കേരളത്തിലും മള്‍ട്ടിസ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍; നിക്ഷേപം സുരക്ഷിതമോ?

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ നടത്തിപ്പിനെ കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്‌റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ഒരു പരിരക്ഷയും നല്‍കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു.
കൂടുതല്‍ പലിശ വാഗ്ദാനം ചെയ്താണ് ഇത്തരം അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇവയുടെ നിയന്ത്രണം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നത് ആശങ്കയ്ക്കിടയാക്കുന്നു. പലതും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയായതുകൊണ്ടു തന്നെ പരാതി നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ട്.
സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്ത 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും കേരളം പ്രവര്‍ത്തന പരിധിയായി മറ്റുസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സഹകരണ രജിസ്ട്രാറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ആശങ്കയ്ക്ക് കാരണം
ഈ സംഘങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തനത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടുന്നില്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുള്ള ഒരു പരിശോധനകളും അനുവദിക്കുന്നുമില്ല. ഓഡിറ്റ് അടക്കമുള്ള കാര്യങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ അവര്‍ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയില്‍ ഈ സംഘങ്ങള്‍ ഉള്‍പ്പെടുന്നുമില്ല. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ചകളുണ്ടായാല്‍ നിക്ഷേപം തിരിച്ചു പിടിക്കാന്‍ ആരെ സമീപിക്കണമെന്നതു വ്യക്തതയില്ലാത്തതും ആശങ്ക കൂട്ടുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍ക്ക് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോര്‍ഡ് 5 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നുണ്ട്. ഇത് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍. സഹകരണം സംസ്ഥാനവിഷമായാണ് ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്നത്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചാണ് 1984ല്‍ കേന്ദ്ര സര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പാസാക്കിയത്. 2022ല്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടാതെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം രൂപീകരിക്കുന്നതിന് അനുമതി നല്‍കി. ആർ.ബി.ഐയുടെ കീഴിലാണ് വരുന്നതെങ്കിലും ഇത്തരം സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും മാനദണ്ഡമോ നിയന്ത്രണമോ ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ
കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന സഹകരണ രജിസ്ട്രാറുടെയും നിയന്ത്രണത്തിലാണ് സഹകരണ മേഖലയുടെ പ്രവര്‍ത്തനം. കേരള ബാങ്കും പ്രാഥമിക സഹകരണങ്ങളുമടങ്ങുന്ന ദ്വിതല സംവിധാനമാണിത്.
സംസ്ഥാന സഹകരണ നിയമ പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പ്രാദേശികമായി മാത്രമാണ് അംഗങ്ങളെ ചേര്‍ക്കാനും നിക്ഷേപം സ്വീകരിക്കാനും വായ്പാ നല്‍കാനും അനുമതിയുള്ളത്.
കേരളത്തില്‍ നിലവില്‍ 1607 പ്രാഥമിക കാര്‍ഷിക വായ്പാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, മത്സ്യമേഖലയില്‍ 1,562 സഹകരണ സംഘവും ക്ഷീരമേഖലയില്‍ 3,649 സംഘവും പ്രവര്‍ത്തിക്കുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it