

സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി ടൈകോണ്‍ കേരള 2025ന് സമാപനം. സംസ്ഥാനത്തിന്റെ വളര്‍ച്ചക്കായി സംരംഭക മനോഭാവത്തില്‍ വലിയ മാറ്റം അനിവാര്യമാണെന്ന് സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഇന്‍ഡസ്ട്രീസ്) എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു.
ബിസിനസ് സൗകര്യം, വ്യവസായ നയം, ഡിജിറ്റല്‍ ഭരണസംവിധാനം തുടങ്ങിയ മേഖലകളില്‍ നടന്ന വേഗത്തിലുള്ള പരിഷ്‌കാരങ്ങള്‍ കേരളത്തെ വലിയ നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനമാക്കിയിട്ടുണ്ട്. 6,000 സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദാമോദര്‍ അവന്നൂര്‍, വിവേക് കൃഷ്ണ ഗോവിന്ദ് (പ്രസിഡന്റ്, ടൈ കേരള), ഡോ. ജീമോന്‍ കോര (വൈസ് പ്രസിഡണ്ട്), ദിവ്യ തലക്കലാട്ട് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍) എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.
ടൈകോണ്‍ കേരള 2025 ന്റെ രണ്ടാം ദിവസം സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെയും ശ്രദ്ധയാകര്‍ഷിച്ച നിരവധി ചര്‍ച്ചകള്‍ നടന്നു.
റീസൈക്കിള്‍ സ്ഥാപകനും സി.ഇ.ഒയുമായ അഭയ് ദേഷ്പാണ്ഡെ, ഇന്ത്യയുടെ സര്‍കുലര്‍ ഇക്കോണമി യുടെ പ്രവര്‍ത്തനം വിശദീകരിച്ചു.
മാലിന്യം ഒരു സാമൂഹിക ഭാരമല്ല. പുതിയ ബിസിനസ് മോഡലുകള്‍ക്ക് അടിത്തറയാകുന്ന മൂല്യമുള്ള വിഭവമാണത്. റീസൈക്കിളിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഡെപ്പോസിറ്റ്-റിട്ടേണ്‍ പദ്ധതികളും വഴി രാജ്യത്തെ ഏറ്റവും അനൗപചാരികമായ മേഖലകളില്‍ പോലും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് ZEE5 ഗ്ലോബലിന്റെ മുന്‍ സി.ഇ ഒ ആര്‍ച്ചന ആനന്ദ് അഭിപ്രായപ്പെട്ടു. 700 ബില്യണ്‍ ഡോളറിന്റെ ആഗോള വ്യവസായമായി സ്ട്രീമിംഗ് മാറിയെന്നും പ്രേക്ഷകരുടെ കാഴ്ചാരീതികളെ ഇത് മാറ്റിയെഴുതിയെന്നും അവര്‍ പറഞ്ഞു. 'കൊറിയന്‍, ടര്‍ക്കിഷ് എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ കഥകളും ശ്രദ്ധയാകര്‍ഷിക്കുന്നത് മികച്ച ഉള്ളടക്കത്തിന് അതിരുകളില്ല എന്ന് തെളിയിക്കുകയാണെന്ന് ആര്‍ച്ചന ആനന്ദ് പറഞ്ഞു.
എ.ഐ പ്രാധാന്യം നേടുന്നത് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ശക്തമായ വിതരണ ശൃംഖലയിലൂടെ ഉപയോക്താക്കളിലേക്ക് എത്തുകയും ചെയ്യുമ്പോഴാണെന്ന് സീഫണ്ടിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മയൂരേഷ് റൗട്ട് ചൂണ്ടിക്കാട്ടി. ഹൈപ്പ് സൈക്കിളുകള്‍ സൃഷ്ടിക്കുന്നതിലൂടെയല്ല, അടിസ്ഥാനപരമായ കാര്യങ്ങളിലാണ് സുസ്ഥിരമായ കമ്പനികള്‍ കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ, ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബ്രഹ്‌മവേദയുടെ സഹസ്ഥാപകന്‍ കശ്യപ് പാണ്ഡ്യ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള നിരവധി സംരംഭകര്‍ പങ്കെടുത്ത മൈസ്റ്റോറി സെഷന്‍ പുതുസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേറിട്ട ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു.
അരീക്കോട് പോലെ ഒരു നഗരപ്രദേശത്ത് നിന്ന് ഒരു വിജയകരമായ സ്റ്റാര്‍ട്ടപ്പ് കെട്ടിപ്പടുത്തതിനെ കുറിച്ചാണ് എഡ്‌ടെക് പ്ലാറ്റഫോമായ ഇന്റര്‍വലിന്റെ സഹസ്ഥാപകന്‍ റമീസ് അലി സംസാരിച്ചത്. അധ്യാപനത്തില്‍ വ്യക്തിഗത ശ്രദ്ധയുടെ പ്രാധാന്യവും ഓരോ പഠിതാവിനെയും മനസിലാക്കുന്ന മോഡലുകളുടെ ആവശ്യകതയെയും കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബ്രാന്‍ഡിംഗിലും ക്ലൗഡ് ഹോസ്റ്റിംഗ് സംരംഭങ്ങളിലും സര്‍ഗാത്മകതയും നേതൃത്വവും എങ്ങനെ സന്തുലിതമാക്കാമെന്നതിനെ കുറിച്ചാണ് ഫ്‌ളെക്‌സി ക്ലൗഡിന്റെ സഹസ്ഥാപകയായ അനൂജ ബഷീര്‍ വിശദീകരിച്ചത്. ഒരു ബ്രാന്‍ഡ് വളരുന്നത് അതിന്റെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ആളുകളെ കേന്ദ്രീകരിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോളാണെന്നാണ് അനുജ വ്യക്തമാക്കിയത്.
തൃശൂരില്‍ വരാനിരിക്കുന്ന 1,000 ഏക്കര്‍ റോബോട്ടിക് പാര്‍ക്കിന്റെ പിന്നിലെ ശ്രമങ്ങളെ കുറിച്ച് ഇന്‍കെര്‍ റോബോട്ടിക്‌സിന്റെ സി.ഇ.ഒ രാഹുല്‍ പി. ബാലചന്ദ്രന്‍ വിശദീകരിച്ചു. വിനോദം, ഗവേഷണം, പൊതു പഠനം എന്നിവ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പത്ത് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും. എ.ഐ, റോബോട്ടിക്‌സ് പോലുള്ള നൂതന മേഖലകള്‍ വിദഗ്ദ്ധര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൈകോൺ കേരള 2025-ന്റെ രണ്ടാം ദിനത്തിൽ, വൈവിധ്യമാർന്ന കരിയറുകളെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും സ്ത്രീ സംരഭകരുടെ സെഷനുകളും നടന്നു.
Read DhanamOnline in English
Subscribe to Dhanam Magazine