ധനം ബിഎഫ്എസ്ഐ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വി.പി നന്ദകുമാറിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ഇതാദ്യമായി പുരസ്കാരം, 9-ാം സമിറ്റ് & അവാർഡ് നൈറ്റിൽ 9 സ്ഥാപനങ്ങൾക്ക് ബഹുമതി
V.P Nandakumar, MD and CEO of Manappuram Finance Limited
Published on: 

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് സംഗമമായ ധനം ബിഎഫ്എസ്‌ഐ സമിറ്റ് & അവാര്‍ഡ് നെറ്റിനോട് അനുബന്ധിച്ചുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

വലപ്പാട്ടെ ഒറ്റമുറി സ്വര്‍ണ പണയ വായ്പ സ്ഥാപനത്തെ രാജ്യത്തിന് തന്നെ അഭിമാനകരമായ കോര്‍പ്പറേറ്റ് പ്രസ്ഥാനവും ബിസിനസ് മോഡലുമായി വളര്‍ത്തിയ വി.പി നന്ദകുമാറിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. 1949ല്‍ വി.സി പത്മനാഭന്‍ തുടക്കമിട്ട സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് അദ്ദേഹത്തിന്റെ വിയോഗശേഷം 1986ലാണ് വി.പി നന്ദകുമാര്‍ കടന്നെത്തുന്നത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഏറ്റവും വലിയ മൂലധനമാക്കി വി.പി നന്ദകുമാർ വലിയ സ്വപ്‌നങ്ങള്‍ കാണുകയും വേറിട്ട വഴികളിലൂടെ ധൈര്യപൂര്‍വ്വം സഞ്ചരിക്കുകയും ചെയ്തു. സ്വര്‍ണം ഈടായി വാങ്ങി വായ്പ കൊടുക്കുന്ന തികച്ചും ലളിതമായൊരു ആശയത്തില്‍ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് വലിയതോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കരുത്തുള്ളൊരു ബിസിനസ് മോഡലാക്കി അതിനെ മാറ്റി. ചുറ്റിലുമുള്ള സമൂഹത്തെ കൂടി കൈപിടിച്ചുയര്‍ത്തുന്നതും കോര്‍പ്പറേറ്റുകളുടെ ഉത്തരവാദിത്തമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന വി.പി നന്ദകുമാര്‍ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടതും തുടര്‍ന്നുകൊണ്ടുപോകുന്നതും.

ഒമ്പതാമത് ധനം ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ ഒമ്പത് സ്ഥാപനങ്ങളെയാണ് വിവിധ വിഭാഗങ്ങളിലായി ആദരിക്കുന്നത്.

ബാങ്ക് ഓഫ് ദി ഇയര്‍ (Total Business Above ₹10 Lakh Crore): കോട്ടക് മഹീന്ദ്ര ബാങ്ക്‌

ബിസിനസ് വളര്‍ത്തുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കവും കൈവിടാതിരിക്കുക എന്ന സന്തുലിതാവസ്ഥയാണ് വന്‍കിട ബാങ്കുകള്‍ക്കിടയില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനെ വേറിട്ടുനിര്‍ത്തുന്നത്. വായ്പകള്‍ വിപുലീകരിക്കുമ്പോഴും കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനും ശക്തമായ മൂലധനശേഷി നിലനിര്‍ത്താനും ബാങ്കിന് കഴിഞ്ഞു. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സേവിംഗ്സ്, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങളുടെ (സിഎഎസ്എ) ഉയര്‍ന്ന വിഹിതവും കരുത്താണ്. 2025-26ല്‍ നിക്ഷേപങ്ങളും വായ്പകളും ചേര്‍ന്ന മൊത്തം ബിസിനസ് 15.4 ശതമാനം വര്‍ധിച്ച് 10.68 ലക്ഷം കോടി രൂപയിലെത്തിയപ്പോള്‍, ആവശ്യമായ കരുതല്‍ തുക കിഴിച്ച ശേഷമുള്ള കിട്ടാക്കടം വെറും 0.25 ശതമാനം മാത്രമാണ്.

