ഗ്യാസിന് തീവില, 19 കിലോ സിലിണ്ടറിന് 993 രൂപ കൂടി; ഹോട്ടല്‍ ഭക്ഷണം പൊള്ളും, വീടുകള്‍ക്ക് ആശ്വാസം

ബള്‍ക്ക് ഡീസല്‍, വിമാന ഇന്ധനം എന്നിവയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്
ഗ്യാസിന് തീവില, 19 കിലോ സിലിണ്ടറിന് 993 രൂപ കൂടി; ഹോട്ടല്‍ ഭക്ഷണം പൊള്ളും, വീടുകള്‍ക്ക് ആശ്വാസം
Published on

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക (LPG) വിലയില്‍ റെക്കോര്‍ഡ് വര്‍ധന. 19 കിലോ ഗ്രാം സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മെയ് 1 വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ കൊച്ചിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,085 രൂപയായി ഉയര്‍ന്നു.

അതേസമയം, വീട്ടാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസകരമാണ്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഗാര്‍ഹിക ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

നിരക്കുകള്‍ ഇങ്ങനെ

19 കിലോ ഗ്രാം സിലിണ്ടറിന് മുംബൈയില്‍ 3,024 രൂപയും ബെംഗളൂരുവില്‍ 3,152 രൂപയും ന്യൂഡല്‍ഹിയില്‍ 3,071.50 രൂപയും കൊല്‍ക്കത്തയില്‍ 3,202 രൂപയും ചെന്നൈയില്‍ 3,237 രൂപയുമാണ് വില.

ഹോട്ടലുകള്‍ക്ക്‌ വന്‍ തിരിച്ചടി

കഴിഞ്ഞ കുറച്ച് മാസങ്ങളായി വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. മാര്‍ച്ചില്‍ 144 രൂപയും ഏപ്രില്‍ ഒന്നിന് ഏകദേശം 200 രൂപയും വര്‍ധിപ്പിച്ചിരുന്നു. മൂന്നാമതും ഉണ്ടായ ഈ വന്‍ വര്‍ധനവ് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട ഭക്ഷണശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വില ഉയരാനും ഇത് കാരണമായേക്കാം.

വിലക്കയറ്റത്തിന് പിന്നില്‍

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍ - യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം എട്ടാം ആഴ്ചയിലേക്ക് കടന്നതോടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇന്ധനവിലയെ ബാധിച്ചത്. ലോകത്തിലെ പ്രധാന ഊര്‍ജ്ജ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടത് ആഗോളതലത്തില്‍ എണ്ണ വിതരണത്തെ ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്തു.

വാണിജ്യ സിലിണ്ടറുകള്‍ക്ക് പുറമെ ബള്‍ക്ക് ഡീസല്‍, വിമാന ഇന്ധനം (ATF) എന്നിവയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ പുതുക്കിയ നിരക്കുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ഡെലിവറി നിയമങ്ങള്‍

വില വര്‍ധനയ്ക്ക് പുറമെ, മെയ് 1 മുതല്‍ എല്‍പിജി ബുക്കിംഗിലും ഡെലിവറി സംവിധാനത്തിലും പുതിയ മാറ്റങ്ങള്‍ വരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറെടുക്കുകയാണ്. സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനായി ഒടിപി (OTP) അധിഷ്ഠിത ഡെലിവറി നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Commercial LPG prices jump by ₹993; 19-kg cylinder to cost ₹3,071 in Delhi as global energy crisis intensifies.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com