സ്വര്‍ണപ്പണയ വായ്പകളില്‍ 76% കുതിപ്പ്, ആദ്യപാദത്തില്‍ ധനലക്ഷ്മി ബാങ്ക് അറ്റലാഭം ഇരട്ടിയിലധികമായി

മൊത്തം ബിസിനസ് 35,190 കോടി രൂപയായി, നിഷ്‌ക്രിയ ആസ്തി കുത്തനെ കുറഞ്ഞു
Dhanlaxmi bank logo and money image
canva
Published on

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ (2026-27) ആദ്യപാദത്തില്‍ (Q1) മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 104 ശതമാനം ഉയര്‍ന്ന് 24.91 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ (YoY) ഇത് 12.18 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം (Operating Profit) 33.28 കോടി രൂപയില്‍ നിന്ന് 51.45 കോടി രൂപയായും ഉയര്‍ന്നത് പ്രവര്‍ത്തനമികവിന് തെളിവായി.

മൊത്തം വരുമാനത്തില്‍ 18.96 ശതമാനം വര്‍ധന രേഖപ്പെടുത്തി 484.25 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 407.06 കോടി രൂപയായിരുന്നു.

ആദ്യപാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ വളരെ പ്രോത്സാഹജനകമാണെന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാര്‍ പറഞ്ഞു. 2026 നവംബറില്‍ ബാങ്ക് നൂറാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ കൈവരിച്ച ഈ മികച്ച വളര്‍ച്ച വരും പാദങ്ങളിലും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായ്പയിലും നിക്ഷേപത്തിലും ശക്തമായ വളര്‍ച്ച

ആദ്യപാദത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 21.13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 35,190 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29,051 കോടി രൂപയായിരുന്നു.

മൊത്തം നിക്ഷേപം 16,570 കോടി രൂപയില്‍ നിന്ന് 17.10 ശതമാനം വര്‍ധിച്ച് 19,404 കോടി രൂപയിലെത്തി. റീറ്റെയ്ല്‍ നിക്ഷേപങ്ങളില്‍ 18.62 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. ബാങ്കിന്റെ കറന്റ് ആന്റ് സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 28.81 ശതമാനമാണ്.

വായ്പകള്‍ 26.47 ശതമാനം വളര്‍ച്ചയോടെ 15,786 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 12,482 കോടി രൂപയായിരുന്നു. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം (CD Ratio) 75.33 ശതമാനത്തില്‍ നിന്ന് 81.35 ശതമാനമായി മെച്ചപ്പെട്ടു.

സ്വര്‍ണപ്പണയ വായ്പകളില്‍ വന്‍ കുതിപ്പ്

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ സ്വര്‍ണപ്പണയ വായ്പകള്‍ക്കുള്ള ഡിമാന്‍ഡ് പ്രതിഫലിപ്പിക്കുന്നതാണ് ധനലക്ഷ്മി ബാങ്കിന്റെ കണക്കുകള്‍. സ്വര്‍ണപ്പണയ വായ്പകളില്‍ 75.91 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. 4,039 കോടി രൂപയില്‍ നിന്നാണ് സ്വര്‍ണ്ണ വായ്പകള്‍ 7,105 കോടി രൂപയിലേക്ക് ഉയര്‍ന്നത്.

മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം

ബാങ്കിന്റെ ആസ്തി ഗുണനിലവാരം (Asset Quality) ഗണ്യമായി മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി (Gross NPA) 3.22 ശതമാനത്തില്‍ നിന്ന് 1.82 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 1.13 ശതമാനത്തില്‍ നിന്ന് 0.47 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിനായി. നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള നീക്കിയിരിപ്പ് തോത് (PCR) 92.77 ശതമാനമാണ്.

ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 19.19 ശതമാനമായി ഉയര്‍ന്നു. 2026 ജൂലൈ 29 ലെ കണക്കനുസരിച്ച് ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യു 38.34 രൂപയും മൊത്തം വിപണി മൂല്യം 1,245.67 കോടി രൂപയുമാണ്.

Dhanlaxmi Bank clocks ₹24.91 crore net profit in Q1FY27 rrn

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com