ബീൻസ് ₹130, ചെറിയ ഉള്ളി ₹110 വരെ: പച്ചക്കറികൾക്ക് വില വർധിക്കുന്നത് എന്തുകൊണ്ട്?

ഓൺലൈൻ പച്ചക്കറി വിപണിയുടെ വരവും, ഹോട്ടലുകളെയും കാറ്ററിംഗ് സേവനങ്ങളെയും കൂടുതൽ ആശ്രയിക്കുന്ന പുതിയ തലമുറയുടെ ശീലങ്ങളും കാരണം പരമ്പരാഗത റീട്ടെയിൽ പച്ചക്കറി കച്ചവടം ശോചനീയമായ അവസ്ഥയില്‍
vegetable market, kerala
Image courtesy: Canva
Published on: 

സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ ചില അവശ്യ ഇനങ്ങൾക്കുണ്ടായ കടുത്ത വിലവർദ്ധനവ് സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ വലയ്ക്കുന്നു. ബാക്കി മിക്ക പച്ചക്കറികളുടെയും വില പൊതുവേ സ്ഥിരത പുലർത്തുമ്പോഴും ബീൻസ്, ചെറിയ ഉള്ളി, ചെറുനാരങ്ങ എന്നിവയുടെ വിലയിലാണ് വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഇനങ്ങളിലെ വിലക്കയറ്റം

ബീൻസ്: കഴിഞ്ഞ മാസങ്ങളിൽ കിലോയ്ക്ക് 60 രൂപ മുതൽ 65 രൂപ വരെ ഉണ്ടായിരുന്ന ബീൻസിന് എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ നിലവിൽ ഹോൾസെയിൽ വിപണിയിൽ 120 രൂപയും റീട്ടെയിൽ വിപണിയിൽ 130 രൂപയുമാണ് വില.

ചെറിയ ഉള്ളി: കഴിഞ്ഞ മാസം 58-65 രൂപ നിരക്കിലായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോൾ ഹോൾസെയിൽ വിപണിയിൽ 90-95 രൂപയും റീട്ടെയിൽ വിപണിയിൽ 100-110 രൂപയുമാണ് ഈടാക്കുന്നത്.

ചെറുനാരങ്ങ: കഴിഞ്ഞ മൂന്ന് മാസമായി ചെറുനാരങ്ങയുടെ വില ഉയർന്ന നിലയിൽ തുടരുകയാണ്. വലിയ വലിപ്പവും കൂടുതൽ നീരുമുള്ള തമിഴ്നാട്ടിലെ പുളിയൻകുടി നാരങ്ങയ്ക്ക് ഹോൾസെയിൽ വില 190 രൂപയും റീട്ടെയിൽ വിപണിയിൽ 200 മുതൽ 220 രൂപ വരെയുമാണ്. ആന്ധ്ര നാരങ്ങയ്ക്ക് ഹോൾസെയിൽ 140 രൂപയും റീട്ടെയിൽ 180 രൂപയുമാണ് നിരക്ക്. കറി നാരങ്ങയ്ക്ക് ഹോൾസെയിലിൽ 70 രൂപയും റീട്ടെയിലിൽ 80 രൂപയുമാണ് വില. നാരങ്ങ വില ഉയർന്നതോടെ കടകളിൽ നാരങ്ങാവെള്ളത്തിനും കൂൾ ഡ്രിങ്ക്സുകൾക്കും 5 രൂപ മുതൽ 10 രൂപ വരെ കൂട്ടിയാണ് വില്‍ക്കപ്പെടുന്നത്.

വില വർദ്ധനവിനുള്ള പ്രധാന കാരണങ്ങൾ

വൻതോതിലുള്ള കയറ്റുമതി (Export): ബീൻസ്, ചെറിയ ഉള്ളി എന്നിവയുടെ വില ഉയരുന്നതിന് തമിഴ്‌നാട്, കർണാടക വിപണികളിൽ നിന്നുള്ള വൻതോതിലുള്ള കയറ്റുമതി ഇടയാക്കുന്നു. കയറ്റുമതി കഴിഞ്ഞുള്ള ശേഷിക്കുന്ന കുറഞ്ഞ അളവ് പച്ചക്കറി മാത്രമാണ് കേരളത്തിലേക്ക് എത്തുന്നതെന്ന് എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ എം. ആർ. വെജിറ്റബിൾസിന്റെ എൻ.എച്ച് ഷമീദ് ധനം ഓണ്‍ലൈനോട് പറഞ്ഞു. ബീന്‍സിന്റെ വരവ് കുറയാനുളള കാരണം തമിഴ്നാട്ടിലെ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവാണ്. കയറ്റുമതിക്കാര്‍ മികച്ച ഗുണനിലവാരമുളള സ്റ്റോക്ക് വാങ്ങുന്നതാണ് ചെറിയ ഉള്ളിയുടെ വിലയില്‍ പ്രതിഫലിക്കുന്നത്.

ഉൽപ്പാദനക്കുറവും കടുത്ത ചൂടും: ചെറുനാരങ്ങയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതാണ് ഉയർന്ന വിലയ്ക്ക് കാരണം. ഇതിനുപുറമെ ചൂട് കൂടിയതോടെ കേരളത്തിൽ നാരങ്ങയുടെ ആവശ്യകത (Demand) കുത്തനെ ഉയർന്നു. ആന്ധ്രയിൽ നിന്നും പുളിയൻകുടിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ചെറുനാരങ്ങയിൽ ഭൂരിഭാഗവും കേരളത്തിലേക്കാണ് വിറ്റഴിക്കുന്നത്.

പ്രധാന വിപണികൾ: ഒട്ടൻഛത്രം, പൊള്ളാച്ചി, മൈസൂര്‍, ബാംഗ്ലൂർ, സത്യമംഗലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത്.

ഇന്‍സൈറ്റില്‍ എൻ.എച്ച് ഷമീദ്; കേരളത്തിലെ ഒരു ചെറിയ കൂള്‍ ഡ്രിംങ്ക്സ് കടയില്‍ നിന്നുളള ദൃശ്യം.
ഇന്‍സൈറ്റില്‍ എൻ.എച്ച് ഷമീദ്; കേരളത്തിലെ ഒരു ചെറിയ കൂള്‍ ഡ്രിംങ്ക്സ് കടയില്‍ നിന്നുളള ദൃശ്യം.

മറ്റു പച്ചക്കറികളുടെ നിലവിലെ വിലനിലവാരം (ഹോൾസെയിൽ / റീട്ടെയിൽ):

മാറുന്ന ഉപഭോക്തൃ രീതികള്‍

ഓൺലൈൻ പച്ചക്കറി വിപണിയുടെ വരവും, ഹോട്ടലുകളെയും കാറ്ററിംഗ് സേവനങ്ങളെയും കൂടുതൽ ആശ്രയിക്കുന്ന പുതിയ തലമുറയുടെ ശീലങ്ങളും കാരണം പരമ്പരാഗത റീട്ടെയിൽ പച്ചക്കറി കച്ചവടം ശോചനീയമായ അവസ്ഥയിലാണ്. വിശേഷദിവസങ്ങളിലോ ഓണക്കാലത്തോ പോലും വീട്ടിൽ പാചകം ചെയ്യുന്നതിന് പകരം റെഡിമേഡ് സദ്യകൾ ഏൽപ്പിക്കുന്ന പ്രവണത കൂടിയതോടെ റീട്ടെയിൽ വ്യാപാരികളുടെ കച്ചവടം മന്ദഗതിയിലായെന്നും എൻ. എച്ച്. ഷമീദ് കൂട്ടിച്ചേർക്കുന്നു.

ബീൻസ്, ചെറിയ ഉള്ളി തുടങ്ങിയ ഏതാനും ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കിലോയ്ക്ക് 40 രൂപ വരെ വില വർദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും, മുൻവർഷങ്ങളിലെ ഈ സീസൺ സമയത്തെ വിലയെ അപേക്ഷിച്ച് വലിയ വ്യത്യാസമില്ലെന്നാണ് എറണാകുളം പച്ചക്കറി മാർക്കറ്റിലെ 'എസ്.എസ്. ഗ്രീൻ വെജിറ്റബിൾസിന്റെ' കെ.എ സലാം പറയുന്നത്. ക്യാബേജ് ഉൾപ്പെടെയുള്ള ഭൂരിഭാഗം പച്ചക്കറികൾക്കും സാധാരണ നിലവാരത്തിലുള്ള വില മാത്രമാണുള്ളത്. പച്ചക്കറിക്ക് നാമമാത്ര വര്‍ധന ഈടാക്കിയാല്‍ പോലും "വില കൂടുതലാണല്ലോ" എന്ന് ചോദിക്കുന്നത് ഉപഭോക്താക്കളുടെ പതിവ് പ്രതികരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. യഥാർത്ഥ വിപണി നിരക്ക് എന്താണെങ്കിലും വില കൂടുതലാണെന്ന ധാരണയിലാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നതെന്നും സലാം പറയുന്നു.

വാങ്ങൽ രീതികളിലെ മാറ്റങ്ങൾ

ഉപഭോക്താക്കളുടെ വാങ്ങൽ രീതി പരിശോധിച്ചാൽ വലിയ അളവിൽ ഒന്നിച്ചു വാങ്ങുന്ന 'ബൾക്ക് പർച്ചേസ്' (Bulk Purchase) പ്രവണത ഇപ്പോൾ വിപണിയിൽ കാണാനില്ല. അത്യാവശ്യത്തിന് മാത്രമുള്ള പച്ചക്കറികൾ മിതമായ അളവിൽ വാങ്ങുന്ന ഒരു ശരാശരി (Average) രീതി മാത്രമാണ് നിലവിലുള്ളത്. അനാവശ്യമായി കൂടുതൽ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ ഉപഭോക്താക്കൾ മുതിരുന്നില്ല.

കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് പച്ചക്കറി വില നിയന്ത്രണവിധേയമാണെങ്കിലും, ഉപഭോക്താക്കളുടെ പരാതിപ്പെടുന്ന ശൈലിയും മിതമായ അളവിലുള്ള ജാഗ്രതയോടെയുള്ള വാങ്ങൽ രീതിയുമാണ് വിപണിയിൽ പ്രകടമാകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com