കസ്റ്റംസ് തീരുവ കൂട്ടിയത് തിരിച്ചടിയായി; വിപണിയിലെ വില വ്യത്യാസം മുതലെടുത്ത് വന്‍ സംഘങ്ങള്‍, കള്ളക്കടത്ത് പതിന്മടങ്ങ് വര്‍ധിച്ചു, പിടിച്ചെടുത്തത് 160.91 ടണ്‍ സ്വര്‍ണം

മേയ് 13-ന് നികുതി 15 ശതമാനമാക്കിയതിന് പിന്നാലെ കള്ളക്കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമായി. സ്വര്‍ണം പിടിച്ചെടുക്കുന്നതില്‍ 186 ശതമാനത്തിന്റെ വര്‍ധന.
Airport gold smuggling
image credit : canva
Published on

കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകുന്നു. രാജ്യത്തേക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണവും വെള്ളിയും കടത്തുന്നതില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 13നാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനത്തില്‍ നിന്ന് (5% അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് ഉള്‍പ്പെടെ) 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വിപണി സജീവമാക്കിയത്.

ലോക്സഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രി ജിതിന്‍ പ്രസാദ് നല്‍കിയ കണക്കുകള്‍ പ്രകാരം, മേയ് 13 മുതല്‍ ജൂണ്‍ 30 വരെയുള്ള ഏഴ് ആഴ്ചകളില്‍ പിടിച്ചെടുത്ത വെള്ളിയുടെ അളവില്‍ 10 ഇരട്ടിയിലേറെ വര്‍ധനയുണ്ടായി. ഇതേ കാലയളവില്‍ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ 186 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മേയ് 13 മുതല്‍ ജൂണ്‍ 30 വരെയുള്ള സമയത്ത് കടത്തലുമായി ബന്ധപ്പെട്ട് 267 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 160.91 ടണ്‍ സ്വര്‍ണം പിടിച്ചെടുക്കുകയും 116 പേര്‍ അറസ്റ്റിലാകുകയും ചെയ്തു. എന്നാല്‍ തൊട്ടുമുമ്പുള്ള ഏപ്രില്‍ 1 മുതല്‍ മേയ് 12 വരെയുള്ള കാലയളവില്‍ 86.16 ടണ്‍ സ്വര്‍ണം മാത്രമാണ് പിടിച്ചെടുത്തിരുന്നത് (165 കേസുകള്‍, 67 അറസ്റ്റ്).

വെള്ളി കടത്തിലും കേസ് വര്‍ധന

വെള്ളിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. ഏപ്രില്‍ 1 മുതല്‍ മേയ് 12 വരെ വെള്ളി കടത്തുമായി ബന്ധപ്പെട്ട് 7 കേസുകള്‍ മാത്രമുണ്ടായിരുന്നിടത്ത് മേയ് 13ന് ശേഷം കേസുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു.

നേരത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ കുറവുണ്ടായിരുന്നു. 2023-24-ല്‍ രജിസ്റ്റര്‍ ചെയ്ത 6,599 കേസുകളില്‍ നിന്ന് 2024-25-ല്‍ 3,005 ആയി കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ നികുതി വര്‍ധിപ്പിച്ചതോടെ വീണ്ടും കടത്ത് സംഘങ്ങള്‍ സജീവമായി. വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതിനുമാണ് ഇറക്കുമതി തീരുവ കൂട്ടിയതെങ്കിലും, ദിനംപ്രതിയുള്ള കണക്കെടുപ്പില്‍ കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുക്കല്‍ 60 ശതമാനവും വെള്ളി പിടിച്ചെടുക്കല്‍ 9 ഇരട്ടിയും വര്‍ധിച്ചതായി ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ് (IBJA) ഭാരവാഹികളും വ്യക്തമാക്കുന്നു.

നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ചെലവ് കൂടുമ്പോള്‍, ആ വ്യാപാരത്തിന്റെ ഒരു ഭാഗം നിയമവിരുദ്ധമായി മാറുന്നു എന്നത് തെളിയിക്കുന്നതാണ് ലോക്സഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്‍ഫോഴ്സ്മെന്റിന് ഇതിന്റെ വലിയൊരു പങ്ക് പിടികൂടാന്‍ കഴിഞ്ഞേക്കാമെങ്കിലും മുഴുവനായും പിടികൂടാന്‍ കഴിയില്ല എന്നതാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമപരമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ചെലവ് കൂടുമ്പോള്‍, ആ വ്യാപാരത്തിന്റെ ഒരു ഭാഗം നിയമവിരുദ്ധമായി മാറുന്നു എന്ന് തെളിയിക്കുന്നതാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്‍ഫോഴ്‌സ്‌മെന്റിന് ഇതിന്റെ വലിയൊരു പങ്ക് പിടികൂടാന്‍ കഴിഞ്ഞേക്കാമെങ്കിലും മുഴുവനായി പിടികൂടാന്‍ കഴിയില്ല എന്നതാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

നികുതി വരുമാനത്തിലും വലിയ ചോര്‍ച്ച

അന്താരാഷ്ട്ര വിപണിയിലെയും ആഭ്യന്തര വിപണിയിലെയും വില തമ്മിലുള്ള വലിയ അന്തരം മുതലെടുത്ത് കള്ളക്കടത്ത് റാക്കറ്റുകള്‍ തഴച്ചുവളരുകയാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (കെ.ജി.എസ്.എം.എ) ചൂണ്ടിക്കാട്ടി. നിയമവിധേയമായി ബിസിനസ് ചെയ്യുന്ന സാധാരണ ആഭരണ വ്യാപാരികളെയും കേരളത്തിലെ സ്വര്‍ണ വിപണിയെയും ഇത് സാരമായി ബാധിക്കുന്നുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, കള്ളക്കടത്ത് വിപണിയില്‍ നിന്നുള്ള അന്യായമായ മത്സരം, നിയമപരമായ ഇറക്കുമതിയിലെ കുറവ് എന്നിവ വ്യവസായത്തെ തകര്‍ച്ചയിലേക്ക് തള്ളിയിടുകയാണ്. ഇത് കേന്ദ്ര സര്‍ക്കാറിന്റെ നികുതി വരുമാനത്തിലും വലിയ ചോര്‍ച്ചയുണ്ടാക്കുന്നുണ്ടെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

അമിതമായ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്നത് ഉപഭോഗം കുറയ്ക്കുകയല്ല, മറിച്ച് കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മുന്‍കാല ചരിത്രങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. സമതുലിതമായ തീരുവ നയം നടപ്പാക്കിയാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ. മിതമായ നികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ നിയമപരമായ ഇറക്കുമതി വര്‍ധിക്കുകയും സര്‍ക്കാറിന്റെ നികുതി വരുമാനം മെച്ചപ്പെടുകയും ചെയ്യും. ഇത് ബുള്ളിയന്‍-ആഭരണ മേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ തീരുവ നയം പുനഃപരിശോധിച്ച് യുക്തിസഹമായ നിരക്കിലേക്ക് താഴ്ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നതാണ് കെ.ജി.എസ്.എം.എ ആവശ്യപ്പെടുന്നത്.

The Union Government's decision to hike customs duty to 15 percent has fueled illegal gold and silver smuggling, severely impacting Kerala's jewelry sector and state tax revenues.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com