Begin typing your search above and press return to search.
കേരളത്തിന്റെ കയര്‍ ഭൂവസ്ത്രം അണിയാന്‍ അമേരിക്ക, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
സംസ്ഥാന കയര്‍ വികസന വകുപ്പിന്റെ കീഴിലുള്ള കയര്‍ഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍ ഇനി അമേരിക്കയിലും കിട്ടും. യു.എസില്‍ നിന്ന് ലഭിച്ച ആദ്യ ഓര്‍ഡര്‍ കണ്ടെയ്‌നറുകളുടെ ഫ്‌ളാഗ് ഓഫ് കയര്‍ഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാര്‍ നിര്‍വ്വഹിച്ചു. കയര്‍ഫെഡിന്റെ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളായ കൊക്കോലോഗും കയര്‍ ഭൂവസ്ത്രവുമാണ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. ജലാശയങ്ങളുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയാനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത്. പുഴകളിലെ വെള്ളത്തിന്റെ ശക്തികുറക്കുന്നതിന് തടയണയായി ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് കൊക്കോലോഗ്. പൂര്‍ണമായും പരമ്പരാഗത കയറില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണിവ.
വിദേശ വിപണിയിലേക്ക്
കയര്‍ഫെഡിന്റെ വിദേശവ്യാപാര ലൈസന്‍സ് മുടങ്ങി കിടക്കുകയായിരുന്നു. നിലവിലുള്ള കയര്‍ഫെഡ് ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷമാണ് ലൈസന്‍സ് പുതുക്കിയത്. ഇത് കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പുരോഗതിക്ക് കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നതായി കയര്‍ഫെഡ് പ്രസിഡന്റ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പഞ്ചാബിലെ അമൃത്‌സര്‍ സുവര്‍ണ്ണക്ഷേത്രം, ചെന്നൈ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്നും പ്രധാന ഓര്‍ഡറുകള്‍ കയര്‍ഫെഡിന് ലഭിച്ചിരുന്നു. ആഭ്യന്തര വിപണിയോടൊപ്പം വിദേശ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കയര്‍ഫെഡ് വൈസ് പ്രസിഡന്റ് ആര്‍.സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായ എന്‍.ആര്‍.ബാബുരാജ്, ഭരണസമിതിയംഗങ്ങളായ ജി.ബാഹുലേയന്‍, സുരേശ്വരി ഘോഷ്, രമ മദനന്‍, കയര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ടി.ഒ.ഗംഗാധരന്‍, ജനറല്‍ മാനേജര്‍ ജോണ്‍ സാം എന്നിവരും കയര്‍ഫെഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story
Videos