അമേരിക്കയിലും ലണ്ടനിലുമൊക്കെ ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ആദ്യമായി ജൂവല്‍റി റീറ്റെയ്ല്‍ സ്റ്റോര്‍ തുറന്നത് ആരാണെന്നറിയുമോ? തൃശൂരുകാരനായ ആലുക്കാസ് വര്‍ഗീസ് ജോയ് എന്ന ജോയ് ആലുക്കാസ്! അനിതരസാധാരണമായ സംരംഭകത്വ മികവാണ് ജോയ് ആലുക്കാസിനെ വ്യത്യസ്തനാക്കുന്നത്.
ധനം ബിസിനസ് മീഡിയയുടെ ഈ വര്‍ഷത്തെ ബിസിനസ് മികവിനുള്ള ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയത് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസാണ്.
കൊച്ചി ലെ മെറിഡിന്‍ കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഗുനീത് മോംഗ കപൂറില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റു വാങ്ങി. ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്ററും ധനം അവാര്‍ഡ് ജൂറി അംഗവുമായ എം.കെ ദാസ്, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് സ്വതന്ത്ര ഡയറക്ടര്‍ സുശീല്‍ കുമാര്‍, ധനം ബിസിനസ് മീഡിയ ചെയര്‍മാനും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, ധനം ബിസിനസ് മീഡിയ ഡയറക്ടറും എക്സിക്യൂട്ടീവ് എഡിറ്ററുമായ മരിയ ഏബ്രഹാം എന്നിവര്‍ സന്നിഹിതരായി.
അബുദാബിയില്‍ ആദ്യ ജൂവല്‍റി റീറ്റെയ്ല്‍ സ്റ്റോര്‍ തുറന്നുകൊണ്ടാണ് ജോയ് ആലുക്കാസ് തന്റെ സംരംഭകയാത്ര ആരംഭിക്കുന്നത്. 1988ല്‍ അബുദാബിയില്‍ കട ആരംഭിച്ച് അധികം വൈകാതെ തന്നെ രണ്ടാമത്തെ ഷോറൂം അദ്ദേഹം തുറന്നു. അക്കാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷം ജൂവല്‍റി ഉടമകള്‍ പോലും രണ്ടാമതൊരു ഷോപ്പ് തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ശക്തമായൊരു ടീമിനെ വാര്‍ത്തെടുത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ റീറ്റെയ്ല്‍ ബിസിനസ് വ്യാപിപ്പിച്ച ജോയ് ആലുക്കാസിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അമ്പരിപ്പിക്കുന്നതായിരുന്നു. 2001ല്‍ സ്വന്തം കടകളില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിയായ ഭാഗ്യവാന് റോള്‍സ് റോയ്സ് കാറാണ് ജോയ് ആലുക്കാസ് സമ്മാനിച്ചത്.
ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെ, റീറ്റെയ്ല്‍ എക്സ്പീരിയന്‍സ് തന്നെ മാറ്റി മറിച്ച പ്രതിഭാശാലി കൂടിയാണ് ജോയ് ആലുക്കാസ്. ലോകത്തിലെ ഏറ്റവും വലിയ ജൂവല്‍റി ഷോറൂമാണ് ചെന്നൈയില്‍ അദ്ദേഹം തുറന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജൂവല്‍റി റീറ്റെയ്ല്‍ സ്റ്റോറാണ് ജോയ്ആലുക്കാസിന്റെ ദുബായ് ഷോറും. ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് അനന്യവും ലാഭകരവുമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുകയായിരുന്നു ജോയ് ആലുക്കാസ്.
ഇന്ന് ലോകത്തെ 11 രാജ്യങ്ങളിലായി 175 ലേറെ റീറ്റെയ്ല്‍ സ്റ്റോറുകളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ബിസിനസ് വിപുലീകരണത്തിന് ഫ്രാഞ്ചൈസി മാതൃകകളൊന്നും സ്വീകരിക്കാത്ത ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്വന്തം ഷോറൂമുകളാണ് ഇവയെല്ലാം എന്നതാണ് ഒരു സവിശേഷത. പതിനൊന്നിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 10,000ത്തിലേറെ ജീവനക്കാരാണ് ഇന്ന് ഗ്രൂപ്പിലുള്ളത്. 36 വര്‍ഷത്തെ സംരംഭക യാത്രയ്ക്കിടെ ലോകത്തിന് പ്രിയങ്കരമായ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് മാത്രമല്ല ജോയ് ആലുക്കാസ് കെട്ടിപ്പടുത്തത്. ഫാഷന്‍ & സില്‍ക്ക്സ് റീറ്റെയ്ല്‍ രംഗത്ത് ജോളി സില്‍ക്ക്സ്, മണി എക്സ്ചേഞ്ച് മേഖലയില്‍ ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ച്, ഷോപ്പിംഗ് മാള്‍ മേഖലയില്‍ മാള്‍ ഓഫ് ജോയ്, റിയാല്‍റ്റി രംഗത്ത് ജോയ് ആലുക്കാസ് ലൈഫ്സ്‌റ്റൈല്‍ ഡവലപ്പേഴ്സ് എന്നിങ്ങനെ വിഭിന്ന മേഖലയിലുണ്ട് വേറിട്ട മുദ്രകള്‍.
ജനങ്ങളും സമൂഹമാണ് ഗ്രൂപ്പിന്റെ വിജയത്തിന്റെ ആധാരശിലകള്‍ എന്ന് ഉറച്ച് വിശ്വസിക്കുന്ന ജോയ് ആലുക്കാസ് ചുറ്റിലുമുള്ള സമൂഹത്തിനായി ഒട്ടേറെ കാര്യങ്ങളും ചെയ്യുന്നു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ സാമൂഹ്യ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയും മറ്റും മനുഷ്യഹൃദയങ്ങളെ തൊടുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഫൗണ്ടേഷന്റെ കീഴില്‍ നടക്കുന്നത്.
വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചയാണ് ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ജോയ് ആലുക്കാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി ഭാര്യ ജോളി ജോയ് ഒപ്പം നില്‍ക്കുന്നു. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്ക്. ജോണ്‍ പോള്‍, മേരി, എല്‍സ. ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് വിഭാഗം മാനേജിംഗ് ഡയറക്റ്ററാണ് ജോണ്‍ പോള്‍. മേരിയുടെ ഭര്‍ത്താവ് ആന്റണി ജോസ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന് നേതൃത്വം നല്‍കുന്നു. എല്‍സയുടെ ഭര്‍ത്താവ് തോമസ് മാത്യു ജോയ് ആലുക്കാസ് ഇന്ത്യന്‍ ഓപ്പറേഷന്‍സിന്റെ എക്സിക്യൂട്ടിവ് ഡയറക്റ്ററാണ്.
ഫോബ്‌സ് ഇന്ത്യയുടെ 100 അതിസമ്പന്നരുടെ പട്ടികയില്‍ വര്‍ഷങ്ങളായി ഏറ്റവും സമ്പന്നനായ ജൂവല്ലര്‍ കൂടിയായ ജോയ് ആലുക്കാസിനെ തേടി ഇതിനകം ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine