
ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന 17-ാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് ആതിഥ്യം അരുളാന്‍ വാണിജ്യതലസ്ഥാനമായ കൊച്ചി ഒരുങ്ങി. ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 9.30 വരെ ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന, ബിസിനസ് കേരളത്തിന്റെ ഈ മെഗാ സംഗമത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഗുനീത് മോംഗ കപൂര്‍ വിശിഷ്ടാതിഥിയാകും. ക്രീയേറ്റീവ് എന്‍ട്രപ്രണര്‍ എന്ന രീതിയില്‍ കടന്നു വന്ന വഴികളെ കുറിച്ചാകും ഗുനീത് മോംഗ അനുഭവം പങ്കുവെക്കുക.
സംരംഭകര്‍, പ്രൊഫഷണലുകള്‍, നയരൂപകര്‍ത്താക്കള്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി 1,000ത്തോളം പേര്‍ പങ്കെടുക്കുന്ന സമിറ്റ് വേറിട്ട ആശയങ്ങളുടെയും അറിവ് പങ്കുവയ്ക്കലിന്റെയും അപൂര്‍വവേദിയാകും.
ഉള്‍ക്കാഴ്ചയേകുന്ന പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചയും മിഴിവേകുന്ന സമ്മിറ്റില്‍ ദി ന്യൂ ഏജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്ട് ബിയോണ്ട് പ്രോഫിറ്റ് (സംരംഭകത്വത്തിന്റെ പുതുകാലം: ലാഭത്തിനപ്പുറം സ്വാധീന നിര്‍മിതി) എന്ന വിഷയത്തില്‍ സംസാരിക്കാനെത്തുന്നത് ശതകോടീശ്വര സംരംഭകനും കൈഫ് ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നെസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളനാണ്. കോഴിക്കോട് നിന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ശതകോടീശ്വരന്‍മാരില്‍ ഒരാളായി മാറിയ വ്യക്തിതത്വമാണ് ഫൈസല്‍ കൊട്ടിക്കോളന്‍.
ഹരിത സമ്പദ് വ്യവസ്ഥയിലെ (ഗ്രീന്‍ ഇക്കോണമി) ബിസിനസ് അവസരങ്ങളെ കുറിച്ച് സാമൂഹ്യനിരീക്ഷകനും ഇന്‍ഫ്‌ളുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടിയുടെ പ്രത്യേക പ്രഭാഷണവും സമിറ്റിനെ ശ്രദ്ധേയമാക്കും.
സംസ്ഥാനത്ത് 1000 കോടിയിലും അതിനുമുകളിലും വിറ്റുവരവുള്ള കമ്പനികളെ അണിനിരത്തുന്ന 'ധനം പവര്‍ലിസ്റ്റ്' ചടങ്ങില്‍ വെച്ച് പുറത്തിറക്കും. അറുപതോളം കമ്പനികളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ആകും അവതരിപ്പിക്കുക. ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയും സമിറ്റിനോടനുബന്ധിച്ചുണ്ടാകും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലൂക്കാസ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ അജു ജേക്കബ്, വാക്കറൂ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി. നൗഷാദ്, പോപ്പുലര്‍ വെഹിക്ക്ള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ ഫിലിപ്പ് എന്നിവര്‍ കമ്പനിയുടെ വളര്‍ച്ചാ പടവുകളെ കുറിച്ചും കടന്നു വന്ന വഴികളെകുറിച്ചും സംസാരിക്കും.
ബിസിനസ് മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളും വേദിയില്‍ വിതരണം ചെയ്യും. ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ്ആലുക്കാസിനാണ്. സിജിഎച്ച് എര്‍ത്ത് സഹസ്ഥാപകന്‍ ജോസ് ഡൊമിനിക്കിനാണ് ലൈഫ്‌ടൈം ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ധനം ബിസിനസ് പ്രൊഫഷണല്‍ 2025 പുരസ്‌കാരത്തിന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹോള്‍ടൈം ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ വെങ്കിട്ടരാമന്‍ രാമചന്ദ്രന്‍ അര്‍ഹനായി. എലൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധനേസ രഘുലാലിനെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ്ദി ഇയര്‍ 2025 ആയി തിരഞ്ഞെടുത്തു. ധനം സ്റ്റാര്‍ട്ട് അപ് പുരസ്‌കാരം രാഹുല്‍ ശശി സഹസ്ഥാപകനും സി.ഇ.ഒയുമായ ക്ലൗഡ്‌സെകിനാണ്.
സിന്തൈറ്റ് ആണ് ഇവന്റിന്റെ ഡയമണ്ട് സ്പോണ്‍സര്‍. മണപ്പുറം ഫിനാന്‍സ്, ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍, പിട്ടാപ്പിള്ളില്‍, റിച്ച്മാക്സ് ഫിന്‍വെസ്റ്റ്, എസ്.എം.സി ഗ്രൂപ്പ് എന്നിവ ഗോള്‍ഡ് പാര്‍ട്ണര്‍മാരാണ്.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിമണി, ബെന്നീസ് റോയല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഇന്‍ഡെല്‍ മണി, മാന്‍ കാന്‍കോര്‍, ഫാക്ട്, കനറാ ബാങ്ക്, ഭാരത് പെട്രോളിയം എന്നിവ സില്‍വര്‍ പാര്‍ട്ണര്‍മാരായും എത്തും. ഇവന്റ് പാര്‍ട്ണര്‍ ഇര്‍ഗോ കണ്‍സള്‍ട്ടിംഗ് ആണ്. എനര്‍ജി പാര്‍ട്ണറായി ഇലാസ്റ്റിയോ എനര്‍ജീസും ഡിജിറ്റല്‍ പാര്‍ട്ണറായി കെന്‍പ്രൈമോയും ഇവന്റിനൊപ്പമുണ്ടാകും.
സംസ്ഥാനത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള ബിസിനസുകാര്‍ക്കിടയിലേക്ക് ബ്രാന്‍ഡുകള്‍ക്ക് കടന്നെത്താനുള്ള അവസരം കൂടിയാണിത്. ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് വേദിയുടെ സമീപം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി നിരവധി ബ്രാന്‍ഡുകളും അണിനിരക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine