ധനകാര്യ സ്ഥാപനത്തിന് ₹3 ലക്ഷം പിഴയിട്ട് കണ്‍സ്യൂമര്‍ കമ്മീഷന്‍

എറണാകുളം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്

പത്തനംതിട്ട ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ട്രേഡേഴ്‌സ് ഉടമകള്‍ക്ക് 3.05 ലക്ഷം രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷന്‍. 12% പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചുവെങ്കിലും നിക്ഷേപ തുകയും പലിശയും നല്‍കാതെ സ്ഥാപനം അടച്ചുപൂട്ടിയെന്ന് കാണിച്ച് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുജ ആര്‍.വര്‍മ്മ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

എതിര്‍കക്ഷികള്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതു മൂലം സേവനത്തില്‍ ഗുരുതരമായ അപര്യാപ്തതയാണ് ഉണ്ടായത്. പരാതിക്കാരിക്ക് വലിയ മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്ന് കമ്മീഷന്‍ ഉത്തരവില്‍ വിലയിരുത്തി.വിധി തുക 9.5% പലിശ സഹിതം 30 ദിവസത്തിനകം എതിര്‍ കക്ഷികള്‍ നല്‍കണമെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനായ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചു.

പോപ്പുലര്‍ ട്രേഡേഴ്സ് മാനേജിങ് പാര്‍ട്ടണര്‍ തോമസ് ഡാനിയേല്‍, പോപ്പുലര്‍ ഡീലേഴ്സ് പാര്‍ട്ടണര്‍ പ്രഭാ തോമസ്, റിയ ആന്‍ തോമസ്, റിനു മറിയം തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.

'വിദ്യാസമ്പന്നരായവര്‍ പോലും വന്‍ സമ്പത്തിക തട്ടിപ്പുകളുടെ ഇരകളാകുന്നു. ദരിദ്രരും ദുര്‍ബലരുമായവരാണ് ഇതില്‍ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നത്.ഈ മേഖലയില്‍ കൂടുതല്‍ ജാഗ്രതയും ബോധവത്കരണവും അനിവാര്യമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

Related Articles
Next Story
Videos
Share it