നാലുവര്‍ഷത്തെ തുടര്‍ച്ചയായ ലാഭത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീണ് ഫാക്ട്; ഓഹരികളില്‍ കരകയറ്റം

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്/FACT) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവ്.

കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 612.83 കോടി രൂപയില്‍ നിന്ന് 146.17 കോടിയായി കുത്തനെ ഇടിഞ്ഞു. വിറ്റുവരവ് 6,198.15 കോടി രൂപയില്‍ നിന്ന് 5,054.93 കോടി രൂപയുമായി.
കഴിഞ്ഞ വര്‍ഷം റെക്കോഡ് ലാഭവും വിറ്റുവരവും കുറിച്ച സ്ഥാനത്താണ് ഇത്രയും ഭീമമായ വീഴ്ച. കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍
ച്ചയായി
ലാഭം നേടിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് ഫാക്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 353.28 കോടി രൂപയായിരുന്നു.
നാലാം പാദക്കണക്കുകള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ ഫാക്ട് 61.2 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 165.44 കോടി രൂപ ലാഭം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. 63 ശതമാനമാണ് ഇടിവ്.
വിറ്റുവരവ് 2022-23 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 1,300.73 കോടി രൂപയില്‍ നിന്ന് 18 ശതമാനം കുറഞ്ഞ് 1,061.82 കോടി രൂപയായി. ലാഭത്തിലും വിറ്റുവരവിലും കുറവ് രേഖപ്പെടുത്തിയ ഫാക്ട് ഓഹരികള്‍ ഇന്നലെ 2.66 ശതമാനം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലത്തെ വ്യാപാര സെഷനില്‍ ഒരു ശതമാനത്തോളം ഉയര്‍ന്ന് 682.20 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.
ഓഹരിയൊന്നിന് 97 പൈസ വീതം 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഫാക്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്നത്തെ ഓഹരിവില അനുസരിച്ച് 43,732 കോടിരൂപയാണ് ഫാക്ടിന്റെ വിപണി മൂല്യം. 2023 ജൂണിലാണ് ആദ്യമായി വിപണി മൂല്യം 30,000 കോടി രൂപ പിന്നിട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 116 ശതമാനത്തിലധികം നേട്ടവും മൂന്ന് വര്‍ഷക്കാലയളവില്‍ 428 ശതമാനം നേട്ടവും ഫാക്ട് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇടിവിന് കാരണം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപകമ്പനിയായ പി.കെ ഫെര്‍ട്ടിലൈസേഴ്‌സിന്റെ സബ്‌സിഡി പരിഷ്‌കരിച്ചതു വഴി കേന്ദ്ര വളം വകുപ്പ് 63.07 കോടി രൂപ തിരികെ ഈടാക്കിയതാണ് ലാഭത്തെ ബാധിച്ചത്.
കൂടാതെ 2010 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഒക്‌ടോബര്‍ നാല് വരെയുള്ള കാലയളവിലെ നാഫ്ത നഷ്ടപരിഹാരത്തിനായി മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 94.16 കോടിരൂപ താരിഫ് കമ്മീഷനായി നീക്കിയിരിപ്പും നടത്തിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it