കെ.എസ്.ഇ.ബിയില്‍ നിന്ന് അടുത്ത പ്രഹരം; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ത്രീ ഫെയ്‌സിലേക്ക്

സിംഗിള്‍ ഫെയ്‌സ് കണക്ഷനില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ ത്രീ ഫെയ്‌സ് കണക്ഷനിലേക്ക് മാറ്റാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍. വിതരണ ശൃംഖ മെച്ചപ്പെടുന്നത് ഉള്‍പ്പെടെയാണ് ലക്ഷ്യമെങ്കിലും ഫലത്തില്‍ ഉപയോക്താവിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന നടപടിയാണിത്.

സിംഗിള്‍ കണക്ഷനില്‍ നിന്ന് ത്രീ ഫേയ്‌സിലേക്ക് മാറണമെങ്കില്‍ 4,600 രൂപ കണ്‍വേര്‍ഷന്‍ ഫീസുണ്ട്. ഇലക്ട്രിസിറ്റി മീറ്റര്‍ വാടക 6 രൂപയില്‍ നിന്ന് 15 രൂപയാകും. ഇതുകൂടാതെ സെക്യൂരിറ്റി നിക്ഷേപവും വര്‍ധിക്കും. താരിഫില്‍ മാറ്റം വരുന്നതു കൊണ്ട് വൈദ്യുത ബില്ലും ഉയരും. ഉയര്‍ന്ന വൈദ്യുതി ചാര്‍ജില്‍ നട്ടം തിരിയുന്ന ഉപയോക്താക്കള്‍ക്ക് കനത്ത പ്രഹരമായിരിക്കും പുതിയ തീരുമാനം.

ലോഡ് കൂടുതല്‍

നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കളില്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ത്രീ ഫേസ് കണക്ഷന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നല്ലൊരു ശതമാനം വീടുകളിലും എയര്‍ണ്ടീഷണറുകള്‍, ഇലക്ട്രിക് കുക്കറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ത്രീ ഫേസ് കണക്ഷനിലേക്ക് മാറ്റണമെന്നാണ് റഗുലേറ്ററി കമ്മീഷന്‍ ഒക്ടോബര്‍ 31ന് ഇറക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നത്.

ലോഡ് ബാലന്‍സ് ചെയ്യാനും പ്രസരണനഷ്ടം കുറയ്ക്കാനും വതിരണ ശൃംഖല മെച്ചപ്പെടുത്താനും ഇതു വഴി സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഓഫീസ് അസോസിയേഷന്‍ റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. കൂടാതെ ഫെയ്‌സ് അടിസ്ഥാനപ്പെടുത്തിയുള്ള ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുന്നതാണ് നല്ലതെന്നും അസോസിയേഷന്‍ സൂചിപ്പിച്ചിരുന്നു. പല സ്ഥലങ്ങളിലും ഗാര്‍ഹിക ഉപയോക്താക്കളുടെ കണക്ടഡ് ലോഡ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ട്രാന്‍സ്‌ഫോര്‍മറുകളും ഓവര്‍ലോഡ് ആണെന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

സ്വമേധയ മുന്നോട്ട് വരാം

5 കിലോവാട്ടോ അതിനു മുകളിലോ കണക്റ്റഡ് ലോഡുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ത്രീ ഫെയ്‌സ് കണക്ഷന്‍ നല്‍കണമെന്നാണ് സപ്ലൈ കോഡ് 2024ന്റെ പ്രൊവിഷന്‍സില്‍ പറയുന്നത്. ഇതനുസരിച്ച് നിലവില്‍ സിംഗിള്‍ കണക്ഷനില്‍ 5 കിലോവാട്ടിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ കണ്ടെത്താന്‍ കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.

കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന സിംഗിള്‍ ഫെയ്‌സ് ഉപയോക്താക്കള്‍ക്ക് സ്വമേധയാ 3 ഫെയ്‌സ് കണക്ഷനിലേക്ക് മാറാനുള്ള പദ്ധതി കെ.എസി.ഇ.ബിക്ക് നിര്‍ദേശിക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ സിംഗിള്‍ ഫെയ്‌സില്‍ നിന്ന് ത്രീ ഫെയ്‌സിലേക്ക് മാറുന്നതിനുള്ള ചാര്‍ജുകളില്‍ കെ.എസ്.ഇ.ബിക്ക് ഇളവു നല്‍കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it