

ഇന്ത്യയുടെ 'മെട്രോ മാൻ' ഡോ. ഇ. ശ്രീധരൻ തന്റെ പുതിയതും കേരളത്തിന് വേണ്ടിയുള്ള അവസാനത്തേതുമായ സ്വപ്ന പദ്ധതിയുടെ വിശദാംശം 'ധനം ബിസിനസ് സമ്മിറ്റ് 2026' വേദിയിൽ പങ്കുവെച്ചു. ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി സംസാരിക്കവെയാണ് കേരളത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിക്കാൻ പോകുന്ന പുതിയ അതിവേഗ റെയിൽവേ കോറിഡോറിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മറന്നാണ് അദ്ദേഹം ഈ പദ്ധതിയുടെ വിശദാംശം അരമണിക്കൂറോളം നീണ്ടുനിന്ന വിശദമായ മറുപടി പ്രസംഗത്തിനിടെ അവതരിപ്പിച്ചത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 472 കിലോമീറ്റർ ദൂരം വെറും 3 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ഓടിയെത്തുന്നതാണ് ഈ പുതിയ അതിവേഗ റെയിൽവേ പദ്ധതി. പരമാവധി 200 കിലോമീറ്റർ വേഗതയുള്ള സ്റ്റാൻഡേർഡ് ഗേജ് പാതയിൽ 24 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് കൃത്യമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന പാത കേരളത്തിലെ നാല് എയർപോർട്ടുകളെയും (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ) പരസ്പരം ബന്ധിപ്പിക്കുന്നു. കണ്ണൂർ എയർപോർട്ടിലേക്ക് വെറും 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന അതിവേഗ ലിങ്ക് റോഡും ഇതിന്റെ ഭാഗമായിരിക്കും.
തിരുവനന്തപുരത്തു നിന്നുള്ള യാത്രാസമയം: എറണാകുളത്തേക്ക് 55 മിനിറ്റ്, കൊച്ചി എയർപോർട്ടിലേക്ക് 1 മണിക്കൂർ 42 മിനിറ്റ്, കോഴിക്കോട്ടേക്ക് 2 മണിക്കൂർ 48 മിനിറ്റ്.
മുംബൈ—അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. കിലോമീറ്ററിന് ഏകദേശം 120 കോടി രൂപ നിരക്കിൽ നിർമ്മാണ ചെലവ് 56,000 കോടി രൂപയും, 5 വർഷത്തെ ആകെ പൂർത്തീകരണ ചെലവ് 60,000 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തിന് 51 ശതമാനവും കേരളത്തിന് 49 ശതമാനവും പങ്കാളിത്തമുള്ള ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) വഴിയായിരിക്കും ഇതിന്റെ നടത്തിപ്പ്. ആകെ തുകയുടെ 60% രണ്ട് സർക്കാരുകളുടെയും ഇക്വിറ്റിയായും ബാക്കി 40% പൊതുജനങ്ങളിൽ നിന്നുള്ള ക്രൗഡ് ഫണ്ടിംഗ് (Crowdfunding) വഴിയും കണ്ടെത്താനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് നിർമ്മാണ വേളയിൽ ഒരു രൂപ പോലും കൈയിൽ നിന്ന് ചെലവഴിക്കേണ്ടി വരില്ലെന്നും ഈ സാമ്പത്തിക ഘടനയ്ക്ക് മുഖ്യമന്ത്രിയുടെ അനുകൂല നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗ്രീൻ റെയിൽവേ ആയിരിക്കും ഇത്. സോളാർ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകാനും സാധിക്കും. റെയിൽവേ പ്രവർത്തന ചെലവിന്റെ മൂന്നിലൊന്ന് ഊർജ്ജത്തിനായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, സ്വന്തമായി സോളാർ പവർ ഉപയോഗിക്കുന്നത് വഴി യാത്രാക്കൂലി കുത്തനെ കുറയ്ക്കാൻ സാധിക്കും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ എയർ കണ്ടീഷൻഡ് ചെയർ കാർ യാത്രയ്ക്ക് വെറും 800 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ഇത് വേണമെങ്കിൽ 600 രൂപ നിരക്കിലേക്ക് താഴ്ത്താനും സാധിക്കുന്നതാണ്.
12 എയർ കണ്ടീഷൻഡ് കോച്ചുകളുള്ള ട്രെയിനുകളാണ് അതിവേഗ റെയിൽവേ പദ്ധതിയിൽ സർവീസ് നടത്തുക. ഡെൽഹി മെട്രോയുടെ വിജയമാതൃക പിന്തുടർന്ന് സമയനിഷ്ഠയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകും. ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ വെറും 1 മിനിറ്റും എയർപോർട്ടുകളിൽ 2 മിനിറ്റും മാത്രമായിരിക്കും സ്റ്റോപ്പ്. തിരക്കേറിയ സമയങ്ങളിൽ ഓരോ 15 മിനിറ്റിലും സർവീസുകൾ ലഭ്യമാകും. പ്രതിദിനം 54,000 യാത്രക്കാരെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഡി.എം.ആർ.സി തയ്യാറാക്കിയ ഇതിന്റെ വിശദമായ പദ്ധതി രൂപരേഖയുടെ (DPR) പ്രാഥമിക റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഉടൻ തന്നെ സർക്കാർ അനുമതി ലഭിക്കുമെന്നും ഇ. ശ്രീധരൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഏഴ് പതിറ്റാണ്ടുകാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ വിജയരഹസ്യം നാല് കാര്യങ്ങളാണെന്ന് ശ്രീധരൻ ഓർമ്മിപ്പിച്ചു:
സത്യനിഷ്ഠ (Integrity): ചിന്തയിലും പ്രവർത്തിയിലും പൂർണ്ണമായ സുതാര്യതയും ധാർമ്മികതയും പുലർത്തുക.
തൊഴിലിലുള്ള കാര്യക്ഷമത (Professional competence): ജോലി കൃത്യമായി അറിയുക, കൂടുതൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ കൂടെ കൂട്ടാൻ മടിക്കരുത്.
പ്രതിബദ്ധത: സമൂഹത്തോടുള്ള അർപ്പണബോധം വേണമെന്ന തിരിച്ചറിവ്.
നിസ്വാർത്ഥത: സ്വന്തം കാര്യമല്ലെന്ന ബോധത്തോടെയുള്ള പ്രവർത്തനം.
തന്നോടൊപ്പം പ്രവർത്തിച്ച ആയിരക്കണക്കിന് എഞ്ചിനീയർമാർക്കും പ്രൊഫഷണലുകൾക്കുമായി ധനം ലൈഫ്-ടൈം അച്ചീവ്മെന്റ് പുരസ്കാരം സമർപ്പിക്കുന്നതായി ശ്രീധരൻ പറഞ്ഞു. നിർദിഷ്ട അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ സാമ്പത്തിക-വ്യവസായ മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine