ബ്യൂട്ടി സലൂണ്‍ സംരംഭകര്‍ തിരക്കിലാണ്, കേരളത്തില്‍ ചുവടുറപ്പിക്കുന്ന വമ്പന്‍ ചെയ്‌നുകളോട് മത്‌സരിച്ചു തന്നെ

നിരന്തരമായ നവീകരണവും മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വ്യക്തിഗത സേവനങ്ങളുമാണ് ഇവരെ വേറിട്ട് നിര്‍ത്തുന്നത്
ബ്യൂട്ടി സലൂണ്‍ സംരംഭകര്‍ തിരക്കിലാണ്, കേരളത്തില്‍ ചുവടുറപ്പിക്കുന്ന വമ്പന്‍ ചെയ്‌നുകളോട് മത്‌സരിച്ചു തന്നെ
Published on

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബ്യൂട്ടി പാര്‍ലര്‍ മേഖലയാണ് കേരളത്തിലെ നല്ലൊരു വിഭാഗം വനിതകളെ സംരംഭക കുപ്പായം അണിയിച്ചത്. വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും ഒന്നോ രണ്ടോ പേര്‍ക്ക് ഉപജീവനം നല്‍കാനും പറ്റിയൊരു മേഖല എന്നതായിരുന്നു ഇതിന്റെ ആകര്‍ഷണം. പോകപ്പോകെ പുതിയൊരു സംസ്‌കാരം തന്നെ ഇവിടെ രൂപപ്പെട്ടു. കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ പോലും വനിതകള്‍ ബ്യൂട്ടിപാര്‍ലര്‍ ഉമടകളായി മാറി.

വിവാഹ ഒരുക്കങ്ങള്‍ക്കായും പുരികം ഷെയ്പ്പിംഗിനായും മാത്രം ബ്യൂട്ടിപാര്‍ലറുകളുടെ പടികള്‍ ചവട്ടിയിരുന്ന കാലത്ത് നിന്ന് ഓരോ മാസവും സൗന്ദര്യ സംരക്ഷണത്തിനായി നിശ്ചിത തുക മാറ്റിവയ്ക്കാന്‍ കേരളത്തിലെ സ്ത്രീകളെ പ്രേരിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചതിന്റെ ക്രെഡിറ്റും ഈ വനിതാ സംരഭകര്‍ക്ക് അവകാശപ്പെടാം.

വനിതകളുടെ നേതൃത്വത്തില്‍ തുടങ്ങിയ ഈ ബ്യൂട്ടീപാര്‍ലര്‍ വിപ്ലവത്തിന് ആധുനികതയുടെ പരിവേഷം നല്‍കി യൂണിസെക്‌സ് സലൂണ്‍ ശൃംഖലകള്‍ എത്തിയതോടെ ഈ മേഖലയില്‍ ഇപ്പോള്‍ മത്സരം ശക്തമാണ്. കേരളത്തിന്റെ സൗന്ദര്യ വിപണി ലക്ഷ്യമിട്ട് നിരവധി ചെയ്‌നുകള്‍ ചെറുപട്ടണങ്ങളില്‍ പോലും അതിവേഗം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

മൈ ഗ്രീന്‍ ട്രെന്‍ഡ്‌സ്, നാച്വറല്‍സ്, ടോണി ആന്‍ഡ് ഗൈ, ലാക്‌മെ സലൂണ്‍ തുടങ്ങിയ വമ്പന്‍മാരെല്ലാം ഒന്നിലധികം സലൂണുകളുമായാണ് കളം നിറയുന്നത്. ബ്യൂട്ടി ചെയ്‌നുകള്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം സുഗമമായിരുന്നെങ്കിലും ഇതിലേക്കൊരു വഴിവെട്ടിത്തെളിച്ചത് പ്രഗത്ഭരായ ഒരു കൂട്ടം വനിതകളുടെ ഒറ്റയ്ക്കും കൂട്ടായുമായുള്ള ശ്രമങ്ങളാണ്. അതുകൊണ്ട് തന്നെ ഈ വമ്പന്‍മാരുടെ വരവിലും കുലുക്കമില്ലാതെ മുന്നേറാന്‍ വനിതാ നേതൃത്വത്തിലുള്ള ഈ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് സാധിക്കുന്നുമുണ്ട്.

