

തലമുറകളായി മരവ്യാപാര രംഗത്തുള്ള പാല ടിംമ്പേഴ്‌സിന്റെ സാരഥി സെബാസ്റ്റ്യന്‍ ജോസഫ് എട്ടരക്കോടി രൂപ ചെലവിട്ടാണ് പത്തേക്കര്‍ സ്ഥലം പാലയില്‍ വാങ്ങിയത്. പ്ലൈവുഡ് യൂണിറ്റുകള്‍ ആരംഭിക്കാനുള്ള സ്വകാര്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. പാര്‍ക്കിനകത്തേക്ക് കണ്ടെയ്‌നര്‍ ലോറികള്‍ പ്രവേശിക്കാന്‍ വേണ്ടി പാറ പൊട്ടിച്ചുമാറ്റണം. അതിനുള്ള അനുമതിയ്ക്കായി ഒരു വര്‍ഷത്തിലേറെക്കാലമായി ഓഫീസുകള്‍ കയറിയിറങ്ങുന്നു. ഇനി ഈ പദ്ധതിയുമായി മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണിപ്പോള്‍ സെബാസ്റ്റ്യന്‍ ജോസഫ്.
മലബാറിലെ ഒരു കൂട്ടം യുവാക്കള്‍ ലോണ്‍ട്രി യൂണിറ്റ്തുടങ്ങാന്‍ 2021ലാണ് തുനിഞ്ഞിറങ്ങിയത്. കെട്ടിടം കെട്ടി. മെഷിനറികള്‍ വാങ്ങിവെച്ചു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വേണം. അതിനായി ഓഫീസിലെത്തിയാല്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കുന്നുമില്ല. അപ്പോഴാണ് ഇവര്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്ന ഏജന്റിനെ കുറിച്ചറിയുന്നത്.
മൂന്ന് ലക്ഷം രൂപ ഏജന്റിന് നല്‍കി. ലോണ്‍ട്രി യൂണിറ്റില്‍ ഏജന്റ് വന്ന് കാര്യങ്ങള്‍ പരിശോധിച്ച് ഏതാണ്ട് ഒരു ലക്ഷം രൂപയില്‍ താഴെ വരുന്ന ടാങ്ക് നിര്‍മാണവും മറ്റും നടത്തി. സര്‍ട്ടിഫിക്കറ്റുംഎത്തിച്ചു നല്‍കി. ഇതിനിടെ ഒരിക്കല്‍ പോലും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് പരിശോധനയ്ക്കായി ആരും എത്തിയില്ല. എല്ലാ കടമ്പകളും കടന്ന് യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് 2024ലും.
സംരംഭങ്ങള്‍ അതിവേഗം തുടങ്ങാന്‍ പറ്റുന്ന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇവിടെയുള്ള ചില യാഥാര്‍ത്ഥ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണിത്. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനായിഒട്ടേറെ ചട്ടങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ഡീംഡ് ലൈസന്‍സുമായി മൂന്നരവര്‍ഷത്തോളം പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്.
വൈറ്റ്, ഗ്രീന്‍ കാറ്റഗറിയിലുള്ള സംരംഭങ്ങള്‍ക്ക് വീട്ടിലിരുന്ന് പോലും മതിയായ ലൈസന്‍സുകള്‍ കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നേടിയെടുക്കാനുള്ള സംവിധാനമുണ്ട്. താലൂക്ക് തലങ്ങളില്‍ സംരംഭകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഫസിലിറ്റേറ്റര്‍മാരുണ്ട്. എന്നിട്ടും സംരംഭകര്‍ പ്രായോഗികമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുകയാണ്.
'മുന്‍കൂര്‍ അനുമതിയില്ലാതെ സംരംഭത്തിന് വേണ്ട കെട്ടിടമൊക്കെ പണിയാമെന്ന് വകുപ്പുണ്ട്. പക്ഷേ മൂന്ന് വര്‍ഷത്തിന് ശേഷം അനുമതിക്കായി ചെല്ലുമ്പോള്‍ മതിയായ സെറ്റ്ബാക്കില്ല, സെക്യൂരിറ്റി ജീവനക്കാരാനായി നിര്‍മിച്ച കാബിന്‍ നിയമവിരുദ്ധമാണ് തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി ലഭിക്കില്ല. ഇത് അനുഭവിക്കുന്ന സംരംഭകരുണ്ട്,'' ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റില്‍ സംരംഭം നടത്തുന്ന സീജോ പി ജെ പറയുന്നു.
