
സി.എസ്.ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രളയ് മണ്ടല്‍ തുടരും. 2015 സെപ്റ്റംബര്‍ 15 ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുനര്‍നിയമനം. 2018 സെപ്റ്റംബര്‍ 14 വരെ ഈ സ്ഥാനത്ത് പ്രളയ് മണ്ടല്‍ തുടരും. നാമനിര്‍ദേശ-പ്രതിഫല നിര്‍ണയ സമിതിയുടെ ശിപാര്‍ശ പ്രകാരം ഇന്ന് നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.
ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായിരുന്ന പ്രളയ് മണ്ടല്‍ 2020 സെപ്റ്റംബര്‍ 23നാണ് റീറ്റെയ്ല്‍, എസ്.എം.ഇ, ഓപ്പറേഷന്‍സ് ആന്‍ഡ് ഐ.ടി വിഭാഗം പ്രസിഡന്റായി സി.എസ്.ബി ബാങ്കില്‍ ചേര്‍ന്നത്. 2022 ഫെബ്രുവരിയില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. 2022 ഏപ്രില്‍ മുതല്‍ ഇടക്കാല മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ ചുമതലകള്‍ വഹിച്ചിരുന്നു. 2022 സെപ്റ്റംബര്‍ 15നാണ് മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ പദവിയിലേക്ക് എത്തുന്നത്.
യെസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങി നിരവധി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ നേതൃപദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കൂടാതെ വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നിവിടങ്ങളിലും കരിയറിന്റെ തുടക്കത്തില്‍ ജോലി ചെയ്തിരുന്നു.
സി.എസ്.ബി ബാങ്കിന്റെ സുസ്ഥിര വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് പ്രളയ് മണ്ടല്‍ വഹിക്കുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ സി.എസ്.ബി ബാങ്കിന്റെ ലാഭം 25 ശതമാനം വളര്‍ച്ചയോടെ 190 കോടി രൂപയിലെത്തിയിരുന്നു, ബാങ്കിന്റെ മറ്റ് വരുമാനങ്ങള്‍ 381.5 കോടിയായി വര്‍ധിച്ചതാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. അതേസമയം അറ്റ പലിശ വരുമാനം 3.9 ശതമാനം ഇടിഞ്ഞ് 371 കോടിയിലെത്തി.
ബാങ്കിന്റെ ആസ്തി നിലവാരവും മെച്ചപ്പെടുന്നുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) മാര്‍ച്ച് പാദത്തില്‍ 1.58 ശതമാനത്തില്‍ നിന്ന് 1.57 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.64 ശതമാനത്തില്‍ നിന്ന് 0.52 ശതമാനവുമായി.
ഇന്ന് സി.എസ്.ബി ബാങ്ക് ഓഹരികള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് 393.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 25.25 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയില്‍ നിന്നുള്ള നേട്ടം 1.85 ശതമാനവും.
Read DhanamOnline in English
Subscribe to Dhanam Magazine