ബാങ്ക് ഓഫ് ദി ഇയര്‍ (Total Business Up to ₹10 Lakh Crore): തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്‌

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ഈ ഇടത്തരം സ്വകാര്യ ബാങ്ക് വേഗത്തിലുള്ള വളര്‍ച്ചയും സുരക്ഷിതമായ ബാങ്കിംഗ് പ്രവര്‍ത്തനവും ഒരുമിച്ച് സാധ്യമാണെന്ന് തെളിയിച്ചു; ബിസിനസ് വിപുലീകരിക്കുമ്പോഴും വായ്പകളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് പ്രധാന മികവ്. 2025-26ല്‍ നിക്ഷേപങ്ങളും വായ്പകളും ചേര്‍ന്ന ബിസിനസ് 17.6 ശതമാനം വര്‍ധിച്ച് 1.15 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 13.1 ശതമാനം ഉയര്‍ന്ന് 1,338 കോടി രൂപയായി. വായ്പ തിരിച്ചടവ് മുടങ്ങിയതുമൂലമുള്ള മൊത്തം കിട്ടാക്കടങ്ങളുടെ അനുപാതം (ഗ്രോസ് എന്‍പിഎ) 0.73 ശതമാനം മാത്രമാണ്; പരിഗണിച്ച 21 ബാങ്കുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ (AUM Above ₹10,000 Crore): മുത്തൂറ്റ് ഫിനാന്‍സ്‌

ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന് 2026 സാമ്പത്തിക വര്‍ഷം വളരെ മികച്ചതായിരുന്നു; ബിസിനസിന്റെ വലുപ്പം ഗണ്യമായി ഉയര്‍ത്തിയതിനൊപ്പം ആ വളര്‍ച്ചയെ ലാഭമാക്കി മാറ്റുന്നതിലും മികവ് കാഴ്ചവെച്ചു. 2025-26ല്‍ വായ്പാ ആസ്തികള്‍ 49.9 ശതമാനം വര്‍ധിച്ച് 1.63 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം ഏകദേശം ഇരട്ടിയായി 10,134 കോടി രൂപയായി. ഓഹരി ഉടമകളുടെ മൂലധനത്തിന്മേലുള്ള ലാഭനിരക്ക് (റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി) 30.6 ശതമാനമാണ്. വളര്‍ച്ചയുടെ വലുപ്പത്തേക്കാള്‍ അതിലൂടെ സൃഷ്ടിച്ച ലാഭക്ഷമതയാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.

എന്‍ബിഎഫ്‌സി ഓഫ് ദി ഇയര്‍ (AUM Up to ₹10,000 Crore): ഇന്‍ഡെല്‍ മണി

വളര്‍ച്ചയുടെ വേഗത്തിലും ലാഭക്ഷമതയിലും ഒരുപോലെ മികവ് തെളിയിച്ച സ്ഥാപനമാണിത്; ഒരു വര്‍ഷത്തിനിടെ വായ്പാ ബിസിനസ് ഏകദേശം ഇരട്ടിയാക്കിയപ്പോഴും കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനും അവയുടെ അനുപാതം മെച്ചപ്പെടുത്താനും കഴിഞ്ഞു. 2025-26ല്‍ വായ്പാ ആസ്തികള്‍ 94 ശതമാനം വര്‍ധിച്ച് 3,011 കോടി രൂപയിലെത്തി; പരിഗണിച്ച വിഭാഗത്തിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണിത്. അറ്റാദായം 178 ശതമാനം ഉയര്‍ന്ന് 124 കോടി രൂപയായി. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 26.1 ശതമാനമാണ്; ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ (AUM ₹1 Lakh Crore and Above): ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)

ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും വലിയ സ്ഥാപനമെന്ന നിലയില്‍ രാജ്യത്തെ മൊത്തം പ്രീമിയത്തിന്റെ പകുതിയിലധികവും എല്‍ഐസിയുടെ വിഹിതമാണ്; വിപുലമായ ബിസിനസ് അടിത്തറയില്‍ തുടര്‍ച്ചയായ വളര്‍ച്ചയും ഉയര്‍ന്ന ലാഭവും നിലനിര്‍ത്താനാകുന്നതാണ് കരുത്ത്. 2025-26ല്‍ രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 53.8 ശതമാനം എല്‍ഐസി സമാഹരിച്ചു. പ്രീമിയം വരുമാനം 9.8 ശതമാനം വര്‍ധിച്ച് 5.37 ലക്ഷം കോടി രൂപയിലെത്തി. അറ്റാദായം 19.2 ശതമാനം ഉയര്‍ന്ന് 57,419 കോടി രൂപയായി.

ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ (AUM Below ₹1 Lakh Crore): കനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സ്‌

വളര്‍ച്ചയുടെ വേഗമാണ് സമാന വലുപ്പമുള്ള കമ്പനികള്‍ക്കിടയില്‍ കനറ എച്ച്എസ്ബിസിയെ വേറിട്ടുനിര്‍ത്തുന്നത്; പുതിയ പോളിസികളിലൂടെയും നിലവിലുള്ളവയുടെ പുതുക്കലിലൂടെയും പ്രീമിയം വരുമാനം ഗണ്യമായി ഉയര്‍ത്താനും ലാഭക്ഷമതയും സാമ്പത്തിക സ്ഥിരതയും നിലനിര്‍ത്താനും കഴിഞ്ഞു. 2025-26ല്‍ മൊത്തം പ്രീമിയം വരുമാനം 25.1 ശതമാനം വര്‍ധിച്ച് 10,046 കോടി രൂപയിലെത്തി; പരിഗണിച്ച വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രീമിയം വളര്‍ച്ചയാണിത്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 12 ശതമാനം ഉയര്‍ന്ന് 46,118 കോടി രൂപയായി. അറ്റാദായം 8.2 ശതമാനം വര്‍ധിച്ച് 127 കോടി രൂപയായി.

ജനറല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍: ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ്‌

കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കുന്നതുകൊണ്ടുമാത്രം ലാഭം ഉറപ്പാകില്ലെന്നും ക്ലെയിം ചെലവുകളും മറ്റ് ബാധ്യതകളും കഴിഞ്ഞും ലാഭക്ഷമത നിലനിര്‍ത്തണമെന്നുമുള്ള സാഹചര്യത്തില്‍ വിപണിയിലെ ശക്തമായ സാന്നിധ്യത്തിനൊപ്പം ഉയര്‍ന്ന ലാഭനിരക്കുകളാണ് ബജാജിനെ വേറിട്ടുനിര്‍ത്തുന്നത്. 2025-26ല്‍ നേരിട്ടുള്ള മൊത്തം പ്രീമിയം സമാഹരണം 8.2 ശതമാനം വര്‍ധിച്ച് 23,179 കോടി രൂപയിലെത്തി. അറ്റാദായം ആറ് ശതമാനം ഉയര്‍ന്ന് 1,942 കോടി രൂപയായി. ലഭിച്ച അറ്റ പ്രീമിയം വരുമാനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള ലാഭനിരക്ക് 20.4 ശതമാനമാണ്; പരിഗണിച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് ഓഫ് ദി ഇയര്‍ (AUM ₹25,000 Crore and Above): എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട്‌

വിപണി മുന്നേറുമ്പോഴുള്ള നേട്ടത്തിനൊപ്പം ഇടിവിന്റെ കാലത്ത് നഷ്ടം പരിമിതപ്പെടുത്താനും കഴിഞ്ഞതാണ് മികവ്. 2026 മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക നേട്ടം 18.2 ശതമാനമാണ്; നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ (ടിആര്‍ഐ) അപേക്ഷിച്ച് പ്രതിവര്‍ഷം അഞ്ച് ശതമാനം പോയിന്റ് അധിക നേട്ടമാണിത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സൂചിക 2.9 ശതമാനം ഇടിഞ്ഞപ്പോള്‍ ഫണ്ടിന്റെ നഷ്ടം 0.9 ശതമാനമായി പരിമിതപ്പെട്ടു. 2026 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ഏകദേശം 91,340 കോടി രൂപ ആസ്തി കൈകാര്യം ചെയ്തിരുന്ന ഫണ്ട് വലിയ നിക്ഷേപ അടിത്തറയിലും വിപണിയെക്കാള്‍ മെച്ചപ്പെട്ട നേട്ടം നല്‍കി.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് ഓഫ് ദി ഇയര്‍ (AUM Below ₹25,000 Crore): ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട്‌

ഉയര്‍ന്ന നഷ്ടസാധ്യതയും ചാഞ്ചാട്ടങ്ങളും നിറഞ്ഞ സ്മോള്‍ ക്യാപ് വിപണിയില്‍ സൂചികയെ സ്ഥിരമായി മറികടന്നതാണ് പ്രത്യേകത. 2026 മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക നേട്ടം 27.8 ശതമാനമാണ്; നിഫ്റ്റി സ്മോള്‍ക്യാപ് 250 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ (ടിആര്‍ഐ) അപേക്ഷിച്ച് പ്രതിവര്‍ഷം 9.5 ശതമാനം പോയിന്റ് അധിക നേട്ടമാണിത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സൂചിക 4.9 ശതമാനം ഇടിഞ്ഞപ്പോഴും ഫണ്ട് ഏകദേശം ഒരു ശതമാനം നേട്ടത്തോടെ വര്‍ഷം പൂര്‍ത്തിയാക്കി; 2026 മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് ഏകദേശം 20,130 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന ആസ്തി.

അവാര്‍ഡ് നിര്‍ണയം നാല് ഘട്ടങ്ങളിലൂടെ

2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ പ്രകടനവും മുന്‍ വര്‍ഷത്തെ കണക്കുകളും അടിസ്ഥാനമാക്കി നാല് ഘട്ടങ്ങളിലാണ് വിലയിരുത്തല്‍ നടത്തിയത്. ഓഡിറ്റ് ചെയ്ത വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങുകള്‍, ഐആര്‍ഡിഎഐ പൊതുവെളിപ്പെടുത്തലുകള്‍, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍, ആംഫി രേഖകള്‍ എന്നിവയില്‍ നിന്ന് ആധികാരിക കണക്കുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സമാന വലുപ്പമുള്ളവയെ വിഭാഗങ്ങളാക്കി തിരിച്ചു; ബാങ്കുകളെ മൊത്തം ബിസിനസ് 10 ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ളവയെന്നും താഴെയുള്ളവയെന്നും (11 ഘടകങ്ങള്‍ വിലയിരുത്തി), എന്‍ബിഎഫ്‌സികളെ വായ്പാ ആസ്തികള്‍ 10,000 കോടി രൂപയ്ക്ക് മുകളിലുള്ളവയെന്നും താഴെയുള്ളവയെന്നും (10 ഘടകങ്ങള്‍ വീതം), ലൈഫ് ഇന്‍ഷുറന്‍സുകളെ ആസ്തികള്‍ ഒരുലക്ഷം കോടി രൂപയും അതിലധികവുമുള്ളവയെന്നും താഴെയുള്ളവയെന്നും (ഒമ്പത് ഘടകങ്ങള്‍), ജനറല്‍ ഇന്‍ഷുറന്‍സുകളെ ഒറ്റ വിഭാഗമായും (ഒമ്പത് ഘടകങ്ങള്‍), മ്യൂച്വല്‍ ഫണ്ടുകളെ ആസ്തികള്‍ 25,000 കോടി രൂപയും അതിലധികവുമുള്ളവയെന്നും താഴെയുള്ളവയെന്നും (സൂചിക താരതമ്യവും റിസ്‌കും) വിഭജിച്ചു.

ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയില്‍ 2025-26ല്‍ ലാഭം നേടിയവയെയും മ്യൂച്വല്‍ ഫണ്ടുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനചരിത്രമുള്ളവയെയും പരിഗണിച്ചു. ഓരോ മാനദണ്ഡത്തിലും പ്രകടനനില അനുസരിച്ച് സ്‌കോര്‍ നല്‍കി, പ്രാധാന്യമനുസരിച്ച് കൂട്ടിച്ചേര്‍ത്ത് റാങ്ക് കണക്കാക്കിയ ശേഷം ജൂറിയാണ് അന്തിമ ജേതാക്കളെ നിശ്ചയിച്ചത്.

വിദഗ്ധ സമിതി

എല്‍ഐസി ഓഫ് ഇന്ത്യ മുന്‍ മാനേജിങ് ഡയറക്റ്റര്‍ ടി.സി സുശീല്‍ കുമാര്‍, കെ. വെങ്കിടാചലം അയ്യര്‍ & കോ. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, ടൈ കേരള പ്രസിഡന്റും വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ സതീഷ് മേനോന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്‌സ് (കേരള) ചീഫ് പേട്രണുമായ ഏബ്രഹാം തര്യന്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ജൂറി അംഗങ്ങള്‍.

Dhanam has announced the winners of the ninth Dhanam BFSI Awards 2026 across banking, NBFC, insurance, and equity mutual fund categories, honouring V.P. Nandakumar with the Lifetime Achievement Award.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```