ഇസാഫിന്റെ നാലാംപാദ ലാഭം താഴ്ന്നു; മൊത്തം ബിസിനസ് ₹40,000 കോടിയിലേക്ക്, ഓഹരികളില്‍ ഇടിവ്

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ചില്‍) 43.4 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന കാലയളവിലെ 101.4 കോടിയുമായി നോക്കുമ്പോള്‍ ലാഭത്തില്‍ 57 ശതമാനം ഇടിവുണ്ട്. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (provisions and contingencies) മൂന്ന് മടങ്ങ് ഉയര്‍ന്നതാണ് ലാഭത്തെ ബാധിച്ചത്. ആസ്തി നിലവാരം കുറയാനും ഇതിടയാക്കി.

ബാങ്കിന്റെ പ്രവര്‍ത്തനലാഭം 30 ശതമാനം ഉയര്‍ന്ന് മുന്‍വര്‍ഷത്തെ 219 കോടിയെ അപേക്ഷിച്ച് 285 കോടിയായെങ്കിലും കിട്ടാക്കടം തരണം ചെയ്യാനായി 226 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വര്‍ഷം 82 കോടി രൂപ നീക്കി വച്ച സ്ഥാനത്താണിത്.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍ വര്‍ഷത്തെ 352 കോടിയില്‍ നിന്ന് ഇരട്ടിയോളം വര്‍ധിച്ച് 893 കോടി രൂപയായി. ജി.എന്‍.പി.എ അനുപാതം 2.5 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി ഉയര്‍ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) അനുപാതം 1.13 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി.
വായ്പയും നിക്ഷേപവും
ബാങ്കിന്റെ മൊത്തം ബിസിനസ് 39,527 കോടി രൂപയായി. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് ബാങ്ക് കൈവരിച്ചത്. മൊത്തം വായ്പകള്‍ 123.1 ശതമാനം വര്‍ധനയോടെ 18,722 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ നിക്ഷേപങ്ങള്‍ 120.8 ശതമാനം വര്‍ധിച്ച് 19,868 കോടിയുമായി.
ബാങ്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്ന സൂക്ഷ്മ വായ്പകളില്‍ 70.1 ശതമാനം വളര്‍ച്ച നേടി. കാര്‍ഷിക വായ്പകള്‍ 5.3 ശതമാനവും എം.എസ്.എം.ഇ വായ്പകള്‍ 5.8 ശതമാനവും റീറ്റെയ്ല്‍ വായ്പകള്‍ 18.8 ശതമാനവും വളര്‍ച്ച നേടി.
ഇസാഫിന്റെ മൊത്ത വരുമാനം 33 ശതമാനം ഉയര്‍ന്ന് 868 കോടി രൂപയില്‍ നിന്ന് 1,152 കോടി രൂപയായി. അതേസമയം മൊത്തം ചെലവുകള്‍ 649 കോടി രൂപയില്‍ നിന്ന് 34 ശതമാനം വര്‍ധിച്ച് 867 കോടിയുമായി. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി നല്‍കേണ്ടി വന്നതാണ് ചെലവുയര്‍ത്തിയത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 29 ശതമാനം വര്‍ധിച്ച് 2,370 കോടിരൂപയായി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 70 പൈസ ലാഭവിഹിതം നല്‍കാനും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം ബാങ്ക് ഡിവിഡന്‍ഡ് നല്‍കിയിരുന്നില്ല.
ഓഹരി വില ഇടിവിൽ
ഇന്നലെ ഓഹരി വിപണി പ്രവർത്തനം അവസാനിപ്പിച്ച ശേഷമാണ് ഇസാഫ് ബാങ്ക് പാദഫലങ്ങളെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയ ശേഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി അഞ്ച് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. നിലവില്‍ 57 രൂപയിലാണ് ഓഹരി വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നഷ്ടം 13 ശതമാനത്തിലധികമാണ്.

2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഇസാഫിന് 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 753 ശാഖകളുണ്ട്. ഇതില്‍ 57 ശതമാനവും അര്‍ദ്ധ നഗരപ്രദേശങ്ങളിലാണ്. ബാങ്കിന്റെ മൊത്തം ഉപയോക്താക്കള്‍ 83.7 ലക്ഷമാണ്. 5,967 ജീവനക്കാരും 35 ബിസിനസ് കറസ്‌പോണ്ടന്റുമാരും 5,024 ബാങ്കിംഗ് ഏജന്റുമാരുമുണ്ട്. രാജ്യത്തെമ്പാടുമായി 614 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.


Related Articles
Next Story
Videos
Share it