

അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ അനലിറ്റിക്സ് കമ്പനിയായ കോറോ ഹെല്‍ത്ത് (CorroHealth) കൊച്ചിയിലെയും കോഴിക്കോട്ടെയും കേന്ദ്രങ്ങളില്‍ നിന്ന് എണ്ണൂറിലധികം ജീവനക്കാരെ ഒന്നിച്ച് പിരിച്ചുവിട്ട സംഭവം കേരളത്തില്‍ വലിയ രാഷ്ട്രീയ-തൊഴിലാളി യൂണിയന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
പിരിച്ചുവിടലിനെതിരേ പ്രതിപക്ഷ യുവജന സംഘടനകളും ഐടി ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി'യും ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഒരുവശത്ത് തൊഴില്‍നഷ്ടം സംബന്ധിച്ച ആശങ്കകള്‍ ഉയരുമ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും ഈ പ്രതിഷേധങ്ങള്‍ വഴിവെച്ചിരിക്കുന്നു.
മെഡിക്കല്‍ കോഡിങ്, ഹെല്‍ത്ത് കെയര്‍ അനലിറ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായ കോറോ ഹെല്‍ത്ത്, തങ്ങളുടെ ജീവനക്കാര്‍ക്ക് യാതൊരു മുന്‍കൂര്‍ നോട്ടീസും നല്‍കാതെ പെട്ടെന്ന് 'സെപ്പറേഷന്‍ ആന്‍ഡ് ഫുള്‍ സെറ്റില്‍മെന്റ് മെയില്‍' അയച്ചാണ് സേവനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഓഫീസുകളില്‍ എത്തിയ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ ഇന്റേണല്‍ സിസ്റ്റം ആക്‌സസ് അടക്കം കമ്പനി റദ്ദാക്കി. ഇതോടെയാണ് ജീവനക്കാര്‍ തെരുവില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്.
കേന്ദ്രത്തിന്റെ പുതിയ ലേബര്‍ കോഡ് അനുസരിച്ചാണ് തങ്ങളുടെ നടപടിയെന്നും, ജീവനക്കാര്‍ക്ക് മൂന്നു മാസത്തെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ കേരളത്തില്‍ പുതിയ ലേബര്‍ കോഡ് നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നും, 1947-ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട് പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത് നിയമവിരുദ്ധമായ അടച്ചുപൂട്ടല്‍ ആണെന്നുമാണ് സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നിലപാട്.
ഈ സംഭവത്തെ കേരളത്തിലെ വ്യവസായ ലോകം രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിലാണ് വിലയിരുത്തുന്നത്. പെട്ടെന്നുള്ള തൊഴില്‍ നഷ്ടം ആശങ്ക വര്‍ധിപ്പിക്കുമ്പോള്‍ തന്നെ പുതുതായി നിക്ഷേപത്തിനെത്തുന്നവരെ ഈ വിവാദങ്ങള്‍ പിന്നോട്ടടിക്കുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. നിക്ഷേപ സൗഹൃദമല്ല കേരളമെന്ന വിലയിരുത്തല്‍ മുമ്പേയുള്ളതാണ്. ഈയൊരു പ്രതിച്ഛായ മാറ്റാന്‍ മുന്‍ സര്‍ക്കാരുകള്‍ വലിയ പ്രചരണം തന്നെ നടത്തിയിരുന്നു.
കോര്‍പ്പറേറ്റ് റീസ്ട്രക്ചറിംഗിന്റെ ഭാഗമായി ടെക് ലോകത്ത് ഇത്തരം മാറ്റങ്ങള്‍ സ്വഭാവികമാണ്. നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കിയാണ് പിരിച്ചുവിടാനുള്ള നോട്ടീസ് കോറോ ഹെല്‍ത്ത് നല്കിയതെന്നാണ് ഇവരുടെ വാദം. ലോകത്ത് പലയിടത്തും ഇത്തരം പിരിച്ചുവിടലുകള്‍ നടക്കുന്നു. എഐ വന്നതോടെ പിരിച്ചുവിടലുകളുടെ വേഗത കൂടിയെന്ന് മാത്രം.