മാറ്റത്തിനു പിന്നിലെ പരിശ്രമം ചെറുതല്ല

30 വര്‍ഷം മുമ്പ് ബ്യൂട്ടിപാര്‍ലറുകളിലേക്ക് ഒട്ടൊരു ഭയപ്പാടോടുകൂടിയും ജാള്യതയോടെയുമെത്തിയിരുന്ന സ്ത്രീകളെ സൗന്ദര്യ സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാന്‍ പ്രേരിപ്പിച്ചതില്‍ ഈ വനിതാ സംരംഭകരുടെ പങ്ക് ചെറുതല്ല. ബ്യൂട്ടി പാര്‍ലര്‍ രംഗത്തേക്ക് കാലെടുത്തുവച്ച ആദ്യകാല സംരംഭകരില്‍ ഒരാളാണ് ശോഭ കുഞ്ചന്‍. ബ്യൂട്ടിപാര്‍ലറുകളില്‍ വരുന്നത് മോശം കാര്യമായി കണ്ടിരുന്ന അക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിന്റെ ആവശ്യകതയും മറ്റും പറഞ്ഞു പഠിപ്പിക്കാന്‍ ഏറെ പണിപ്പെട്ടിരുന്നുവെന്ന് ഓര്‍ത്തെടുക്കുന്നു ശോഭ കുഞ്ചന്‍. പരസ്യങ്ങളോ സോഷ്യല്‍ മീഡിയയോ ഇല്ലാതിരുന്നിട്ടും പറഞ്ഞും കേട്ടും കേരളമൊട്ടുക്ക് അറിയപ്പെടാന്‍ സാധിക്കുന്ന തലത്തിലേക്ക് പേര് നേടിയെടുക്കാന്‍ സാധിച്ചതിനു പിന്നില്‍ കഠിനമായ പ്രയത്‌നം തന്നെയുണ്ടെന്ന് അവര്‍ പറയുന്നു.

''ആളുകളുടെ വിശ്വാസം നേടിയെടുക്കാന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടി വന്നു. ബ്യൂട്ടീപാര്‍ലറുകളില്‍ പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് വരെ പറഞ്ഞിരുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ നിരന്തരമായി ശ്രമിച്ചു. തികച്ചും വ്യക്തഗതമായ ശ്രദ്ധ ആവശ്യമുള്ള മേഖലയാണിത്. ചെറിയ തെറ്റുകള്‍ പോലും കസ്റ്റമേഴ്‌സിന് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതുകണ്ടറിഞ്ഞാണ് സേവനം നല്‍കുന്നത്. സ്വന്തമായി പഠിച്ചാണ് ആദ്യം രംഗത്തേക്ക് ഇറങ്ങിയതെങ്കിലും പിന്നീട് പ്രൊഫഷണലായ അറിവ് വേണമെന്ന നിര്‍ബന്ധത്തില്‍ ഡല്‍ഹിയിലെ ബ്ലോസംസ് കൊച്ചാറിന്റെ പിവോട്ട് പോയിന്റ് അക്കാദമിയില്‍ നിന്ന് കോസ്‌മെറ്റോളജിയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് പൂര്‍ണമായും ഈ രംഗത്ത് നിലയുറപ്പിക്കുന്നത്. '' ശോഭ കുഞ്ചന്‍ പറയുന്നു.

കൊച്ചിയിലെ പനമ്പള്ളി നഗറില്‍ 1985ല്‍ തുടങ്ങിയ ലിവ് ഇന്‍ സ്‌റ്റൈല്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ ഇന്നും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇഷ്ട കേന്ദ്രമാണ്. ശോഭയുടെ മകള്‍ ശ്വേതയും ഈ രംഗത്ത് സജീവമാണ്. യു.കെയിലെ വിദാല്‍ സസൂണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹെയര്‍സ്‌റ്റൈലിംഗില്‍ ഡിഗ്രി നേടിയ ശ്വേത നിത അംബാനിയുടെ പേഴ്‌സണല്‍ ഡിസൈനറായിരുന്നു.

17-ാംവയസില്‍ സ്ഥാപനം തുടങ്ങിയതു മുതല്‍ ഇതുവരെ നിരവധി പേര്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കികൊടുക്കാനായതാണ് സന്തോഷമെന്നും ശോഭ കുഞ്ചന്‍ പറയുന്നു. പലയിടത്തു ശാഖകള്‍ തുടങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ നമ്മുടെ പേര് കേട്ടാണ് കസ്റ്റമേഴ്‌സ് എത്തുന്നത്. അവിടെ നമ്മുടെ സാന്നിധ്യം ഇല്ലെങ്കില്‍ തന്നെ ഉപയോക്താക്കള്‍ നിരാശരാകും. കൂടുതല്‍ പണം ഉണ്ടാക്കാനായി കൂടുതല്‍ സ്ഥലങ്ങളില്‍ പാര്‍ലര്‍ തുറക്കുന്നതിനോട് യോജിപ്പില്ല.'' ശോഭ കുഞ്ചന്‍ പറയുന്നു.

