ബിസിനസിനെ അടുത്ത തലത്തിലേക്ക് വളര്‍ത്തണോ? വഴികള്‍ അറിയാന്‍ സംരംഭക ശില്‍പ്പശാല ഇന്ന് കോഴിക്കോട്

ബിസിനസിലേക്ക് ഫണ്ട് കൊണ്ടുവരാനും വളര്‍ത്താനുമുള്ള പ്രായോഗിക വഴികള്‍ വിശദീകരിക്കുന്ന ഏകദിന ശില്‍പ്പശാല കോഴിക്കോട് മലബാര്‍ പാലസില്‍ ഇന്ന് നടക്കുന്നു. ധനം ബിസിനസ് മീഡിയ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന എംഎസ്എംഇ സമിറ്റില്‍ ബിസിനസുകളെ അടുത്തതലത്തിലേക്ക് വളര്‍ത്താനുള്ള തന്ത്രങ്ങള്‍ വിവിധ മേഖലകളിലെ പത്തിലേറെ വിദഗ്ധര്‍ വിശദീകരിക്കും.

രാവിലെ ഒന്‍പതുമണി മുതല്‍ വൈകീട്ട് ആറുമണി വരെ നീളുന്ന സമിറ്റില്‍ മുഖ്യാതിഥിയായെത്തുന്നത് കെഎസ്‌ഐഡിസി ചെയര്‍പേഴ്‌സണ്‍ സി. ബാലഗോപാലാണ്. ജ്യോതി ലാബ്‌സ് മുന്‍ ജോയ്ന്റ് എംഡിയും ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും യുകെ ആന്‍ഡ് കോ സ്ഥാപകനുമായ ഉല്ലാസ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തും.

''സുസ്ഥിര വളര്‍ച്ചാപാതയിലൂടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുന്നേറേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎസ്എംഇ സമിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,'' ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം വ്യക്തമാക്കി.

''കേരളത്തിലെ ബഹുഭൂരിപക്ഷം ചെറുകിട ഇടത്തരം ബിസിനസുകളും കുടുംബ ബിസിനസുകളാണ്. സംരംഭകര്‍ നേരിടു വെല്ലുവിളികള്‍ മറികടക്കാനുള്ള പ്രായോഗിക വഴികളാകും സമിറ്റില്‍ ചര്‍ച്ച ചെയ്യുക,'' കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ മണി കെ പറഞ്ഞു.

തലമുറകളോളം കെട്ടുറപ്പോടെ നിലനില്‍ക്കുന്ന കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ സെഷനാണ് സമിറ്റിലെ ഒരു പ്രധാന ആകര്‍ഷണം. ഉല്ലാസ് കമ്മത്ത് നയിക്കുന്ന ചര്‍ച്ചയില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എംഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വിദേശ രാജ്യങ്ങളില്‍ എങ്ങനെ ബിസിനസ് നടത്താം എന്ന വിഷയത്തില്‍ എബിസി ഗ്രൂപ്പ് സ്ഥാപകനും എംഡിയുമായ മുഹമ്മദ് മദനി പ്രഭാഷണം നടത്തും. ബിസിനസില്‍ പുതിയ കാര്യങ്ങള്‍ എങ്ങനെ കൊണ്ടുവരാം എന്ന വിഷയത്തെ ആസ്പദമാക്കി ബാംഗ്ലൂരിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് സംസാരിക്കും.

കേരളത്തില്‍ നിന്ന് ലോകോത്തര കമ്പനി കെട്ടിപ്പടുത്ത ഡെന്റ്‌കെയര്‍ സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭകയാത്ര പങ്കുവെയ്ക്കും. ഒരു ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ ഫിനാന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വര്‍മ ആന്‍ഡ് വര്‍മയുടെ ജോയിന്റ് മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വി സത്യനാരായണന്‍ വിശദീകരിക്കും.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഓഹരി വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിച്ച് പരിധികള്‍ ലംഘിച്ച് വളരാം. ഇതിനെ കുറിച്ച് ആഷിഖ് ആന്‍ഡ് അസോസിയേറ്റ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ആഷിഖ് എ എം സംസാരിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് ബിസിനസ് ഡെവലപ്‌മെന്റ് ചാനല്‍ മേധാവി റോയ്‌സണ്‍ ഫ്രാന്‍സിസും ചടങ്ങില്‍ സംസാരിക്കും.

സമിറ്റില്‍ വെച്ച് ധനം ഇംഗ്ലീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റിനി 90725 70055, അനൂപ് 90725 70065.


Related Articles
Next Story
Videos
Share it