

കേരളം ബാങ്കുകള്‍ക്ക് കേവലം കുറഞ്ഞ ചെലവില്‍ പണം കണ്ടെത്താനുള്ള ഒരു 'നിക്ഷേപ കേന്ദ്രം' (Deposit Hub) മാത്രമായി മാറുന്നുവോ? സംസ്ഥാനത്തെ സാധാരണക്കാരുടെയും പ്രവാസികളുടെയും സമ്പാദ്യം കൊണ്ട് ബാങ്ക് ലോക്കറുകള്‍ നിറയുമ്പോഴും, ആ തുകയുടെ സിംഹഭാഗവും മറ്റ് സംസ്ഥാനങ്ങളിലെ വിപണികളില്‍ ബിസിനസ് വളര്‍ത്താന്‍ ഉപയോഗിക്കുകയാണ് കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കുകള്‍.
2025-26 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ പ്രധാന ബാങ്കുകളുടെ നിക്ഷേപവും (Deposits) അവ സംസ്ഥാനത്ത് നല്‍കുന്ന വായ്പകളും (Loans) തമ്മില്‍ വലിയ വിടവാണ് പ്രകടമാകുന്നത്.
ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 5 ബാങ്കുകളുടെ ആകെയുള്ള നിക്ഷേപത്തിന്റെ 37 ശതമാനം മുതല്‍ 75 ശതമാനം വരെയും നല്‍കിയത് മലയാളികളാണ്. എന്നാല്‍, ഈ ബാങ്കുകള്‍ നല്‍കിയ ആകെ വായ്പകളില്‍ 18 മുതല്‍ 53 ശതമാനം വരെ മാത്രമാണ് കേരളത്തിലേക്ക് എത്തിയത്. ബാക്കി തുക മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസ് വിപണിയിലേക്കാണ് ഒഴുകിയതെന്ന് ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലായ ബിസിനസ് ബെഞ്ച്മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിക്ഷേപവും വായ്പയും തമ്മിലുള്ള ഈ വലിയ വിടവ് ഏറ്റവും കൂടുതല്‍ കാണുന്നത് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിലാണ് (ESAF SFB). ഇസാഫിന്റെ ആകെ നിക്ഷേപത്തിന്റെ 72.9 ശതമാനവും നല്‍കിയത് മലയാളികളാണ്. എന്നാല്‍ വായ്പ നല്‍കിയപ്പോള്‍ കേരളത്തിന് കിട്ടിയത് വെറും 33.5 ശതമാനം മാത്രം!
മറ്റ് ബാങ്കുകളുടെ കാര്യവും സമാനമാണ്. ഫെഡറല്‍ ബാങ്കില്‍ 58.6 ശതമാനം നിക്ഷേപം കേരളത്തില്‍ നിന്നുള്ളതാണെങ്കിലും വായ്പയില്‍ 26.6 ശതമാനം മാത്രമാണ് ഇങ്ങോട്ട് വന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 62.9 ശതമാനം നിക്ഷേപത്തിന് 31.3 ശതമാനം വായ്പ എന്ന കണക്കാണ്. ധനലക്ഷ്മി ബാങ്ക് 74.8 ശതമാനം നിക്ഷേപം ഇവിടുന്ന് വാങ്ങിയപ്പോള്‍ വായ്പ കൊടുത്തത് 52.8 ശതമാനമാണ്. സി.എസ്.ബി ബാങ്കിലാകട്ടെ നിക്ഷേപത്തിന്റെ 37.2 ശതമാനവും വായ്പയുടെ 17.8 ശതമാനവുമാണ് കേരളത്തിന്റെ വിഹിതം.
കാര്യം ലളിതമാണ്. കേരളീയരുടെ ശക്തമായ പ്രവാസി നിക്ഷേപ അടിത്തറ കാരണം വളരെ കുറഞ്ഞ ചെലവില്‍ ഫണ്ട് സമാഹരിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. എന്നാല്‍, വലിയ വ്യാവസായിക വായ്പകള്‍ക്കും വന്‍കിട ബിസിനസ് വിപുലീകരണങ്ങള്‍ക്കും കേരളത്തേക്കാള്‍ കൂടുതല്‍ അവസരം മറ്റ് സംസ്ഥാനങ്ങളിലാണെന്നാണ് ബാങ്കുകള്‍ കണക്കുകൂട്ടുന്നത്.
പഴയതുപോലെ സി.ഡി അനുപാതം (Credit-Deposit Ratio) മാത്രം നോക്കി ഒതുങ്ങിനില്‍ക്കാന്‍ ഇക്കാലത്ത് ബാങ്കുകള്‍ക്ക് കഴിയില്ല. കേരളത്തിലെ സുരക്ഷിതമായ നിക്ഷേപ തുക ഉപയോഗിച്ച് ദേശീയതലത്തില്‍ ബിസിനസ് വലിയ രീതിയില്‍ വികസിപ്പിക്കുകയെന്ന സ്ട്രാറ്റജിയാണ് ഇപ്പോള്‍ കേരളത്തിലെ ബാങ്കുകള്‍ പരീക്ഷിക്കുന്നതെന്ന് ബിസിനസ് ബെഞ്ച്മാര്‍ക്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Major Kerala-based banks collect up to 75% of deposits from the state but disburse bulk of their loans in other states, leaving a massive Credit-Deposit gap.
Read DhanamOnline in English
Subscribe to Dhanam Magazine