പുതുസംരംഭങ്ങളെ പിന്തുണക്കാന്‍ പ്രവാസി മലയാളി; 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി ബ്യൂമെര്‍ക് മേധാവി

ഫണ്ടിന്റെ സാധ്യതാപഠനം ഒരു മുന്‍നിര ആഗോള കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണ്
Sidharth Balachandran
Sidharth Balachandrantwitter
Published on

കേരളത്തില്‍ പുതിയ സംരംഭങ്ങളില്‍ നിക്ഷേപത്തിന് 500 കോടി രൂപയുടെ ഫണ്ടുമായി പ്രമുഖ പ്രവാസി മലയാളി വ്യവസായി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂമെര്‍ക് കോര്‍പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമായ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ ആണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാന്‍ മുന്നോട്ട് വരുന്നത്. മികച്ച ബിസിനസ് ആശയങ്ങളെ വളര്‍ത്തുകയാണ് ലക്ഷ്യം. ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) ആയി രജിസ്റ്റര്‍ ചെയ്യുന്ന ഫണ്ടില്‍ പ്രവാസി നിക്ഷേപകരും സ്ഥാപനങ്ങളും പങ്കു ചേരും.

സ്വപ്‌ന പദ്ധതി

എറണാകുളം സ്വദേശിയായ സിദ്ധാര്‍ഥ് ബാലചന്ദ്രന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ഈ ഫണ്ടിംഗ്. ഇന്ത്യന്‍ ഓഹരി വിപണികളിലെ നിക്ഷേപങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. ബിഎസ്ഇയില്‍ ( ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) 3.01 ശതമാനവും എന്‍എസ്ഇയില്‍ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) 0.38 ശതമാനവും ഓഹരികള്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രനുണ്ട്. 2023 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള മുഹമ്മദ് ബിന്‍ റാഷിദ് മെഡലും ലഭിച്ചിട്ടുണ്ട്.

സാധ്യതാ പഠനം തുടങ്ങി

കേരളത്തിന്റെ വളര്‍ച്ചയിലുള്ള വിശ്വാസവും ഇന്ത്യന്‍ സാമ്പത്തിക പുരോഗതിയുടെ ആകര്‍ഷണീയതയുമാണ് ഈ നിക്ഷേപ ഫണ്ട് തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫണ്ടിന്റെ സാധ്യതാപഠനം ഒരു മുന്‍നിര ആഗോള കണ്‍സള്‍ട്ടന്‍സി നടത്തിവരികയാണ്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

ഓഹരി വിപണിയില്‍ ദീര്‍ഘകാലമായി നിക്ഷേപം നടത്തുന്ന അദ്ദേഹം ഉല്‍പന്ന വിപണിയിലേക്കു തല്‍ക്കാലം കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ഓഹരിവിപണിയിലെ വിശ്വാസ്യത വളര്‍ത്തിയെടുക്കാന്‍ സെബി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യയില്‍ നിക്ഷേപകരുടെ എണ്ണം 10 കോടിയാണുള്ളത്. അത് ഇരട്ടിക്കുന്ന കാലം വിദൂരമല്ലെന്നും സിദ്ധാര്‍ഥ് പറഞ്ഞു. നിക്ഷേപകര്‍ കൂടുന്നതനുസരിച്ച് വിപണിമൂല്യവും വര്‍ധിക്കും. നിക്ഷേപകരുടെ കാഴ്ചപ്പാടുകളാണ് ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ വിപണിയുടെ നിയന്ത്രണം വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യന്‍ നിക്ഷേപ സ്ഥാപനങ്ങളിലേക്കു മാറിവരികയാണ്. ആശാവഹമാണ് ഈ മാറ്റം. വിദേശമൂലധനത്തിന്റെ താല്‍പര്യത്തേക്കാള്‍ ആഭ്യന്തര നിക്ഷേപകരുടെ ബോധ്യങ്ങള്‍ ഇനി വിപണിയെ നിയന്ത്രിക്കും- സിദ്ധാര്‍ഥ് ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com