സംരംഭകന്‍ മൂന്ന് വര്‍ഷത്തിനുശേഷം അനുമതികള്‍ എടുത്താല്‍ മതിയെന്ന് ചട്ടമുണ്ടെങ്കിലും ഇക്കാലത്തിനുള്ളില്‍ ബാങ്കില്‍ ഒരു വായ്പക്കായിപോയാല്‍ അവര്‍ സംരംഭം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ കെട്ടിട നമ്പര്‍ ഒക്കെ ചോദിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു-കെഎസ്എസ്‌ഐഎ കോട്ടയം ജില്ലാ സെക്രട്ടറി ജോസ് തോമസ് ഞാവള്ളി പറയുന്നു.
വ്യവസായങ്ങളെ മലിനീകരണതോതിന്റെ അടക്കം അടിസ്ഥാനത്തില്‍ നാലായാണ് വേര്‍തിരിച്ചിരിക്കുന്നത്. വൈറ്റ്, ഗ്രീന്‍, ഓറഞ്ച്, റെഡ്. ഇതില്‍ വൈറ്റ്, ഗ്രീന്‍ വിഭാഗങ്ങളിലെ സംരംഭങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ തുടങ്ങാം. പക്ഷേ ഓറഞ്ച്, റെഡ് കാറ്റഗറിയിലേക്ക് വരുമ്പോള്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അടക്കമുള്ള അനുമതികള്‍ ലഭിക്കാന്‍ ഏറെ കാലതാമസമെടുക്കുന്നുണ്ടെന്ന് സംരംഭകര്‍ പറയുന്നു.
'നമ്മുടെ നാട്ടില്‍ സാധ്യതയുള്ള വ്യവസായങ്ങള്‍ നോക്കി പോകുമ്പോള്‍ മിക്കവാറും അത് ഓറഞ്ച് വിഭാഗത്തിലൊക്കെയാകും. ഇനി വ്യവസായ പാര്‍ക്കിന് പുറത്താണ് ഇത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതെങ്കില്‍ നമ്മള്‍ അവിടെയുള്ള മണ്ണ് മാറ്റാനുള്ള, അത് വില്‍ക്കാനൊന്നുമല്ല മാറ്റാന്‍ മാത്രം, അനുമതിക്കായി മാസങ്ങള്‍ നടക്കണം. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലൊക്കെ തിരക്കും നൂലാമാലകളും മാത്രമാണ്,' സംരംഭകര്‍ പറയുന്നു.
വ്യവസായ വകുപ്പ് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സംരംഭകര്‍ ചൂണ്ടിക്കാട്ടുമ്പോഴും മന്ത്രിതലത്തിലും ഉന്നത ഉദ്യോഗസ്ഥ തലത്തിലുമുള്ള മാറ്റങ്ങള്‍ താഴെ തട്ടിലേക്ക് ഇതുവരെ എത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 'ഒരു വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍ വിചാരിച്ചാല്‍ പോലും സംരംഭം പൂട്ടികെട്ടാനുള്ള സാഹചര്യമുണ്ട്. സ്വന്തം വീടിന് സമീപത്ത് സംരംഭങ്ങള്‍ പാടില്ലെന്ന മലയാളി പൊതുസമൂഹത്തിന്റെ മനോഭാവത്തിലും വലിയ മാറ്റമില്ല.
സംരംഭകരുടെ ഭാഗത്ത് ന്യായം കണ്ട് ഒരു പഞ്ചായത്ത് മെമ്പര്‍ നിന്നാല്‍ പോലും ആ മെമ്പറെ അഴിമതിക്കാരനും സംരംഭകന്റെ 'അന്യായ'ത്തിന് കൂട്ടുനില്‍ക്കുന്നവരുമായി പൊതുസമൂഹം ചിത്രീകരിക്കും. ഇതിനൊന്നും വലിയ മാറ്റമില്ല,'' ജോസ് തോമസ് ഞാവള്ളി ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കുന്നതില്‍ മാത്രമാണ് താഴെതട്ടിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധ.
അവരുടെ ഭാഗത്ത് പാളിച്ച വരാതെ എങ്ങനെയെങ്കിലും സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കണമെന്ന ചിന്തയിലും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ പഴിപറയാനും സാധിക്കില്ലെന്ന് സംരംഭകരും പറയുന്നു. ''സത്യസന്ധരായ ഉദ്യോഗസ്ഥര്‍ സംരംഭകരെ സഹായിക്കാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് പോയാല്‍ അവരെ സംരംക്ഷിക്കാന്‍ പറ്റുന്ന സിസ്റ്റമൊന്നും ഇവിടെയില്ല. പിന്നെ അവരെങ്ങനെ റിസ്‌കെടുക്കും.'' പ്രാദേശികതലത്തില്‍ നിന്നുള്ള പ്രശ്‌നങ്ങളും സുഗമമായി പ്രവര്‍ത്തിക്കാന്‍ പറ്റാഞ്ഞ സാഹചര്യം കൊണ്ടും ഇപ്പോഴും കേരളത്തില്‍ നിന്ന് പല യൂണിറ്റുകളും തമിഴ്‌നാട്ടിലേക്ക് ചേക്കേറുന്നുമുണ്ട്.
''ആഫ്രിക്കയിലെ ഞങ്ങളുടെ ബിസിനസ് യൂണിറ്റിലെത്തിയപ്പോള്‍ ഒരിക്കല്‍ അവിടെ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പിന് നില്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ഞങ്ങളെ അദ്ദേഹത്തെ പ്രചരണ വേദിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഞങ്ങള്‍ അവിടെ നിക്ഷേപം നടത്തിയതെന്നൊക്കെ പ്രസംഗിച്ചു. മറ്റൊരു സന്ദര്‍ഭത്തില്‍ ഞങ്ങളുടെ ബിസിനസ് യൂണിറ്റ് സ്ഥാപിക്കുന്ന സ്ഥലത്തിന് സോണ്‍ പ്രശ്‌നം വന്നു.
നമ്മുടെ നാട്ടിലെ കളക്റ്ററിന് തുല്യമായ അധികാരമുള്ള ഉദ്യോഗസ്ഥന്‍ അവിടെ ഞങ്ങള്‍ താമസിക്കുന്ന വാടക വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കി വെറും ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി റെഡിയാക്കി തന്നു. ഇതുപോലെ ഒക്കെ സംരംഭകര്‍ക്കൊപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥരും സംവിധാനങ്ങളും എന്നാണ് ഇവിടെ വരിക,'' ഒരു സംരംഭകന്‍ ചോദിക്കുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും കേരളത്തിന്റെ പരിസ്ഥിതിക്ക് ദോഷം വരാത്ത, ഇവിടെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ തഴച്ചുവളരാന്‍ വേണ്ട ഉദാര സമീപനം ഇപ്പോഴുമുണ്ടാകാത്തതിലും സംരംഭകര്‍ക്ക് അമര്‍ഷമുണ്ട്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നിയമം മാത്രം പോരാ. അത് താഴെത്തട്ടിലേക്ക് കൂടി എത്തണം. ഇവിടെ ഇല്ലാത്തത് അതാണ്. വ്യവസായം 100 ശതമാനവും വ്യവസായ വകുപ്പിന് കീഴിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ സംരംഭകര്‍ക്ക് കാര്യങ്ങള്‍ സുഗമമാകു. വിവിധ വകുപ്പുകളുടെ ഏകോപനം വ്യവസായ വകുപ്പിന്റെ കീഴിലാകണം. സംരംഭകര്‍ ഓരോ കാര്യത്തിനും ഓരോ വകുപ്പുകളും ഓഫീസുകളും കയറിയിറങ്ങുന്നത് ഒഴിവാക്കപ്പെടണം. ഒരു സംരംഭകന് അവരുടെ ബിസിനസില്‍ മാത്രം ശ്രദ്ധപതിപ്പിക്കാന്‍ പറ്റുന്ന സാഹചര്യം കേരളത്തിലുണ്ടാകണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൈനിംഗ് & ജിയോളജി, ഫയര്‍ തുടങ്ങി ഏതിനുമുള്ള ഫീസുകള്‍ നല്‍കാം. നിയമാനുസൃതമായ കാര്യങ്ങളും സംരംഭകര്‍ ചെയ്യാം. വ്യവസായ കേന്ദ്രം മേധാവികള്‍ അതിന് മേല്‍നോട്ടവും വഹിക്കട്ടെ. മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥരും വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ താഴെ തട്ടിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെയുള്ളത്.
ജോസ് തോമസ് ഞാവള്ളി, ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍, കോട്ടയം
റെഡ്, ഓറഞ്ച് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ വീട്ടിലിരുന്ന് തന്നെ അനുമതികള്‍ നേടി തുടങ്ങാനുള്ള സാഹചര്യം കേരളത്തിലുണ്ട്. വലിയ പുരോഗതിയാണ് ഇക്കാര്യത്തിലുള്ളത്. കുറേയേറെ കാര്യങ്ങള്‍ കൂടി മെച്ചപ്പെടാനുണ്ട്. അവയും കാലാന്തരത്തില്‍ ശരിയാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഡോ. സുധീര്‍ ബാബു, സ്ഥാപകന്‍, ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്
സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ താലൂക്ക് തലത്തില്‍ നിയമിച്ചിരിക്കുന്ന ഫസിലിറ്റേഷന്‍ ഓഫീസര്‍മാരെ സമീപിച്ചാല്‍ അവര്‍ വഴി എല്ലാകാര്യങ്ങളും ചെയ്‌തെടുക്കാന്‍ പറ്റുന്ന സാഹചര്യം ഇപ്പോഴുണ്ട്. പുതിയ വ്യവസായങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്ന ഭേദഗതി മന്ത്രി എം ബി രാജേഷ് തന്നെ പറഞ്ഞിട്ടുണ്ട്. അത് നിയമമായി വന്നാല്‍ കേരളത്തില്‍ വലിയ മാറ്റമുണ്ടാകും.
ടി എസ് ചന്ദ്രന്‍, മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍, വ്യവസായ വകുപ്പ്
പുതുതായി വ്യവസായങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സബ്‌സിഡികള്‍ പ്രഖ്യാപിച്ചിരുന്നു. അത് ആര്‍ക്കെങ്കിലും കൈയില്‍ കിട്ടിയിട്ടുണ്ടോ? സിഡ്‌കോയുടെ കീഴിലുള്ള അടക്കം സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളില്‍ സംരംഭങ്ങള്‍ നിരവധിയുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവിടെ എന്തെങ്കിലും പശ്ചാത്തല സൗകര്യവികസനം നടന്നിട്ടുണ്ടോ?
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മുന്നോട്ട് വന്ന സംരംഭകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന മൂന്ന് കോടി രൂപ ധനസഹായം ആര്‍ക്കൊക്കെയാണ് ലഭിച്ചിരിക്കുന്നത്? ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുമ്പോള്‍ തന്നെ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കൂടി ബന്ധപ്പെട്ടവര്‍ നല്‍കണം. പ്രഖ്യാപനങ്ങള്‍ മാത്രം പോര. നിലവിലുള്ള സംരംഭകരാണ് കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിന്റെ അംബാസഡര്‍മാര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ജ്ജവം വേണം.
സിജോ, മോളി ഇന്‍ഡസ്ട്രീസ്, ഒല്ലൂര്‍ വ്യവസായ എസ്റ്റേറ്റ്
ഒരു സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാന്‍ എട്ടരക്കോടി രൂപ ചെലവിട്ട് പത്തേക്കര്‍ സ്ഥലം വാങ്ങി ഒരു വര്‍ഷത്തിലേറെക്കാലമായി അതിന് പിന്നാലെ നടക്കുന്നു. നിര്‍ദിഷ്ട സ്ഥലത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് കയറാനുള്ള വഴിയൊരുക്കാന്‍ പാറപൊട്ടിച്ച് മാറ്റാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇനി എനിക്ക് അനുമതി വേണ്ട. ഞാന്‍ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും 400 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന യൂണിറ്റായിരുന്നു ഇത്.
സെബാസ്റ്റിയന്‍ ജോസഫ്, പാലാ ടിംമ്പേഴ്‌സ്
Read DhanamOnline in English
Subscribe to Dhanam Magazine