സി.എസ്.ബി ബാങ്കിലെ ഓഹരി വിറ്റഴിച്ച് ഫെയര്‍ ഫാക്‌സ്; ഓഹരി വിലയില്‍ 7.5% കുതിപ്പ്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ 9.7 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്‌സ് (എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്) ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു. 595 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഓഹരിയൊന്നിന് 353 രൂപ നിരക്കില്‍ 1.70 കോടി ഓഹരികള്‍ കൈമാറ്റം ചെയ്തു. ഇതോടെ ഇന്ന് സി.എസ്.ബി ബാങ്ക് ഓഹരികള്‍ 7.5 ശതമാനം കുതിച്ചുയര്‍ന്ന് 382.50 രൂപയിലെത്തി.

സി.എസ്.ബി ബാങ്കില്‍ 79.72 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സിനുള്ളത്. ഓഹരി വിറ്റഴിച്ചതോടെ ഓഹരി പങ്കാളിത്തം 40 ശതമാനമായി കുറയും. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ പാലിക്കാന്‍ വേണ്ടിയാണ് ഓഹരി വില്‍പ്പന. 15 വര്‍ഷം കൊണ്ട് ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ നവംബറിലാണ് സി.എസ്.ബി ബാങ്കില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം നിലനിറുത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
നേരത്തെ
ബാങ്കുകളിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 15 വര്‍ഷത്തിനകം 15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നായിരുന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. കോട്ടക് ബാങ്ക് പ്രമോട്ടറായ ഉദയ് കോട്ടക്ക് ഇതിനെതിരെ കോടതിയെ സമീപിച്ചതാണ് ബാങ്കിലെ പ്രമോട്ടര്‍ പങ്കാളിത്തം 26 ശതമാനമാക്കി നിറുത്താന്‍ സഹായകമായത്.
എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ വി.പ്രേം വത്സ നയിക്കുന്ന ഫെയര്‍ ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സിന്റെ ഉപസ്ഥാപനമാണ് എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് (FIHM). 2018ല്‍ മൂലധനപ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് കാത്തലിക് സിറിയന്‍ ബാങ്കില്‍ ഫെയര്‍ഫാക്‌സ് 51 ശതമാനം പങ്കാളിത്തം സ്വന്തമാക്കിയത്. തുടര്‍ന്നാണ് ബാങ്കിന്റെ പേര് സി.എസ്.ബി ബാങ്ക് എന്നാക്കിയത്. 2019 നവംബറില്‍ സി.എസ്.ബി ബാങ്ക് ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തി. ഐ.പി.ഒ സമയത്ത് എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിന്ന് 49.72 ശതമാത്തിലേക്ക് താഴ്ത്തി.
ഓഹരിയും നേട്ടവും
രാവിലെ കുതിപ്പ് കാണിച്ച സി.എസ്.ബി ബാങ്ക് ഓഹരികള്‍ നിലവില്‍ 3.67 ശതമാനം ഉയര്‍ന്ന് 369 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 32 ശതമാനമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം. കഴിഞ്ഞ ഒരു മാസക്കാലത്തെ നേട്ടം 11 ശതമാനവും.

Related Articles

Next Story

Videos

Share it