ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, സമ്പദ്‌രംഗത്തെ പുതുസ്പന്ദനവുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമം ഇന്ന്‌

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി, റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു എന്നിവര്‍ മുഖ്യാതിഥികള്‍
ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, സമ്പദ്‌രംഗത്തെ പുതുസ്പന്ദനവുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സംഗമം ഇന്ന്‌
Published on

രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമായി ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം ബി.എഫ്.എസ്.ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2025

പത്ത് ലക്ഷം കോടി രൂപയ്ക്കു മുകളില്‍ ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തില്‍ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2025 ആയി ഐ.സി.ഐ.സി.ഐ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.

10 ലക്ഷം കോടിയില്‍ താഴെ ബിസിനസുള്ള ബാങ്കുകളുടെ വിഭാഗത്തില്‍ ധനം ബാങ്ക് ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയും കരസ്ഥമാക്കി.

ധനം എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ 2025

പതിനായിരം കോടി രൂപയ്ക്കു മുകളില്‍ ആസ്തി കൈകാര്യം ചെയ്യുന്ന (AUM) എന്‍.ബി.എഫ്.സികളുടെ വിഭാഗത്തില്‍ ധനം എന്‍.ബി.എഫ്.സി ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് കേരള കമ്പനി കൂടിയായ മുത്തൂറ്റ് ഫിനാന്‍സിനാണ്.

10,000 കോടി രൂപയ്ക്ക് താഴെ എം.യു.എം ഉള്ള എന്‍.ബി.എഫ്.സികളുടെ വിഭാഗത്തില്‍ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്‌സ് പുരസ്‌കാരം സ്വന്തമാക്കി.

ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025

ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025 (ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍ എം.യു.എം) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ്.

ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ വിഭാഗത്തില്‍ സ്റ്റാര്‍ യൂണിയന്‍ ദായി ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് പുരസ്‌കാരം കരസ്ഥമാക്കി.

ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ദി ഇയര്‍ 2025

ജനറല്‍ ഇന്‍ഷുറന്‍സ് ഓഫ് ദി ഇയര്‍ 2025 അവാര്‍ഡ് ബജാജ് ജനറല്‍ ഇന്‍ഷുറന്‍സിനാണ്.

ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

2025ലെ ഫിനാന്‍സ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്‌ സിറ്റി യൂണിയന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഡോ. എന്‍. കാമകോടിയാണ്.

അവാര്‍ഡ് നിര്‍ണയിച്ചത് വിദഗ്ധ ജൂറി

എല്‍.ഐ.സി മുന്‍ എം.ഡി ടി.സി സുശീല്‍ കുമാര്‍, കെ.വെങ്കിടാചലം അയ്യര്‍ ആന്‍ഡ് കമ്പനി സീനിയര്‍ പാര്‍ട്ണര്‍ എ. ഗോപാലകൃഷ്ണന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവരടങ്ങിയ ജൂറിയാണ് ധനം ബി.എഫ്.എസ്.ഐ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

സാമ്പത്തിക രംഗത്തെ പുത്തന്‍ സപ്ന്ദനങ്ങളുമായി ധനം സംഗമം

ഇന്ന്‌ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിന്റെ പ്രൗഢഗംഭീര വേദിയിലാകും ധനം ബി.എഫ്.എസ്.ഐ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റില്‍ ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി ഉദ്ഘാടന പ്രസംഗം നടത്തും. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര്‍ റാവു അവാര്‍ഡ് നിശയില്‍ മുഖ്യാതിഥിയായി സംബന്ധിക്കും.

മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റുമായുള്ള ഫയര്‍ സൈഡ് ചാറ്റാണ് അവാര്‍ഡ് നിശയുടെ മറ്റൊരു ആകര്‍ഷണം.

രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമ്മിറ്റിലും അവാര്‍ഡ് നിശയിലുമായി ദേശീയ, രാജ്യാന്തരതലത്തിലെ 20ലേറെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ഓളം പേര്‍ പ്രതിനിധികളായി പങ്കെടുക്കും.

ബാങ്കിംഗ് രംഗത്തിന്റെ ഭാവി, അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലെ നിക്ഷേപം, വായ്പാ മേഖലയെ എങ്ങനെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു, ടെക്നോളജി ബി.എഫ്.എസ്.ഐ മേഖലയില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടക്കും.

സമ്മിറ്റിനോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷനില്‍ ബാങ്കിംഗ്, നിക്ഷേപ, ഇന്‍ഷുറന്‍സ് രംഗത്തെ കമ്പനികളും ഈ മേഖലയിലേക്ക് വേണ്ട സേവനങ്ങള്‍ നല്‍കുന്നവരും തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും.

പിന്തുണയുമായി ബ്രാന്‍ഡുകള്‍

മുത്തൂറ്റ് ഫിനാന്‍സ് ആണ് സമ്മിറ്റിന്റെ പ്രസന്റിംഗ് സ്‌പോണ്‍സര്‍. ഗോള്‍ഡ് പാര്‍ടണര്‍മാരായി മണപ്പുറം ഫിനാന്‍സ്, വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, എല്‍.ഐ.സി എന്നിവര്‍ അണിനിരക്കുന്നു. ബിറ്റ്‌സേവാണ് ബിറ്റ്‌കോയിന്‍ പാര്‍ണര്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊളിഗോ, ന്യൂട്രല്‍ നെറ്റ്‌വര്‍ക്‌സ്, റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, ധനലക്ഷ്മി ഹയര്‍പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ്, ഡി.ബി.എഫ്.എസ്, എന്‍.ജെ.ടി ഫിനാന്‍സ്, കെ.എസ്.എഫ്.ഇ എന്നിവരാണ് സില്‍വര്‍ പാര്‍ട്ണര്‍മാര്‍. എലിസ്റ്റോ എനര്‍ജീസ് എനര്‍ജി പാര്‍ട്ണറായും വൈറല്‍മാഫിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായും അബാസോഫ്റ്റ് ടെലികോളിംഗ് പാര്‍ട്ണറായും സമ്മിറ്റിനൊപ്പം കൈകോര്‍ക്കുന്നു. ആഡ്ഫാക്ടേഴ് ആണ് പി.ആര്‍ പാര്‍ട്ണര്‍. പ്രീമാജിക് എഐ മാര്‍ക്കറ്റിംഗ് പാര്‍ട്ണറുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com