
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 151.5 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 3.1 ശതമാനം കുറവാണ്.
അതേസമയം 2023-24 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം നാല് ശതമാനം ഉയര്‍ന്ന് 567 കോടി രൂപയിലെത്തി. തൊട്ട് മുന്‍വര്‍ഷം ലാഭം 547 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനലാഭം ഇക്കാലയളവില്‍ 10 ശതമാനം ഉയര്‍ന്ന് 780 കോടി രൂപയിലും എത്തി.
വെല്ലുവിളികള്‍ക്കിയിലും ബിസിനസില്‍ 20 ശതമാനം വളര്‍ച്ചയോടെ 567 കോടി രൂപയുടെ ലാഭം കൈവരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രളയ് മൊണ്ടല്‍ പറഞ്ഞു.
വരുമാനം കൂടി
ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 991.38 കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷത്തെ സമാനപാദത്തിലിത് 762.48 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ 887.18 കോടി രൂപയും.
അറ്റ പലിശ വരുമാനം (NII) നാലാം പാദത്തില്‍ 11 ശതമാനം വര്‍ധിച്ച് 386 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11 ശതമാനം വര്‍ധനയോടെ 1,476 കോടി രൂപയുമായി.
പലിശ ഇതര വരുമാനത്തില്‍ 85 ശതമാനം വളര്‍ച്ച നേടി.
വായ്പകളും നിക്ഷേപങ്ങളും
ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ധിച്ച് 29,718 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ മൂന്ന് ശതമാനം വര്‍ധിച്ച് 8,085 കോടി രൂപയായി.
വായ്പകള്‍ 18 ശതമാനം വര്‍ധിച്ച് 24,336 കോടി രൂപയുമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 54,000 കോടി രൂപ കടന്നു. ബാങ്ക് മുഖ്യ ശ്രദ്ധ നല്‍കുന്ന സ്വര്‍ണ വായ്പകള്‍ 9,694 കോടി രൂപയില്‍ നിന്ന് 22 ശതമാനം വര്‍ധിച്ച് 11,818 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളില്‍ രണ്ട് ശതമാനം കുറവുണ്ടായി. റീറ്റെയില്‍ വായ്പകള്‍ 38 ശതമാനവും എസ്.എം.ഇ വായ്പകള്‍ 28 ശതമാനവും വര്‍ധിച്ചു.
കിട്ടാക്കടം
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (GNPA) വാര്‍ഷികാടിസ്ഥാനത്തില്‍ 2023-24 മാര്‍ച്ച് പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് ഇക്കുറി മാര്‍ച്ചില്‍ 1.47 ശതമാനമായി ഉയര്‍ന്നു. അറ്റനിഷ്‌ക്രിയ ആസ്തി (NNPA) വാര്‍ഷികാടിസ്ഥാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.51 ശതമാനമായും ഉയര്‍ന്നു. ആസ്തിനിലവാരം കുറഞ്ഞത് ബാങ്കിന് ആശങ്കയാകുന്നുണ്ട്.
മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ബാങ്കിന് 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 779 ശാഖകളും 731 എ.ടി.എമ്മുകളുമുണ്ട്.
ഇന്നലെ സി.എസ്.ബി ബാങ്ക് പാദഫലങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി 5.6 ശതമാനം ഇടിഞ്ഞ് 382 രൂപയിലെത്തി. വ്യാപാരാന്ത്യം 4.91 ശതമാനം ഇടിഞ്ഞ് 384.75 രൂപയിലാണ് ഓഹരിയുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 50 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 31 ശതമാനവും നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine