര്‍ഭൂവസ്ത്രത്തിനുള്ള പുതിയ ഓര്‍ഡര്‍ സംസ്ഥാനത്തെ കയര്‍ മേഖലയ്ക്ക് പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷകള്‍. കയര്‍ഭൂവസ്ത്ര വില്‍പന മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരും കയര്‍ കോര്‍പ്പറേഷനും സ്വീകരിക്കുന്നുണ്ട്.
ഖനി അധികൃതരുമായി ചര്‍ച്ചകളിലൂടെ കൂടുതല്‍ ഓര്‍ഡറുകള്‍ നേടാനും കയര്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നുണ്ട്. കയര്‍ഭൂവസ്ത്രത്തിന് ഡിമാന്‍ഡ് കൂടുന്നത് സംസ്ഥാനത്തെ കയര്‍ ഉത്പാദനം വര്‍ദ്ധിക്കാനും സഹായിക്കും.
ദീര്‍ഘകാലം ഈടുനില്‍ക്കുന്ന കയര്‍ഭൂവസ്ത്രങ്ങള്‍ ചെളിയും അഴുക്കും പൂപ്പലും ഈര്‍പ്പവുമെല്ലാം തടയാന്‍ ഉപകാരപ്രദമാണ്. കേരളത്തിന് പുറത്ത് കയര്‍ കോര്‍പ്പറേഷന്‍ ആദ്യമായാണ് കയര്‍ഭൂവസ്ത്ര പദ്ധതി നടപ്പാക്കുന്നത്.
5,000 ചതുരശ്ര മീറ്റര്‍ കയര്‍ഭൂവസ്ത്രമാണ് ഒഡീഷ കമ്പനിക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഈ കമ്പനിക്ക് വേറെയും ഖനികളുണ്ട്. പദ്ധതി വിജയകരമാകുമെന്നും വൈകാതെ കൂടുതല്‍ ഖനികളില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുമെന്നും കയര്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നു.
കയര്‍ഫെഡ് വാര്‍ഷികം
കയര്‍ഫെഡിന്റെ (Coirfed) വാര്‍ഷികയോഗവും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. സംസ്ഥാനത്തെ പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളുടെ ഫെഡറേഷനാണ് കയര്‍ഫെഡ്. യോഗത്തില്‍ കയര്‍ മേഖലയിലെ വിവിധ ആനുകൂല്യങ്ങളുടെ വിതരണം, കയര്‍ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന വാഹനങ്ങളുടെ ഉദ്ഘാടനം, കയര്‍ഫെഡ് നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രഖ്യാപനം, കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകളില്‍ കയര്‍ഫെഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ധാരണാപത്രം കൈമാറല്‍ തുടങ്ങിയവ മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ. ദേവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, കയര്‍ ഡയറക്ടറേറ്റ് അഡിഷണല്‍ ഡയറക്ടര്‍ ഗംഗാധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി കൈകോര്‍ക്കുന്നു
കയര്‍ ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി (NID) കയര്‍ കോര്‍പ്പറേഷന്‍ കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഭോപാല്‍ ഡയറക്ടര്‍ ഡോ. ധീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കയര്‍ കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ചു.
വിദേശ, ആഭ്യന്തര വിപണികളിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കയര്‍ ഉത്പന്നങ്ങളുടെ രൂപകല്‍പന പരിഷ്‌കരിക്കുകയാണ് സഹകരണ ലക്ഷ്യം. ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള പ്രാഥമിക ധാരണപ്രകാരം ഇന്റേണുകളെ കയര്‍ കോര്‍പ്പറേഷനില്‍ നിയമിച്ച് സഹായങ്ങള്‍ നല്‍കും.
ഉത്പന്ന വൈവിദ്ധ്യവത്കരണത്തിനായി പ്രത്യേക പ്രോഡക്ട് ഡെവലപ്‌മെന്റ് സെന്റര്‍ കയര്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ജി. വേണുഗോപാല്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രതീഷ് ജി. പണിക്കര്‍ എന്നിവർ പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it