ധനലക്ഷ്മി ബാങ്കിന്റെ നാലാംപാദ ലാഭത്തില്‍ വന്‍ ഇടിവ്; ഓഹരിയും താഴേക്ക്

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയത് 3.31 കോടി രൂപയുടെ ലാഭം മാത്രം. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 38.17 കോടി രൂപയെ അപേക്ഷിച്ച് 91.33 ശതമാനം കുറവാണിത്. ഡിസംബര്‍ പാദത്തില്‍ 3.05 കോടി രൂപയായിരുന്നു ലാഭം. സെപ്റ്റംബര്‍പാദത്തിലിത് 23.16 കോടി രൂപയുമായിരുന്നു.

കഴിഞ്ഞപാദത്തില്‍ പക്ഷേ, ധനലക്ഷ്മി ബാങ്കിന്റെ മൊത്ത വരുമാനം (Total Income) 273 കോടി രൂപയില്‍ നിന്ന് 347 കോടി രൂപയായി ഉയര്‍ന്നു. ഡിസംബര്‍പാദത്തിലിത് 343 കോടി രൂപയായിരുന്നു.
സാമ്പത്തിക വർഷത്തെ കണക്ക്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ ലാഭം മുന്‍സാമ്പത്തിക വര്‍ഷത്തെ 49.36 കോടി രൂപയില്‍ നിന്ന് 57.82 കോടി രൂപയായി ഉയര്‍ന്നു. 17.14 ശതമാനമാണ് വര്‍ധന. മൊത്ത വരുമാനം 1,145.75 കോടി രൂപയില്‍ നിന്ന് 18.66 ശതമാനം വര്‍ധിച്ച് 1,359 കോടിരൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 12.67 ശതമാനം വര്‍ധിച്ച് 1,206.9 കോടി രൂപയായി. പലിശയേതര വരുമാനം 104.75 ശതമാനം ഉയര്‍ന്ന് 152.56 കോടി രൂപയുമായി.
മൊത്തം ബിസിനസ് 23,801 കോടി രൂപയില്‍ നിന്ന് 24,392 കോടി രൂപയായി.
മൊത്തം നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ 13,351 കോടി രൂപയില്‍ 7 ശതമാനം വര്‍ധിച്ച് 14,290 കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ ഇക്കാലയളവില്‍ 9,854 കോടി രൂപയില്‍ നിന്ന് 10,397 കോടി രൂപയായും ഉയര്‍ന്നു. സ്വര്‍ണപ്പണയ വായ്പകള്‍ ഇക്കാലയളവില്‍ 25 ശതമാനത്തോളം വളര്‍ച്ചയോടെ 2.838.86 കോടി രൂപയായി. മുന്‍ വര്‍ഷമിത് 2,273.52 കോടി രൂപയായിരുന്നു. ചെറുകിട വായ്പകള്‍ 4,295 കോടി രൂപയില്‍ നിന്ന് 21 ശതമാനം വര്‍ധിച്ച് 5,196.78 കോടി രൂപയായി.
കിട്ടാക്കടം താഴേക്ക്
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 5.19 ശതമാനത്തില്‍ നിന്ന് 4.05 ശതമാനമായി കുറഞ്ഞു. അതേ സമയം അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.16 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി ഉയരുകയാണുണ്ടായത്.
കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പു തുക 90.61 കോടി രൂപയില്‍ നിന്ന് 88.32 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു.
ഓഹരി വിലയിലിടിവ്
നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ട ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്ന് വ്യാപാരത്തിനിടെ ഒരുവേള അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ 3.19 ശതമാനം ഇടിഞ്ഞ് 42.60 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെയും ഒരു ശതമാനത്തിലധികം ഇടിവിലായിരുന്നു ഓഹരികള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 147.66 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് ധനലക്ഷ്മി ബാങ്ക് ഹരി. മൂന്ന് വര്‍ഷക്കാലയളവിലെ ഓഹരിയുടെ നേട്ടം 196 ശതമാനമാണ്.

2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് പതിനാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ധനലക്ഷ്മി ബാങ്കിന് 261 ശാഖകളും 282 എ.ടി.എമ്മുകളുമുണ്ട്. കഴിഞ്ഞ പാദത്തില്‍ രണ്ട് പുതിയ ശാഖകള്‍ തുറന്നിരുന്നു.

Related Articles
Next Story
Videos
Share it