ദുബൈയിലെ മലയാളി ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് എൻഡെഫോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്

ദുബൈ ആസ്ഥാനമായ ആഷ്‌ടെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് എൻഡെഫോയ്ക്ക് ഇന്ത്യയില്‍ വന്‍ പ്രതീക്ഷകള്‍. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് പിന്തുണയുമായി ഇന്ത്യയില്‍ നൂതന ഉപയോക്തൃ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും മികവുറ്റ വിതരണശൃംഖല കെട്ടിപ്പടുക്കാനും ഗവേഷണത്തിനും വികസനത്തിനുമായി 200 കോടി രൂപയുടെ നിക്ഷേപത്തിന് എൻഡെഫോ ഒരുക്കമാണെന്ന് സി.ഇ.ഒയും കോഴിക്കോട് സ്വദേശിയുമായ അനീഫ് ടാസ് ധനംഓണ്‍ലൈന്‍.കോമിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനായി കേരളത്തിലെ അടക്കം പ്രമുഖ വിതരണ, റീട്ടെയില്‍ കമ്പനികളുമായി സഹകരിക്കും.

2018ല്‍ ഇന്ത്യയിലെത്തിയ എൻഡെഫോയ്ക്ക് നിലവില്‍ സമാര്‍ട്ട് വാച്ച്, പാര്‍ട്ടി സ്പീക്കറുകള്‍, സൗണ്ട് ബാറുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (TWS), ഇയര്‍പോഡ്, നെക്ക് ബാന്‍ഡ്, ഇയര്‍ഫോണ്‍, പവര്‍ബാങ്ക്, ചാര്‍ജിംഗ് കേബിള്‍, അഡാപ്റ്റര്‍, കാര്‍ ചാര്‍ജര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ശ്രദ്ധേയ നിരതന്നെയുണ്ട്. 2,000ലധികം റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ആമസോണിലൂടെയും സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (https://www.endefo.in/) വഴിയുമാണ് വില്‍പന. 2026ഓടെ 10 ശതമാനം വിപണിവിഹിതം ഇന്ത്യൻ വിയറബിൾ ടെക്നോളജി വിപണിയിൽ സ്വന്തമാക്കുകയും എൻഡെഫോയുടെ ലക്ഷ്യമാണ്.

