എല്‍.പി.ജി വില വീണ്ടും കുറച്ചു, കേരളത്തില്‍ ഇന്ന് മുതല്‍ വില ഇങ്ങനെ

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ നാലാം മാസവും കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. ഇന്ന് പ്രാബല്യത്തില്‍ വന്നവിധം 19 കിലോഗ്രാം സിലിണ്ടറിന് 30 രൂപയാണ് കുറച്ചത്.

ഇതോടെ കൊച്ചിയില്‍ വില 1,655 രൂപയായി. തിരുവനന്തപുരത്ത് 1,676 രൂപയും കോഴിക്കോട് 1,687 രൂപയുമാണ് വില. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കും കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും വിലയിലെ മാറ്റം ഗുണം ചെയ്യും.

ഓരോ മാസവും ഒന്നാം തീയതിയാണ് ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് 69.50 രൂപ കുറച്ചിരുന്നു. അതിനു മുമ്പു ഏപ്രില്‍ ഒന്നിന് 31.50 രൂപയും മേയ് ഒന്നിന് 19 രൂപയും കുറച്ചിരുന്നു.

ഗാര്‍ഹിക സിലിണ്ടറിന് മാറ്റമില്ല
വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ ഇക്കുറിയും മാറ്റം വരുത്തിയിട്ടില്ല. മാര്‍ച്ച് എട്ടിന് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. പിന്നീട് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ 810 രൂപയും കോഴിക്കോട് 811.50 രൂപയും തിരിവനന്തപുരത്ത് 812 രൂപയുമാണ് വില. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍.പി.ജി വില കുറച്ചാല്‍ മാത്രമേ സാധാരണ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യൂ.

Related Articles
Next Story
Videos
Share it