'ഇമാക്' സൈലന്റ് ഹീറോസ് അവാർഡ്‌സ്-2026; ഹരി ആനന്ദിന് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡ്

തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു
EMAK Awards 2026
ഇമാക് സൈലന്റ് ഹീറോസ് അവാർഡ്‌സ്-2026, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിക്കുന്നു.
Published on

കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള' (ഇമാക്) പ്രഖ്യാപിക്കുന്ന സൈലന്റ് ഹീറോസ് അവാർഡുകൾ വിതരണം ചെയ്തു. തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന പുരസ്കാര നിശയുടെ എട്ടാം പതിപ്പ്, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് ഉദ്ഘാടനം നിർവഹിച്ചത്. 'ഹരി ആനന്ദ്' ലേബലിന്റെ സ്ഥാപകനും ഡിസൈനറും സംരംഭകനുമായ ഹരി ആനന്ദാണ്, സമ​ഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡിന് അർഹനായത്.

'ഇന്ത്യയിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യവസായമാണ് ഇവന്റ് മാനേജ്‌മെന്റ് മേഖല. കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഈ മേഖല വളരെ പ്രധാനപ്പെട്ട ഒരു തൊഴിൽദാതാവ് മാത്രമല്ല, നമ്മുടെ സമ്പദ്‌‍വ്യവസ്ഥയ്ക്ക് കൂടി ഗണ്യമായ സംഭാവന നൽകുന്ന ഒന്നാണ്' സമ്മാന​​ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യവേ മന്ത്രി റോജി എം. ജോൺ പറഞ്ഞു.

ഇമാക് മെഡ്‌കെയർ

അതേസമയം ഇമാക് സംഘടനയിലെ അംഗങ്ങൾക്കായി 'ഇമാക് മെഡ്‌കെയർ' എന്ന പ്രത്യേക ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്തു. പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള ആരോഗ്യപരമായ അടിയന്തര ഘട്ടങ്ങളിലോ രോഗബാധകളിലോ ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനാണ് ഈ ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു പരിപാടിയുടെ ഭാഗമായ മീറ്റ് & ഗ്രീറ്റ് ചടങ്ങിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ചടങ്ങിന്റെ ഭാഗമായി ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍, വിനോദപരിപാടികള്‍ എന്നിവയും നടന്നു. 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സൈലന്റ് ഹീറോസ് അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിച്ചു. വര്‍ഷങ്ങളായി സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെയും പ്രഫഷണലുകളെയും ആദരിക്കുന്ന വേദിയാണ് ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്സ്.

പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ നടന്ന വിജ്ഞാന സെഷനുകൾ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ഇവന്റ് മാനേജ്മെന്റ് സംഘടനയുടെ വിവിധ ദേശിയ, സംസ്ഥാന പ്രതിനിധികൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.

കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ അംഗീകരിക്കാനും ആഘോഷിക്കുവാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. ജനറൽ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, വൈസ് പ്രസിഡന്റ് ധിഷൻ അമ്മാനത്ത്, ട്രഷറർ പ്രവീൺ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി അജേഷ് മുകുന്ദൻ, സൈലന്റ് ഹീറോസ്-2026 കൺവീനർ ജോയൽ ജോൺ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com