ജയില്‍ ശിക്ഷ മുതല്‍ കനത്ത പിഴ വരെ! ചെക്ക് മടങ്ങുന്നത് അത്ര നിസാരമായി കാണരുത്, പേയ്മെന്റ് പരാജയപ്പെട്ടാല്‍ നിങ്ങള്‍ നല്‍കേണ്ടി വരുന്നത് എന്തൊക്കെയെന്ന് അറിയാമോ?

ഇടപാടുകള്‍ മുടങ്ങുന്നത് വെറും സാങ്കേതിക പിഴവല്ല, ക്രിമിനല്‍ കുറ്റം കൂടിയാണ്
emi, cheque failed
canva
Published on: 

ഇന്നത്തെ കാലത്ത് ബിസിനസ് ഇടപാടുകള്‍ക്കും വായ്പാ തിരിച്ചടവുകള്‍ക്കും ചെക്കുകളും നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) വഴിയുള്ള ഓട്ടോ-ഡെബിറ്റ് സംവിധാനവുമാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തത് മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഈ പേയ്മെന്റുകള്‍ പരാജയപ്പെട്ടാല്‍ അത് ഗുരുതരമായ നിയമനടപടികള്‍ക്കും സാമ്പത്തിക നഷ്ടത്തിനും വഴിവെക്കുമെന്നതിനെ കുറിച്ച് പലരും അത്ര ബോധവാന്മാരല്ല.

ജയില്‍ ശിക്ഷയും കനത്ത പിഴയും

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് (Section 138) പ്രകാരം ചെക്ക് മടങ്ങുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ്. പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ചിലപ്പോള്‍ ചെക്കില്‍ രേഖപ്പെടുത്തിയ തുകയുടെ ഇരട്ടി വരെ പിഴയായി നല്‍കേണ്ടി വരാം.

ഇലക്ട്രോണിക് ഇടപാടുകള്‍ (EMI, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങിയവ) പരാജയപ്പെട്ടാലും സമാനമായ നിയമനടപടികള്‍ നേരിടേണ്ടി വരും.

ബാങ്ക് ഈടാക്കുന്ന കനത്ത ഫീസ്

ഓരോ തവണ ചെക്ക് മടങ്ങുമ്പോഴും ബാങ്കുകള്‍ വന്‍തുക 'പെനാല്‍റ്റി' ആയി ഈടാക്കുന്നു. ഇത് സാധാരണയായി 250 രൂപ മുതല്‍ 750 രൂപ വരെയാകാം. ചെക്ക് നല്‍കിയ ആള്‍ക്കും അത് ബാങ്കില്‍ സമര്‍പ്പിച്ച ആള്‍ക്കും ചില സാഹചര്യങ്ങളില്‍ ബാങ്ക് ചാര്‍ജ് നല്‍കേണ്ടി വരും.

സിബില്‍ സ്‌കോറിനെ ബാധിക്കും

നിങ്ങളുടെ വായ്പാ തിരിച്ചടവ് (EMI) മുടങ്ങിയാല്‍ അത് ക്രെഡിറ്റ് ബ്യൂറോകളെ ഉടന്‍ അറിയിക്കും. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (CIBIL) കുത്തനെ കുറയ്ക്കാന്‍ കാരണമാകും. ഒരിക്കല്‍ സ്‌കോര്‍ കുറഞ്ഞാല്‍ ഭാവിയില്‍ വീടോ കാറോ വാങ്ങുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നത് പ്രയാസകരമാകും.

നിയമനടപടികളുടെ ചെലവ്

ചെക്ക് മടങ്ങിയാല്‍ പരാതിക്കാരന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്യും. ഈ കോടതി നടപടികള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. വക്കീല്‍ ഫീസും കോടതി കയറിയിറങ്ങുന്നതിനുള്ള സമയനഷ്ടവും നിങ്ങള്‍ക്ക് വലിയ ബാധ്യതയാകും.

എങ്ങനെ മുന്‍കരുതലെടുക്കാം?

കൃത്യമായ ബാലന്‍സ് ഉറപ്പാക്കുകയാണ് പ്രധാന കാര്യം. ചെക്ക് നല്‍കുമ്പോഴോ EMI തീയതി അടുക്കുമ്പോഴോ അക്കൗണ്ടില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്റ്റോപ്പ് പേയ്മെന്റ് അനാവശ്യമായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അക്കൗണ്ടില്‍ പണമില്ലാത്തപ്പോള്‍ ചെക്ക് തടയുന്നത് (Stop Payment) ക്രിമിനല്‍ നടപടിയില്‍ നിന്ന് നിങ്ങളെ രക്ഷിക്കില്ല.

ചെക്കുകള്‍ ട്രാക്ക് ചെയ്യുകയാണ് മറ്റൊരു വഴി. നിങ്ങള്‍ നല്‍കിയ ചെക്കുകള്‍ എന്നൊക്കെയാണ് ബാങ്കില്‍ എത്തുക എന്ന് കൃത്യമായി ഓര്‍മ്മിച്ചു വെക്കുക.

പേയ്മെന്റുകള്‍ കൃത്യമായി നടത്തി സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക മാത്രമല്ല, അനാവശ്യ നിയമക്കുരുക്കുകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com