മെട്രോമാന്‍ ശ്രീധരന്റെ കത്ത് എന്തുകൊണ്ട് വൈറലായി?

മെട്രോമാന്‍ ശ്രീധരന്റെ കത്ത് എന്തുകൊണ്ട് വൈറലായി?
Published on

കേരളത്തെ കാത്തിരിക്കുന്ന തകര്‍ച്ച ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ധനം എഡിറ്റര്‍ക്ക് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നില്‍ കാരണങ്ങള്‍ പലത്. കേരളത്തില്‍ പൊതുവേ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന കാര്യങ്ങളുടെ സ്ഥിരം ചേരുവയല്ലാതിരുന്നിട്ടും മെട്രോമാന്‍ ശ്രീധരന്‍ പങ്കുവെച്ച കടുത്ത നിരാശ മലയാളി സമൂഹം ഏറ്റെടുക്കുകയായിരുന്നു.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച ഗൗരവമായൊരു കാര്യം, രാഷ്ട്രീയ വാര്‍ത്തകള്‍ക്കോ നിറം പിടിപ്പിച്ച ഗോസിപ്പുകള്‍ക്കോ മേലെയായി വൈറല്‍ ആകുന്നതും ഇത് ആദ്യത്തെ സംഭവമാണ്. അതും കൊറോണ വൈറസ് ബാധ പോലെ ഒരു വാര്‍ത്ത സകല മാധ്യമങ്ങളും പൊതുസമൂഹവും പിന്നാലെ പോകുന്ന വാര്‍ത്ത നിലനില്‍ക്കുന്ന വേളയില്‍.

ശ്രീധരന്‍ പ്രകടിപ്പിച്ച ആശങ്ക അദ്ദേഹത്തിന്റേത് മാത്രമല്ല. കേരളത്തിന്റെ ഭാവിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന, സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക രംഗത്തെ യഥാര്‍ത്ഥ ചിത്രം അറിയുന്ന ആരിലുമുണ്ടാകുന്ന ആശങ്കയാണിത്. ഇതിന് രാഷ്ട്രീയമാനങ്ങളില്ല. മറിച്ച് നാട് നന്നാവണമെന്നാഗ്രഹിക്കുന്ന പൊതുസമൂഹത്തിന്റെ യഥാര്‍ത്ഥ ആശങ്ക മാത്രമാണ്. അതുകൊണ്ടാകാം ഈ കത്ത് സോഷ്യല്‍ മീഡിയ എറ്റെടുത്തതും.

ശ്രീധരനെ പോലെ വിശ്വാസ്യതയും നിലപാടുകളിലെ ആര്‍ജ്ജവും ഉള്ള വ്യക്തിത്വങ്ങള്‍ ചുരുക്കമാണ്. ഓരോ മലയാളിയും നാടിന്റെ അഭിമാനമായി അദ്ദേഹത്തെ കാണുന്നതും അതുകൊണ്ടാണ്. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഇ ശ്രീധരന് നല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടന്നതും അദ്ദേഹത്തിന്റെ വിശ്വാസ്യതയും സല്‍പ്പേരും കൊണ്ടുകൂടിയാണ്. അങ്ങനെയുള്ള ഒരു വ്യക്തി കേരളത്തിന്റെ പോക്കില്‍ പ്രകടിപ്പിച്ച ആശങ്ക സോഷ്യല്‍ മീഡിയ ഏറ്റുവാങ്ങുകയായിരുന്നു.

കേരള വികസനത്തിലേക്കുള്ള അവസാന ബസ് എന്ന് പലവട്ടം പലരും പറയുന്നുണ്ടെങ്കിലും ഇനിയും പ്രവര്‍ത്തിക്കാന്‍ വൈകിയാല്‍ കേരളം നിലയില്ലാക്കയത്തിലേക്ക് പോകുമെന്ന വിശ്വാസം ഏവരിലുമുണ്ട്. ''സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, പ്രബുദ്ധരായ പൊതുസമൂഹമെങ്കിലും നട്ടെല്ലോടെ നിവര്‍ന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്തണം.'' എന്ന ശ്രീധരന്റെ കത്തിലെ അവസാന വാചകം തങ്ങള്‍ക്ക് തന്നെയുള്ള ഓര്‍മ്മപ്പെടുത്തലായി പൊതുജനങ്ങള്‍ എടുക്കുന്നുണ്ട്.

ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകിക്കൂടാ എന്ന് കേരളീയ പൊതുസമൂഹം വിശ്വസിക്കുന്നുമുണ്ട്. ഖരമാലിന്യ സംസ്‌കരണത്തിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥയാണെന്ന് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ വെളിച്ചത്തില്‍ ഇക്കാര്യം കേരളം അതീവ ഗൗരവത്തോടെ എടുക്കേണ്ടതുമാണ്.

ധനത്തിന്റെ 2020 ജനുവരി 31 ലക്കത്തില്‍ (ജനുവരി 16ന് പ്രസിദ്ധീകരിച്ചത്) ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്റെ 'കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?'' എന്ന ലേഖനത്തിന് പ്രതികരണമായാണ് ധനം എഡിറ്റര്‍ക്ക് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ കത്ത് എഴുതിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com