ഇസാഫ് ബാങ്കിന് ഒന്നാം പാദത്തില്‍ ₹63 കോടി രൂപ ലാഭം, മൊത്തം ബിസിനസ് ₹40,000 കോടി കടന്നു

പലിശ വരുമാനത്തില്‍ നേരിയ വര്‍ധന, കാസ നിക്ഷേപങ്ങള്‍ കൂടി
K. Paul Thomas, MD & CEO of ESAF Small Finance Bank
കെ. പോള്‍ തോമസ്, എം.ഡി & സി.ഇ.ഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
Published on

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 62.8 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 129.96 കോടി രൂപയുമായി നോക്കുമ്പോള്‍ ലാഭം 51.7 ശതമാനം ഇടിഞ്ഞു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (provisons and contingencies) ഉയര്‍ന്നതാണ് ലാഭത്തെ ബാധിച്ചത്.

ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 678.5 കോടി രൂപയില്‍ നിന്ന് 703.6 കോടി രൂപയായി. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ 58.4 ശതമാനത്തില്‍ നിന്ന് 0.5 ശതമാനത്തിന്റെ നേരിയ വര്‍ധനയോടെ 588.4 കോടിയുമായി.

മൊത്തം ബിസിനസ് 40,551 കോടി

ബാങ്കിന്റെ മൊത്തം ബിസിനസ് അവലോകന കാലയളവില്‍ 23.4 ശതമാനം വര്‍ധിച്ച് 40,551 കോടിയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 32,860 കോടി രൂപയായിരുന്നു ഇത്. മൊത്തം വായ്പ 30 ശതമാനം വര്‍ധിച്ച് 18,783 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 14,444 കോടിയായിരുന്നു. മൊത്തം വായ്പയില്‍ 66 ശതമാനം ചെറുകിട വായ്പകളും ബാക്കി 34 ശതാനം റീറ്റെയ്ല്‍ വായ്പകളുമാണ്.

2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൊത്ത വായ്പാ വിതരണം 4,503 കോടി രൂപയാണ്, ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,509 കോടി രൂപയായിരുന്നു. അതോടൊപ്പം ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 33.4 ശതമാനം ഉയര്‍ന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 15,656 കോടി രൂപയായിരുന്നു. ബാങ്കിന്റെ കാസ നിക്ഷേപം 72.8 ശതമാനം ഉയര്‍ന്ന് 4,927 കോടിയായി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,852 കോടിയായിരുന്നു. അതോടൊപ്പം കാസാ അനുപാദം 23.6 ശതമാനമായി.

'കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളില്‍ 23.4 ശതമാനത്തിന്റെ മികച്ച വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കാസ നിക്ഷേപങ്ങളിലടക്കം വര്‍ധന പ്രകടമാണെന്നും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 755 ശാഖകളും 627 എടിഎമ്മുകളുമുണ്ട്. ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് ഇസാഫ് ബാങ്കിന്റെ പാദഫലം പുറത്തുവന്നത്. ഓഹരി 0.16 ശതമാനം നേട്ടത്തോടെ 51.49 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതു വരെയുള്ള കാലയളവില്‍ ഓഹരി വില 25 ശതമാനത്തിലധികം നഷ്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com