ലക്ഷ്യം സുസ്ഥിര, ജനകീയ ബ്രാന്‍ഡ്
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉത്പന്ന വിപണിയില്‍ ഇതിനകം നിരവധി ബ്രാന്‍ഡുകള്‍ വന്നു കഴിഞ്ഞു. അവയില്‍ മിക്കവയും തന്നെ അകാലത്തില്‍ തന്നെ അപ്രത്യക്ഷമായതായി കാണാമെന്ന് അനീഫ് ടാസ് പറയുന്നു. നിലവാരമില്ലായ്മയും ഉപഭോക്താക്കളുടെ താത്പര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നതുമാണ് ആ കമ്പനികള്‍ക്ക് തിരിച്ചടിയായത്.
''ഞങ്ങള്‍ അത്തരമൊരു ബ്രാന്‍ഡല്ല. നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഭാവി എന്ന് പറയുന്നത് ഗാഡ്ജറ്റുകളാണ്. അവ ഉപഭോക്താവിന്റെ അഭിരുചിയും ഉപയോഗവും തിരിച്ചറിഞ്ഞ് പുറത്തിറക്കുകയാണ്
എൻഡെഫോ
. ഉചിതമായ സമയത്ത്, ഉചിതമായ ഉത്പന്നങ്ങളാണ് ലക്ഷ്യം. ഇതുവഴി എന്നും നിലനില്‍ക്കുന്ന, സുസ്ഥിര ജനകീയ ബ്രാന്‍ഡാവുകയുമാണ് ലക്ഷ്യമിടുന്നത്'', അനീഫ് ടാസ് പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യക്ക് പിന്തുണ; റോബോട്ടിക്‌സിലേക്കും ചുവടുവയ്പ്
ഉത്തരേന്ത്യയില്‍ പത്തോളം ഫാക്ടറികളുമായി സഹകരിച്ചാണ് നിലവിൽ എൻഡെഫോ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യക്ക് പിന്തുണയേകാനുമാണ് ശ്രമം.
ഇതുവഴി, ഉപഭോക്താക്കള്‍ക്ക് കൈയെത്തിപ്പിടിക്കാവുന്ന വിലയ്ക്ക് ലോകോത്തര ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളും ഗാഡ്ജറ്റുകളും ലഭ്യമാക്കാം. വിപണി വിശാലമാക്കുമ്പോള്‍ അതിന് അനുസൃതമായ ഉത്പന്ന നിരയും വേണം. ഇതിനായാണ്, ഇന്ത്യയില്‍ നിക്ഷേപത്തിനും സഹകരണത്തിനും ഒരുങ്ങുന്നത്.
ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിച്ച് ആഭ്യന്തര വിപണിയിലെത്തിക്കുന്നതിന് പുറമേ ഭാവിയില്‍ കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറെ വൈകാതെ മൊബൈല്‍, ഐ.ടി സംബന്ധമായ ഉത്പന്നങ്ങളിലേക്കും ചുവടുവയ്ക്കും. കീബോര്‍ഡ്, മൗസ് തുടങ്ങിയവയും റൂട്ടറുകളും റോബോട്ടിക്‌സും ഇതിലുള്‍പ്പെടും.
എൻഡെഫോയുടെ സ്വന്തം ഇടം
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ് എൻഡെഫോ കുറിക്കുന്നത്. സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ആരുമായും മത്സരമല്ല
എൻഡെഫോ
യുടെ ഉന്നം. ഈ ബ്രാന്‍ഡുകളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഉത്പന്നങ്ങളാകും എൻഡെഫോയുടേത്. അതുവഴി വിപണിയില്‍ സ്വന്തമായ ഇടം കണ്ടെത്തും.
ഏതെങ്കിലും ഒരു ഉത്പന്നത്തിലോ മേഖലയിലോ എൻഡെഫോ തങ്ങിനില്‍ക്കില്ല. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും അനുയോജ്യമായ ഉത്പന്നങ്ങളിലൂടെ ഇന്ത്യയിലെമ്പാടും വിജയമുദ്ര പതിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അനീഫ് ടാസ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് എത്തിപ്പിടിക്കാനാവുന്ന വില, ലോകോത്തര നിലവാരം എന്നിവ എൻഡെഫോയുടെ മികവുകളായിരിക്കും.
ഇന്ത്യയും ചൈനയും
വന്‍ ഉപഭോക്തൃവിപണി എന്നതിനപ്പുറം ലോകത്തിന്റെ ഇലക്ട്രോണിക്‌സ് ഹബ്ബാകാനുള്ള എല്ലാ മികവുകളും ഇന്ത്യക്കുണ്ടെന്ന് അനീഫ് ടാസ് പറയുന്നു. ഇന്ത്യയില്‍ മാനുഫാക്ചറിംഗിന് കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് നമ്മുടെ യുവാക്കള്‍ക്കായി കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ്. ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയാല്‍ വിദഗ്ദ്ധ തൊഴിലാളികള്‍ (Skilled labors) വിദേശത്തേക്ക് പറക്കാതെ ഇന്ത്യയില്‍ തന്നെ നിലനില്‍ക്കും. യുവാക്കള്‍ പുറത്തേക്ക് പോകുന്നത് ഇതുവഴി കുറയ്ക്കാം.
ചൈനയെ ആശ്രയിക്കാതിരിക്കുക എന്നത് നിലവില്‍ ഈ രംഗത്തെ ഒരു കമ്പനിക്കും സാദ്ധ്യമല്ലെന്ന് അനീഫ് ടാസ് പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ഈറ്റില്ലമാണ് ചൈന. അത് അവിടയേ കിട്ടൂ. ഇന്ത്യ ഈ തലത്തിലേക്ക് ഉയരുന്നതുവരെ ചൈനയെ തന്നെ ആശ്രയിക്കേണ്ടി വരും.
ആഷ്‌ടെല്‍ സാമ്രാജ്യം
2003ലാണ് ആഷ്‌ടെല്‍ ഗ്രൂപ്പിന്റെ തുടക്കം. ദുബൈയാണ് ആസ്ഥാനം. ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രോണിക്‌സ്, ഐ.ടി., കമ്മ്യൂണിക്കേഷന്‍ ഉത്പന്ന, സേവന രംഗത്ത് ഇതിനകം സ്വന്തമിടം കണ്ടെത്തിയ ആഷ്‌ടെല്‍ ഗ്രൂപ്പിന് ജി.സി.സിയിലടക്കം 24 രാജ്യങ്ങളിലാണ് സാന്നിദ്ധ്യം.
50 കോടി ഡോളര്‍ (ഏകദേശം 4,150 കോടി രൂപ) വിറ്റുവരവുള്ള ആഷ്‌ടെല്‍ ഗ്രൂപ്പിന് ഹോം അപ്ലയന്‍സസ്, ടെലികോം-ഐ.ടി ഉത്പന്നങ്ങള്‍, സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍, സ്മാര്‍ട്ട്‌ഫോണ്‍, ഓഡിയോ-വീഡിയോ ഡിവൈസുകള്‍, സ്ട്രീമിംഗ് ഡിവൈസുകള്‍ തുടങ്ങിയ മള്‍ട്ടിമീഡിയ, എന്റര്‍ടെയ്ന്‍മെന്റ് ഉത്പന്ന/സേവന നിരകളുണ്ട്.
എൻഡെഫോയ്ക്ക് പുറമേ ഹീറ്റ്‌സ്, മൈക്രോഡിജിറ്റ്, കോമി, ഫോണ്‍കോം, ന്യോര്‍ക്ക്, റാവോസ് തുടങ്ങി നിരവധി ശ്രദ്ധേയ ബ്രാന്‍ഡുകളും ആഷ്‌ടെല്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. റാവോസ് ബ്രാന്‍ഡില്‍ സ്മാര്‍ട്ട്‌ഫോണുകളും ഇറക്കുന്നു. ഈ ഫോണുകളും വൈകാതെ ഇന്ത്യയിലെത്തും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it