കേരളത്തിന്റെ പലകോണുകളിലും ഉയര്‍ന്ന വിപ്ലവം

സമാന കാലയളവിലാണ് തിരുവനന്തപുരത്ത് അനില ജോസഫും കണ്ണൂരില്‍ താഹിറ നിസാറുമൊക്കെ ഈ രംഗത്തേക്ക് സ്വയം വഴിവെട്ടി കടന്നു വരുന്നത്.

കേരളത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സുകളൊന്നുമില്ലാതിരുന്നതിനാല്‍ ഡല്‍ഹിയില്‍ ഷഹനാസ് ഹുസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമയും ബിരുദാനന്തര ബിരുദവും നേടിയാണ്  33 വര്ഷം മുൻപ് അനില ജോസഫ് എന്ന വീട്ടമ്മ ഈ രംഗത്ത് ചുവടുറപ്പിച്ചത്.

''ഒരു ലക്ഷം രൂപയോളം അന്ന് മുടക്കേണ്ടി വന്നു. പിന്നീട് പിവട്ട് ബ്ലോസംസ് കൊച്ചാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഹെയര്‍കട്ടിംഗിലും യോഗ്യത നേടി. ശാസ്ത്രീയമായി പഠിച്ച് മാത്രം ഈ രംഗത്തേക്ക് കടന്നു വന്നതിനാല്‍ കസ്റ്റമേഴ്‌സിന് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനായി. സിനിമാ താരം പാര്‍വതിയായിരുന്നു പാര്‍ലറില്‍ എത്തിയ ആദ്യ സെലിബ്രിറ്റി. പിന്നീടങ്ങോട്ട് നിരവധി സിനിമാ താരങ്ങള്‍ നിത്യ സന്ദര്‍ശകരായി. അന്ന് ഒപ്പം നിന്ന ജീവനക്കാരില്‍ പലരും ഇപ്പോഴും കൂടെയുണ്ട്. പലര്‍ക്കും ഒരു വരുമാനമാര്‍ഗം നല്‍കാന്‍ സാധിച്ചു. കൂടാതെ മലേഷ്യ, ഗള്‍ഫ്, അമേരിക്ക തുടങ്ങിയ പല സ്ഥലങ്ങളിലും എനിക്കൊപ്പം നിന്നവര്‍ സംരംഭകരായതും ചാരിതാര്‍ത്ഥ്യത്തോടെയാണ് കാണുന്നത്''. അനില പറയുന്നു.

33 വര്‍ഷം മുമ്പ് ക്വീന്‍സ് എന്ന പേരില്‍ കണ്ണൂരില്‍ സലൂണ്‍ ആരംഭിക്കുമ്പോള്‍ താഹിറയ്ക്ക് നേരിടേണ്ടി വന്നത് ചില്ലറ വെല്ലുവിളികളല്ല. പലരും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും തന്റെ പാഷനെ പിന്തുടര്‍ന്ന് ഈ രംഗത്തെ മുന്‍നിര പേരുകളിലൊന്നായി മാറി. പഴയകാലത്തെയും പുതിയ മാറ്റങ്ങളെയും അവർ വിലയിരുത്തുന്നത് ഇങ്ങനെ.

''അക്കാലത്ത് കേരളത്തില്‍ ഈ മേഖലയില്‍ കോഴ്‌സുകളൊന്നുമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ പോയി താമസിച്ച് പഠിച്ചാണ് യോഗ്യത നേടിയത്. കോസ്‌മെറ്റിക് പ്രോഡക്ടുകളും ഇവിടെ വളരെ കുറവായിരുന്നു. ഇന്നിപ്പോള്‍ ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ്. അത്രയധികം പ്രോഡക്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലും വലിയ വ്യത്യാസം വന്നിട്ടുണ്ട്. പലര്‍ക്കും മേക്ക് ഓവര്‍ ചെയ്യാനും മറ്റും താത്പര്യം വര്‍ധിച്ചിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ മുതല്‍ കരിക്കുലത്തിന്റെ ഭാഗമായി ഈ കോഴ്‌സുകള്‍ മാറ്റിയാല്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാനാകും. ഈ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവും ലഭിക്കും .''താഹിറ ചൂണ്ടിക്കാട്ടുന്നു. ബി.ബി.എയും എം.ബി.എയും പൂർത്തിയാക്കിയ മകളും ഇപ്പോള്‍ ഈ മേഖലയിലേക്ക് താല്പര്യത്തോടെ കടന്നുവന്നിട്ടുണ്ട്. കോസ്‌മെറ്റിക് ഷോപ്പുമായി മകനും ഈ മേഖലയില്‍ സജീവമാണ്. 

മത്സരമില്ല, അവസരം മാത്രം

പ്രതിമാസം ശരാശരി 2000-3000 രൂപ വരെ സൗന്ദര്യ സംരക്ഷണത്തിന് നീക്കിവയ്ക്കാന്‍ ഇപ്പോള്‍ പലരും തയാറാകുന്നുണ്ട്. ഈ രംഗത്തെ മികച്ച സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് ഈ സംരംഭകർ പറയുന്നു. മികച്ച സേവനം നല്‍കുന്നിടത്തേക്ക് ആളുകള്‍ എന്തായാലും എത്തും. വലിയ വിപണിയാണിത്. ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് സേവനം നല്‍കാന്‍ സാധിക്കില്ല. അതുകൊണ്ട് ഇനിയും ഈ രംഗത്തേക്ക് ധാരാളം പേര്‍ക്ക് കടന്നു വരാനാകും. വ്യക്തിഗത ശ്രദ്ധയും പരിചരണവും ലഭ്യമാക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയാകുമെന്നാണ് ഇവരുടെ ഉപദേശം.

സലൂണ്‍ ശൃംഖലകളില്‍ മാനേജര്‍മാരുടെ നേതൃത്വത്തില്‍ പ്രൊഫഷണലായ അതിഥി തൊഴിലാളികളാണ് സേവനം നല്‍കുന്നത്. ഇത് ഭാഷാപരമായ ആശയക്കുഴപ്പങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കാറുണ്ട്. അതു പല കസ്റ്റമേഴ്‌സിനെയും ഉടമകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

നിരന്തരമായ പഠനം

അനുദിനം മാറുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് നിലനില്‍ക്കണമെങ്കില്‍ സ്വയം നവീകരിക്കേണ്ടതുണ്ട്. സ്ഥിരമായി കമ്പനികളുടെ ട്രെയിനിംഗ് പ്രോഗ്രാമുകളിലും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഇവന്റുകളില്‍ പങ്കെടുക്കുകയും വേണം. പുതിയ ടെക്‌നോളജികള്‍, പ്രോഡക്ട്‌സ് എന്നിവ അവതരിപ്പിക്കണം. പേരെടുത്ത സ്ഥാപനങ്ങള്‍ക്ക് മിക്കവാറും കമ്പനികള്‍ തന്നെ നേരിട്ട് ട്രെയിനിംഗ് പ്രോഗ്രാം നല്‍കാറുണ്ട്.

ഇതിനൊപ്പം നൂതനമായ മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ കൂടി അവതരിപ്പിക്കുന്നവര്‍ക്കാണ് ഈ രംഗത്ത് വിജയിക്കാനാകുന്നത്. ഓഫ് സീസണിലും ബിസിനസ് നിലനിറുത്താന്‍ പ്രത്യേക പാക്കേജുകളും മറ്റും പല സലൂണുകളും നല്‍കാറുണ്ട്. അതേപോലെ തിരക്കില്ലാത്ത, ഉച്ച സമയങ്ങളിലും മറ്റും ആളുകളെ ആകര്‍ഷിക്കാനായി കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളും അവതരിപ്പിക്കാറുണ്ട്.

പുതിയ സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്

പഠിച്ചിറങ്ങിയ ഉടന്‍ ഒരു സലൂണ്‍ തുടങ്ങാതെ മതിയായ പ്രവൃത്തി പരിചയം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ഓരോ ചർമ്മവും  ഓരോ മുടിയും വ്യത്യസ്തമാണ്. അത് ദീര്‍ഘനാളത്തെ പരിശീലനം കൊണ്ടാണ് മനസിലാക്കാനാകുക. യൂട്യൂബിലും മറ്റും കണ്ട അറിവ് കസ്റ്റമേഴ്‌സില്‍ പ്രയോഗിക്കുന്നത് പല പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ചര്‍മത്തിന് യോജിക്കാത്ത ഫേഷ്യലുകളും ട്രീറ്റ്‌മെന്റുകളുമൊക്കെ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. നല്ല പരിജ്ഞാനം നേടിയിട്ടുള്ളവര്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും നില്‍ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നു  പുതു സംരംഭകരോട് വിജയിച്ച സംരംഭകര്‍ ഓർമപ്പെടുത്തുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com