

രാജ്യത്ത് E20 (20% ഈഥനോള്‍ കലര്‍ത്തിയ) പെട്രോള്‍ പെട്രോളിനെ കുറിച്ചുള്ള വിവാദം കനക്കുന്നതിനിടെ, പഴയ വാഹന ഉടമകളുടെ ആശങ്കകളില്‍ വ്യക്തത വരുത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ 1-ന് ശേഷം വിപണിയിലെത്തുകയും 2016-ന് മുമ്പ് നിര്‍മിക്കുകയും ചെയ്ത BS-III പെട്രോള്‍ വാഹനങ്ങളില്‍ E20 ഇന്ധനം ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഭാഗങ്ങളും ഗാസ്‌കറ്റുകളും (Gaskets) മാറ്റിസ്ഥാപിക്കേണ്ടി വന്നേക്കാമെന്നാണ് മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്.
അതേസമയം, ഇത് വലിയ ചെലവുള്ള കാര്യമായി കാണേണ്ടതില്ലെന്നും വാഹനങ്ങളുടെ പതിവ് സര്‍വീസിംഗിന്റെ ഭാഗമായി തന്നെ ഇത്തരം റബ്ബര്‍ പാര്‍ട്‌സുകള്‍ എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാന്‍ സാധിക്കുമെന്നും മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇന്ധനത്തില്‍ എഥനോള്‍ കലര്‍ത്തുന്ന നയം നടപ്പിലാക്കിയിരുന്നില്ല എങ്കില്‍ നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 125 രൂപ വരെ ഉയരുമായിരുന്നുവെന്നും നിതിന്‍ ഗഡ്കരി ഇന്ന് വ്യക്തമാക്കി.
രാജ്യത്തുടനീളം 23 കോടിയിലധികം വാഹനങ്ങള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ E20 (20% എഥനോള്‍ കലര്‍ത്തിയ) ഇന്ധനം കാരണം വ്യാപകമായി എന്‍ജിന്‍ തകരാറുകള്‍ ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ട യാതൊരു തെളിവുകളുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. കൂടാതെ, എഥനോള്‍ മിശ്രിതം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറച്ചില്ലായിരുന്നെങ്കില്‍, സമീപകാല പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കാലത്ത് പെട്രോള്‍ വില ലിറ്ററിന് 125 രൂപ വരെ ഉയര്‍ന്നേനേ എന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
E20 ഇന്ധനം ഉപയോഗിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായി എന്‍ജിന്‍ തകരാറുകള്‍ ഉണ്ടായതായി ഇതുവരെ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), ഇന്‍ഡോറിലെ CSIR-CRRI, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL) എന്നിവ E20 പെട്രോള്‍ ഉപയോഗിച്ച് വാഹനങ്ങളില്‍ ദീര്‍ഘദൂര പരീക്ഷണ ഡ്രൈവുകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ സാധാരണ ഡ്രൈവിംഗിനെയോ എന്‍ജിന്റെ ആയുസ്സിനെയോ ഇത് ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട് എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.5 കോടി പഴയ വാഹനങ്ങള്‍ ഉള്‍പ്പെടെ 2.84 കോടി വാഹനങ്ങള്‍ സര്‍വീസ് ചെയ്ത പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ E20 ഇന്ധനം കാരണം എന്‍ജിന് കേടുപാടുകള്‍ സംഭവിച്ചതായോ, അസാധാരണമായ തുരുമ്പെടുക്കലോ അല്ലെങ്കില്‍ ഭാഗങ്ങളുടെ ആയുസ്സ് കുറഞ്ഞതായോ കണ്ടെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. E20 ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തകരാറുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒരു പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളും അറിയിച്ചിട്ടുണ്ട്.
അതേസമയം, എഥനോള്‍ ബ്ലെന്‍ഡിംഗ് വഴി ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനും സാധിച്ചു.
പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായ സമയത്ത് പെട്രോളിന്റെ വിപണി വില ലിറ്ററിന് 125 രൂപയോളം ആകുമായിരുന്നു. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ എഥനോള്‍ സംഭരിക്കാന്‍ കഴിഞ്ഞതുകൊണ്ട് കൂടിയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലിറ്ററിന് 94.77 രൂപയ്ക്ക് (ഡല്‍ഹിയിലെ വില) പെട്രോള്‍ ലഭിച്ചുകൊണ്ടിരുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യയിലെ റീറ്റെയ്ല്‍ പെട്രോള്‍ വില വിപണി നിര്‍ണ്ണയിക്കുന്നതാണെന്നും, ഇത് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില, വിനിമയ നിരക്ക്, നികുതികള്‍, ചരക്കുകൂലി, എഥനോള്‍ സംഭരണച്ചെലവ്, മറ്റ് പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. റീറ്റെയ്ല്‍ വില വിപണി നിര്‍ണ്ണയിച്ച നിരക്കിനേക്കാള്‍ താഴെയായിരുന്നതിനാല്‍ 2026 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പെട്രോള്‍ വില്‍പ്പനയിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഏകദേശം 21,300 കോടി രൂപയുടെ നഷ്ടം (under-recovery) സംഭവിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ പദ്ധതിയുടെ വലിയ നേട്ടങ്ങള്‍ എടുത്തുപറഞ്ഞ സര്‍ക്കാര്‍, ഇത് വഴി ഏകദേശം 1.98 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാനായെന്നും, 317 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കുറച്ചെന്നും, 952 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടഞ്ഞെന്നും കര്‍ഷകര്‍ക്ക് 1.66 ലക്ഷം കോടിയിലധികം രൂപയുടെ അധിക വരുമാനം ഉണ്ടാക്കിക്കൊടുത്തെന്നും വ്യക്തമാക്കി.
E20 പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന ഭയത്തിനും മന്ത്രി മറുപടി നല്‍കി. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളും ടെസ്റ്റിംഗ് ഏജന്‍സികളും നടത്തുന്ന പരിശോധനകള്‍ പ്രകാരം, ഇന്ധന തരം മാത്രമായിരിക്കില്ല വാഹനത്തിന്റെ മൈലേജിനെ നിര്‍ണയിക്കുന്നത്. ഡ്രൈവിംഗ് രീതികള്‍, റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ പരിപാലനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതില്‍ നിര്‍ണായകമാണ്.
IOCL, IIP, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM), ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിന്റെ വിവരങ്ങളും മന്ത്രി പങ്കുവെച്ചു:
കാറുകളുടെയോ ഇരുചക്ര വാഹനങ്ങളുടെയോ എന്‍ജിനില്‍ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമില്ല. പഴക്കം ചെന്ന (Legacy) വാഹനങ്ങളില്‍ പോലും പ്രകടനത്തില്‍ വലിയ വ്യത്യാസമോ സാധാരണയില്‍ കവിഞ്ഞ തേയ്മാനമോ കണ്ടെത്തിയിട്ടില്ല. ഡ്രൈവബിലിറ്റി, സ്റ്റാര്‍ട്ടിംഗ്, ലോഹ ഭാഗങ്ങളുടെ പ്രവര്‍ത്തനം (Metal Compatibility) എന്നിവയിലൊന്നും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് 2025-26 ഓടെ 20 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ E20 പെട്രോള്‍ വിതരണം വേഗത്തിലാക്കിയത്. എന്നാല്‍, 2023-ന് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്ക് E20 പെട്രോള്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വാഹന നിര്‍മാതാക്കള്‍ ഔദ്യോഗികമായി വ്യക്തത നല്‍കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഏകദേശം 30 കോടിയിലധികം പഴയ വാഹനങ്ങളെ E20 വിതരണം ബാധിക്കാമെന്നും, മൈലേജ് കുറയുന്നതും എന്‍ജിന്‍ ഭാഗങ്ങള്‍ കേടാകുന്നതും സംബന്ധിച്ച് നിര്‍മാതാക്കള്‍ ഗ്യാരണ്ടി നല്‍കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും വലിയൊരു പങ്ക് 2016-ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത BS-III വാഹനങ്ങളാണ്. പ്രത്യേകിച്ച് സംസ്ഥാനത്തെ 10 വര്‍ഷത്തിലധികം പഴക്കമുള്ള ആള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇത് ബാധകമാകും. പതിവ് സര്‍വീസ് വേളകളില്‍ റബ്ബര്‍ ഹോസുകളും സീലുകളും പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റുന്നത് ഇന്ധന ചോര്‍ച്ചയും എന്‍ജിന്‍ തകരാറുകളും ഒഴിവാക്കാന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ടി വരും.
Union Minister Nitin Gadkari assures that E20 petrol does not damage engines in older vehicles, explaining minor part replacements and key benefits.
Read DhanamOnline in English
Subscribe to Dhanam Magazine