

ബിസിനസില്‍ നേരിട്ട വെല്ലുവിളികള്‍, മറികടന്ന രീതികള്‍, പഠിച്ച പാഠങ്ങള്‍...എം.എസ്.എം.ഇ മേഖലയില്‍ വളരാന്‍ ആഗ്രഹിക്കുന്ന യുവ സംരംഭകര്‍ക്ക് മുന്നില്‍ വേറിട്ട അനുഭവങ്ങള്‍ പങ്കുവച്ച് സംരംഭകര്‍. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് വ്യത്യസ്തമേഖലയില്‍ വിജയം വരിച്ച സംരംഭകര്‍ അവരുടെ അനുഭവ കഥകള്‍ പങ്കുവച്ചത്.
എല്ലാ കാര്യങ്ങളും പഠിച്ചിട്ടാകില്ല ഏതൊരു ബിസിനസുകാരനും തുടക്കം കുറിക്കുന്നത്. എന്നാല്‍ ബിസിനസിന്റെ എല്ലാ മേഖലയെ കുറിച്ചും അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ക്കാണ് മുന്നോട്ടുപോകാനാകുകയെന്ന് പാനല്‍ ചര്‍ച്ച നയിച്ച ടൈ കേരള പ്രസിഡന്റും വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഫിനാന്‍സ് കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവര്‍ അതില്‍ അപ് സ്‌കില്‍ ചെയ്യണം. ട്രെയിനിംഗ് പരിപാടികളില്‍ പങ്കെടുക്കുകയും ബന്ധപ്പെട്ട അസോസിയേഷനുകളെ സമീപിച്ച് അത്തരം ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ വേണ്ട മുന്‍കൈയെടുക്കുകയുമാണ് സംരംഭകര്‍ ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കെന്‍സ ടി.എം.ടി സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഷഹദ് മൊയ്തീന്‍, കാന്‍കെയര്‍ അസിസ്റ്റഡ് ലിവിംഗ് ഹോംസ് സ്ഥാപകയും ഡയറക്ടറുമായ ഡോ.ബോബി സാറ തോമസ്, അശ്വതി ഹോട്ട് ചിപ്‌സ് സ്ഥാപകയും സി.ഇ.ഒയുമായ ഡോ ഇളവരശി ജയകാന്ത് എന്നിവരായിരുന്നു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
സ്‌കെയിലിംഗ് അപ് എന്നത് ഒരു ലക്ഷ്യമല്ല. അത് നിരന്തരമായി നടത്തേണ്ട ഒരു യാത്രയാണെന്നാണ് ഷഹദ് മൊയ്തീന്‍ താന്‍ കടന്നു പോയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറഞ്ഞത്. ''പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടക്കമിട്ട പ്രസ്ഥാനത്തിലേക്കാണ് ഞാന്‍ ജോയിന്‍ ചെയ്തത്. എന്ത് റോളെടുക്കും എന്നതായിരുന്നു ആശങ്ക. ചെറിയൊരു വിപണിയായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ചെയ്തത് ഈ മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍, പ്രശ്‌നങ്ങള്‍ ഒക്കെ പഠിക്കാന്‍ ഒരു ടീം ഡെവലപ് ചെയ്യുകയാണ്. അപ്പോഴും ഫണ്ട്, ടെക്‌നോളജി തുടങ്ങിയവ അടക്കമുള്ള വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സ്‌കെയിലിംഗ് അപ് ചെയ്യണമെങ്കില്‍ ഓരോ കാലഘട്ടത്തിലും ഓരോ വെല്ലുവിളികള്‍ മറികടന്നു കൊണ്ടേയിരിക്കണം.''
പിതാവിന്റെ ബിസിനസ് തകര്‍ച്ച നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ ഒരിക്കലും ബിസിനസിലേക്ക് കടക്കണമെന്ന് വിചാരിക്കാത്ത ആളായിരുന്നു താനെന്നും പാലിയേറ്റീവ് കെയര്‍ രംഗത്ത് സേവനമുഷ്ഠിക്കുമ്പോള്‍ നേരിട്ട് കാണേണ്ടി വന്ന കാഴ്ചകളാണ് ഈ രംഗത്തേക്ക് നയിച്ചതെന്നും ഡോ.ബോബി സാറ തോമസ് പറഞ്ഞു. സമൂഹത്തില്‍ ഒരു ആവശ്യമുണ്ടോ? ആ ആവശ്യത്തിനൊരു പരിഹാരം നിങ്ങളുടെ കൈയിലുണ്ടോ? ഇത് നല്‍കിയാല്‍ ആരു പണം തരും? ഒരു സംരംഭം തുടങ്ങുന്നതിനു മുമ്പ് ഈ മൂന്ന് കാര്യങ്ങള്‍ ഓരോരുത്തരും ചോദിക്കണമെന്നും ഡോ.ബോബി സാറ തോമസ് പറഞ്ഞു. എന്റെ ഈ സംരംഭം തുടങ്ങുമ്പോള്‍ ഞാന്‍ കൂടുതല്‍ അനുഭവിച്ചത് ആന്തരികമായ കാര്യങ്ങളായിരുന്നു. ഒരു ഡോക്ടറായതിനാല്‍ തന്നെ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഒറ്റ പ്രോഡക്ടിലായിരുന്നു എന്റെ കുടുംബം ആദ്യ കാലത്ത് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഉത്പന്ന വൈവിധ്യവത്കരണത്തിലും ക്വാളിറ്റിയിലും ശ്രദ്ധിച്ച് മുന്നേറിയതാണ് വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് ഡോ. ഇളവരശി വ്യക്തമാക്കി. ''ഉപജീവനം എന്ന രീതിയിലാണ് കുടുംബം ഇതിനെ കണ്ടത്. ഞാന്‍ ഇതിലേക്ക് വന്നപ്പോള്‍ ചേമ്പ്, കൂര്‍ക്ക പോലുള്ള ചിപ്‌സുകള്‍ അവതരിപ്പിച്ചു. ഒരു കാലത്തും ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മോഹന്‍ലാലിനെയും പോലുള്ളവരും ചിപ്‌സിന്റെ ആസ്വാദകരാണ്.'' വെല്ലുവിളികളാണ് നമ്മളെ വളര്‍ത്തുന്നത്. സംരംഭക ജീവിതത്തില്‍ തിരിച്ചടിയുണ്ടായപ്പോഴാണ് മനസിലായത് താന്‍ തനിച്ചാണെന്ന്. പിന്നെ എല്ലാ ഇന്‍ഡസ്ട്രി അസോസിയേഷനുകളുമായും ചേര്‍ന്ന് മുന്നോട്ടു പോകുകയായിരുന്നുവെന്നും ഇളവരി പറഞ്ഞു.
തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സമ്മിറ്റില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പ്രഭാഷണങ്ങള്‍ നടത്തി. ബിസിനസ് വളര്‍ത്താനുള്ള വിഭിന്ന രീതികള്‍ വിശദമാക്കുന്ന പാനല്‍ ചര്‍ച്ചകളും സമ്മിറ്റിനോട് അനുബന്ധിച്ച് നടന്നു.
Read DhanamOnline in English
Subscribe to Dhanam Magazine