വൈദ്യുതി നിരക്ക് വര്‍ദ്ധന നാമമാത്രം; ഉപയോക്താക്കള്‍ക്ക് ബാദ്ധ്യതയാവില്ലെന്ന് മന്ത്രി

നിരക്ക് കൂട്ടാതെ കെ.എസ്.ഇ.ബിക്ക് മുന്നില്‍ വേറെ വഴിയില്ലെന്ന് മന്ത്രി, അടുത്ത 4 വര്‍ഷവും നിരക്ക് കൂട്ടിയേക്കും

ഉപയോക്താക്കളെ സാരമായി ബാധിക്കാത്ത വിധമാകും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കുകയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഴക്കുറവ് മൂലം വലിയ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി നേരിടുന്നത്. ഇത് പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധന ഒഴിവാക്കാനാവില്ല. റെഗുലേറ്ററി കമ്മിഷനാണ് വര്‍ദ്ധിപ്പിക്കേണ്ട നിരക്ക് തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല
നിരക്ക് വര്‍ദ്ധിപ്പിക്കാനായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പും നിരക്കുവര്‍ദ്ധനയുമായി ബന്ധമില്ല.
വൈദ്യുതി നിരക്ക് യൂണിറ്റിന് 41 പൈസ കൂട്ടണമെന്ന ആവശ്യമാണ് നേരത്തേ റെഗുലേറ്ററി കമ്മിഷന് മുന്നില്‍ കെ.എസ്.ഇ.ബി വച്ചത്. ഇതിനെതിരെ വ്യാവസായിക ഗുണഭോക്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. നിരക്ക് വര്‍ദ്ധന ഹൈക്കോടതി തടഞ്ഞില്ലെങ്കിലും ജീവനക്കാരുടെ പെന്‍ഷനുള്ള വിഹിതം നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഈടാക്കരുതെന്ന് നിര്‍ദേശിച്ചു.
കോടതി വിധി വന്ന പശ്ചാത്തലത്തില്‍, നിരക്ക് വര്‍ദ്ധന സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ തീരുമാനമെടുക്കും. കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്ര നിരക്ക് വര്‍ദ്ധന സാധാരണ റെഗുലേറ്ററി കമ്മിഷന്‍ അനുവദിക്കാറില്ല. എങ്കിലും യൂണിറ്റിന് 20 പൈസയില്‍ കുറയാത്ത വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷങ്ങളിലും നിരക്ക് കൂട്ടും
അടുത്ത നാല് വര്‍ഷവും നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് കെ.എസ്.ഇ.ബി നടത്തുന്നത്. കെ.എസ്.ഇ.ബിയുടെ ഏകദേശം 1,900 കോടി വരുന്ന ബാദ്ധ്യത ഇതുവഴി തീര്‍ക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പെന്‍ഷനുള്ള തുക ഉപയോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ 407 കോടിയോളം രൂപ നിരക്ക് വര്‍ദ്ധന വഴി പെന്‍ഷന്‍ ഫണ്ടിലേക്ക് പിരിക്കാമെന്ന കെ.എസ്.ഇ.ബിയുടെ നീക്കം പൊലിഞ്ഞു. ഇതൊഴിച്ചുള്ള തുകയാണ് നിരക്ക് വര്‍ദ്ധനയിലൂടെ വരും വര്‍ഷങ്ങളില്‍ ഉപയോക്താക്കളില്‍ നിന്ന് പിരിക്കുക.
Related Articles
Next Story
Videos
Share it