ഇത്തരം നടപടികള്‍ക്കെതിരെ ഐടി പാര്‍ക്കുകള്‍ക്ക് മുന്നില്‍ ദീര്‍ഘകാല സമരങ്ങളും ഓഫീസ് ഉപരോധങ്ങളും ഉണ്ടാകുന്നത് കേരളത്തെക്കുറിച്ച് ആഗോള നിക്ഷേപകര്‍ക്കിടയില്‍ പ്രതികൂല സന്ദേശം സൃഷ്ടിക്കുമെന്നാണ് ഒരു വിഭാഗം വ്യവസായ പ്രമുഖരുടെ വിലയിരുത്തല്‍.
ബിസിനസ് വിപുലീകരണ പദ്ധതികള്‍ ആലോചിക്കുന്ന ആഗോള കമ്പനികള്‍ കേരളത്തിന് പകരം തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകളുള്ള തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പരിഗണിക്കാന്‍ ഈ പ്രത്യക്ഷ പ്രതിഷേധങ്ങള്‍ കാരണമായേക്കാം.
സാങ്കേതിക വിദ്യയുടെ അതിവേഗ മാറ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം എന്നിവ കാരണം ഐടി കമ്പനികള്‍ക്ക് പലപ്പോഴും ജീവനക്കാരെ പുനഃക്രമീകരിക്കേണ്ടി വരാറുണ്ട്. ഇത്തരം ആഗോള സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ തൊഴിലന്തരീക്ഷം മടിക്കുന്നത് പുതിയ സംരംഭകരെ പിന്നോട്ടടിപ്പിക്കും.
ഈ വിഷയത്തില്‍ ധനംഓണ്‍ലൈനോട് പ്രതികരിച്ച വ്യവസായ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇപ്പോഴത്തെ സമരങ്ങള്‍ തിരിച്ചടിയാകുമെന്നാണ്. കേരളം ഒരു ഐടി അധിഷ്ടിത ഹബ്ബായി വളര്‍ന്നു വരാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. തൊഴിലാളികളുടെ അവകാശങ്ങള്‍ തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം.
തെരുവിലെ സമരങ്ങളിലൂടെയല്ല, മറിച്ച് ശക്തമായ നിയമപരമായ സംവിധാനങ്ങളിലൂടെയും ലേബര്‍ ട്രിബ്യൂണലുകളിലൂടെയുമാണ് ഇത്തരം വിഷയങ്ങലില്‍ പരിഹാരം കണ്ടെത്തേണ്ടതെന്ന് ഐടി ബിസിനസ് അഡൈ്വസറായ സുജിത്ത് സുന്ദരേശന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
ഒരു വശത്ത് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ, മറുവശത്ത് നിക്ഷേപകരുടെ വിശ്വാസം തകരാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണം. അതിവേഗം മാറുന്ന ആഗോള ബിസിനസ്സ് ലോകത്ത് വൈകാരികമായ സമരമുറകളേക്കാള്‍, പ്രായോഗികവും നിയമപരവുമായ സമവായ ചര്‍ച്ചകളാണ് കേരളത്തിന്റെ ദീര്‍ഘകാല സാമ്പത്തിക താല്‍പ്പര്യത്തിന് ഗുണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബിസിനസ് വിപുലീകരണ പദ്ധതികള്‍ ആലോചിക്കുന്ന ആഗോള കമ്പനികള്‍ കേരളത്തിന് പകരം തൊഴില്‍ നിയമങ്ങളില്‍ ഇളവുകളുള്ള തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പരിഗണിക്കാന്‍ വിവാദങ്ങള്‍ കാരണമായേക്കാം. കേരളത്തേക്കാള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇളവുകളും നല്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മത്സരിക്കുകയാണ്.
ലളിതമായ ലേബര്‍ നിയമങ്ങളും, കമ്പനികള്‍ക്ക് അനുകൂലമായ റെഗുലേറ്ററി സംവിധാനങ്ങളും വാഗ്ദാനം ചെയ്താണ് മറ്റ് സംസ്ഥാനങ്ങള്‍ ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നത്. കേരളത്തില്‍ ഇത്തരം രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഓഫീസ് പൂട്ടിക്കലുകളും തുടര്‍ച്ചയായാല്‍, സംസ്ഥാനത്തേക്ക് വരാന്‍ ആഗോള കമ്പനികള്‍ മടിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine